യാത്രക്കാരന്‍റെ ഡബിള്‍ ബെല്‍; കണ്ടക്ടറില്ലാതെ ആനവണ്ടി ഓടിയത് കിലോമീറ്ററുകള്‍!

നിറയെ യാത്രികരെയും കൊണ്ട് കണ്ടക്ടർ ഇല്ലാതെ കെഎസ്ആർടിസി ബസ് ഓടി. കണ്ടക്ടറില്ലെന്ന് അറിയാതെ ഡ്രൈവര്‍ യാത്ര തുടരുന്നതിനിടെ യാത്രക്കാര്‍ സിംഗിള്‍ ബെല്ലടിച്ചും ഡബിളടിച്ചും സ്വയം കണ്ടക്ടര്‍മാരായി

KSRTC bus traveled without conductor

കോട്ടയം: നിറയെ യാത്രികരെയും കൊണ്ട് കണ്ടക്ടർ ഇല്ലാതെ കെഎസ്ആർടിസി ബസ് ഓടിയത് 18 കിലോമീറ്റർ. ശനിയാഴ്ച രാത്രി പത്തോടെ  മൂവാറ്റുപുഴയിലാണ് സംഭവം. ബത്തേരിയിൽ നിന്ന് കോട്ടയത്തേക്ക് പോയ RSK 644 നമ്പർ ബസാണ് നിറയെ യാത്രക്കാരുമായി മൂവാറ്റുപുഴ മുതൽ കൂത്താട്ടുകുളം വരെ കണ്ടക്ടറില്ലാതെ ഓടിയത്. കണ്ടക്ടറില്ലെന്ന് അറിയാതെ ഡ്രൈവര്‍ യാത്ര തുടരുന്നതിനിടെ തിങ്ങിനിറഞ്ഞ ബസില്‍ യാത്രക്കാര്‍ സിംഗിള്‍ ബെല്ലടിച്ചും ഡബിളടിച്ചും സ്വയം കണ്ടക്ടര്‍മാരായി. ഒടുവില്‍ കൂത്താട്ടുകുളത്ത് എത്തിയിട്ടും കണ്ടക്ടർ ഇല്ലെന്ന വിവരമറിയാതെ ഡ്രൈവർ ബസുമായി യാത്ര തുടരാൻ തുടങ്ങി. അതോടെ സംഭവം ശ്രദ്ധയില്‍പ്പെട്ട ഡിപ്പോ അധികൃതർ ബസ് പിടിച്ചിട്ടു. 

ബത്തേരിയിൽ നിന്നും വന്ന ബസ് മൂവാറ്റുപുഴയിൽ എത്തിയപ്പോള്‍ കണ്ടക്ടർ ബസിൽ നിന്നും പുറത്തിറങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇദ്ദേഹം ബസില്‍ തിരികെ കയറും മുമ്പ് യാത്രക്കാരിൽ ഒരാൾ ഡബിൾ ബെല്ലടിച്ചു. അതാണ് ബസ് യാത്ര തുടരുന്നതിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരിക്കിനിടെ യാത്രക്കാരന്‍റെ കൈ അബദ്ധത്തില്‍ തട്ടിയതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

എന്തായാലും മണി കിട്ടിയ ആനവണ്ടി യാത്ര തുടര്‍ന്നു. ബസില്‍ തിങ്ങി യാത്രക്കാർ ഉണ്ടായിരുന്നതിനാൽ കണ്ടക്ടർ ഇല്ലെന്ന വിവരം ഡ്രൈവറോ ഭൂരഭാഗം യാത്രക്കാരോ അറിഞ്ഞില്ല. തിരികെ കയറാനെത്തിയ കണ്ടക്ടർ ബസ് കാണാതായതോടെ ഡിപ്പോയിൽ വിവരം അറിയിച്ചു. തുടര്‍ന്ന് ബസ് കൂത്താട്ടുകുളത്ത് എത്തുന്നതിനു മുമ്പ് അവിടെയും വിവരമറിയിച്ചു. തുടര്‍ന്നാണ് ബസ് ഇവിടെ പിടിച്ചിട്ടത്. ഒടുവില്‍ മറ്റൊരു ഡ്രൈവർ മൂവാറ്റുപുഴയിൽ നിന്ന് കണ്ടക്ടറെ ബൈക്കിൽ കൂത്താട്ടുകുളത്ത് എത്തിച്ച ശേഷമാണ് ബസ് കോട്ടയത്തേക്കു യാത്ര തുടര്‍ന്നത്. 

സമാനസംഭവം അരങ്ങേറി ദിവസങ്ങള്‍ക്കകമാണ് പുതിയ സംഭവമെന്നതാണ് ശ്രദ്ധേയം. രണ്ട് ദിവസം മുമ്പ് കോട്ടയത്തേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസ് മൂവാറ്റുപുഴയിൽ എത്തിയപ്പോള്‍ ഇറങ്ങിയ വനിതാ കണ്ടക്ടറെ കയറ്റാതെ 7 കിലോമീറ്ററാണ് ബസ് ഓടിത്. തുടര്‍ന്ന് ബസ് മീങ്കുന്നത്ത് എത്തിയപ്പോഴാണ് കണ്ടക്ടറില്ലെന്ന കാര്യം ഡ്രൈവർ അറിഞ്ഞത്. നിർത്തിയിട്ട് കാത്തു കിടന്ന ബസ് കണ്ടക്ടർ എത്തിയ ശേഷമാണ് പിന്നീട് യാത്ര തുടർന്നത്. യാത്രക്കാരിൽ ആരുടെയോ കൈ തട്ടി ബെൽ മുഴങ്ങിയതാണ് അന്നും പ്രശ്‍നമുണ്ടാകാന്‍ കാരണം.
 

Latest Videos
Follow Us:
Download App:
  • android
  • ios