ബസിലെ ഈ സീറ്റുകള്‍ ചുവപ്പിച്ച് കെഎസ്ആര്‍ടിസി!
സീറ്റുകളുടെ കൈപ്പിടി പൂര്‍ണമായും ചുവപ്പുനിറവും സീറ്റുകളുടെ പിറകില്‍ ചുവപ്പ് ബോര്‍ഡറുമാണ് ചുവന്ന നിറത്തില്‍ അടയാളമായി പെയിന്‍റ് ചെയ്യുന്നത്.
കെഎസ്ആര്‍ടിസി ബസുകളിലെ സംവരണ സീറ്റുകളില്‍ പ്രത്യേക അടയാളം രേഖപ്പെടുത്താനുള്ള നടപടികള്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. സംവരണസീറ്റുകള്‍ തിരിച്ചറിയാന്‍ ചുവപ്പടയാളം രേഖപ്പെടുത്തിത്തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. സീറ്റുകളുടെ കൈപ്പിടി പൂര്‍ണമായും ചുവപ്പുനിറവും സീറ്റുകളുടെ പിറകില്‍ ചുവപ്പ് ബോര്‍ഡറുമാണ് ചുവന്ന നിറത്തില്‍ അടയാളമായി പെയിന്‍റ് ചെയ്യുന്നത്.
സംവരണ സീറ്റുകളുടെ മുകളില്‍ എഴുതിയിട്ടുണ്ടെങ്കിലും പലപ്പോഴും അത് ശ്രദ്ധിക്കാതെ മറ്റ് യാത്രക്കാര്‍ കൈയ്യടക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനിമുതല്‍ ഒറ്റനോട്ടത്തില്‍ ഇത്തരം സീറ്റുകള്‍ യാത്രക്കാര്‍ക്ക് തിരിച്ചറിയാനാകണമെന്ന് മെയിന്റനന്‍സ് ആന്‍ഡ് വര്‍ക്സ് ഡയറക്ടറാണ് നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ചാണ് നടപടി.
സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, അമ്മയും കുഞ്ഞും, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കുള്ള സീറ്റുകളിലാണ് ഈ അടയാളമിട്ട് വേര്‍തിരിക്കുക.
കണ്ടക്ടറുടെ സീറ്റിനും ഇതേ നിറം തന്നെയാണ്.
ബസുകളിലെ സംവരണ സീറ്റുകള്‍ ഇങ്ങനെ
- ബസുകളില്‍ 5% സീറ്റ് അംഗപരിമിതര്‍ക്ക് (ആകെ സീറ്റില്‍ രണ്ടെണ്ണം)
- 20% സീറ്റ് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് (10% സ്ത്രീകള്‍ക്ക്, 10% സീറ്റ് പുരുഷന്‍മാര്‍ക്ക്)
- NB - ലിമിറ്റഡ് സ്റ്റോപ് ,ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി എന്നിവയ്ക്ക് മുകളിലുള്ള മറ്റു ക്ലാസുകളിൽ ഇവർക്ക് 5 % മാത്രമാണ് റിസർവേഷൻ (ഓൺലൈൻ റിസർവേഷൻ ഉള്ള വാഹനങ്ങൾക്ക് ഇതും ബാധകമല്ല)
- 25% സീറ്റുകള്‍ സ്ത്രീകള്‍ക്ക് (ഇതില്‍ 1 സീറ്റ് ഗർഭിണികൾ)
- 5 % സീറ്റ് അമ്മയും കുഞ്ഞും
- ഒരു സീറ്റ് ഗര്‍ഭിണിക്ക് (സ്വകാര്യ, കെഎസ്ആർടിസി ബസുകളിൽ ഗർഭിണികൾക്കു സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എല്ലാ ബസുകളിലും ഒരു സീറ്റെങ്കിലും ഗർഭിണികൾക്കു നീക്കിവയ്ക്കണമെന്ന നിർദേശമുൾപ്പെടുത്തി കേരള മോട്ടോർ വാഹന നിയമം മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവുപ്രകാരം ഭേദഗതി ചെയ്തിരുന്നു)
ബസുകളിലെ സംവരണ സീറ്റില്‍ നിയമംലഘിച്ച് യാത്രചെയ്‍താല്‍ പിഴയുള്‍പ്പെടെയുള്ള ശിക്ഷയുണ്ടാകും. നിയമം ലഘിച്ചാല്‍ മോട്ടോര്‍വാഹനവകുപ്പ് 100 പിഴ ഈടാക്കും. എന്നിട്ടും സീറ്റില്‍നിന്ന് മാറാന്‍ തയാറാകാതെ കണ്ടക്ടറോട് തര്‍ക്കിക്കുന്ന യാത്രക്കാരനെതിരേ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ക്രിമിനല്‍ നടപടി പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സാധിക്കും.