ഓവര്‍ സ്‍പീഡ് മാത്രമല്ല ഇന്‍ഷുറന്‍സ് ഇല്ലെങ്കിലും ഇനി ക്യാമറ പൊക്കും!

അമിതവേഗം മാത്രമല്ല ഇന്‍ഷുറന്‍സ് ഇല്ലാത്തതുള്‍പ്പെടെ റോഡിലെ മറ്റ് ഗതാഗത നിയമലംഘനങ്ങളും ഒപ്പിയെടുക്കുന്ന ക്യാമറകള്‍ വരുന്നു

Kerala MVD Install Artificial Intelligence Cameras

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ഇതിനായി മോട്ടോര്‍വാഹനവകുപ്പിന്റെ അത്യാധുനിക കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമായിക്കഴിഞ്ഞതായി കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ റോഡിലെ അമിതവേഗം മാത്രമല്ല ഇന്‍ഷുറന്‍സ് ഇല്ലാത്തതുള്‍പ്പെടെ റോഡിലെ മറ്റ് ഗതാഗത നിയമലംഘനങ്ങളും ഒപ്പിയെടുക്കുന്ന ക്യാമറകള്‍ വരുന്നുണ്ടെന്നാണ് പുതിയ വാര്‍ത്തകള്‍.

ഇതിനായി നിര്‍മ്മിതബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സംവിധാനമുള്ള ക്യാമറകളാണ് സംസ്ഥാനത്തെ വിവിധ പാതകളില്‍ സ്ഥാപിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാന പാതകളിലെ സ്ഥിരം അപകടകേന്ദ്രങ്ങളിലാണ് ഈ ക്യാമറകള്‍ വരിക. ഈ സ്ഥലങ്ങള്‍ നിശ്ചയിക്കുന്ന നടപടികള്‍ മോട്ടോര്‍വാഹനവകുപ്പ് പൂര്‍ത്തിയാക്കിക്കഴിഞ്ഞതായും ഇത്തരം 700 ക്യാമറകല്‍ ആദ്യഘട്ടത്തില്‍ സ്ഥാപിക്കുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍, ഹെല്‍മെറ്റ് ധരിക്കാത്തവര്‍, സീറ്റ് ബെല്‍റ്റ് ഇടാത്തവര്‍, കൃത്യമായ നമ്പര്‍പ്ലേറ്റ് ഇല്ലാത്തവര്‍ തുടങ്ങിയ ഗതാഗതനിയമലംഘനങ്ങള്‍ കണ്ടെത്തലാണ് പ്രധാനലക്ഷ്യം. ക്യാമറയില്‍ പതിയുന്ന നിയമലംഘനങ്ങള്‍ക്ക് തപാല്‍മുഖേന നോട്ടീസ് നല്‍കും. പിഴയടക്കേണ്ടത് ഉള്‍പ്പെടെ മറ്റ് നിയമനടപടികള്‍ നേരിടേണ്ടിയും വരും. 

റോഡുകളിലെ അമിതവേഗം കണ്ടത്താന്‍ 240 ക്യാമറകള്‍ നേരത്തേ സ്ഥാപിച്ചിരുന്നു. അതിനുപുറമെയാണ് 700 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍കൂടി സ്ഥാപിക്കുന്നത്.  മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റിന്റെ പുതിയ കണ്‍ട്രോള്‍റൂമുകള്‍ മുഖേനയാവും ക്യാമറകളുടെ നിയന്ത്രണം. പാലക്കാടുള്‍പ്പെടെ ആറ് ജില്ലകളിലാണ് നിലവില്‍ കണ്‍ട്രോള്‍റൂമുകളുള്ളത്. ഈ കണ്‍ട്രോള്‍റൂമുകളുടെ പ്രവര്‍ത്തനം പൂര്‍ണാവസ്ഥയിലെത്തണമെങ്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍കൂടി പ്രവര്‍ത്തനം തുടങ്ങണം.  സേഫ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് സുരക്ഷാ അതോറിറ്റിയുടെ നേതൃത്വത്തിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനാണ് ഇവയുടെ ചുമതല. 

തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കോട്ടയം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കണ്‍ട്രോള്‍റൂമുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി.  മറ്റ് ജില്ലകളിലും ഉടന്‍ കണ്‍ട്രോള്‍റൂമുകള്‍ വരും. പാലക്കാട് ജില്ലയില്‍മാത്രം 48 ക്യാമറകളാണ് സ്ഥാപിക്കുന്നത്. മാര്‍ച്ച് മാസത്തോടെ ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരേസമയം രണ്ടുലക്ഷം വാഹനങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഈ കണ്ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനമെന്നാണ് റിപ്പോര്‍ട്ട്. 

ഓട്ടോമേറ്റഡ് നമ്പര്‍ റെക്കഗ്നീഷന്‍ ക്യാമറകളോടു കൂടിയാണ് ഈ കണ്ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം. റഡാര്‍ സംവിധാനത്തിന്‍റെ സഹായത്തോടു കൂടിയാണ് ഈ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നത്. ഗതാഗതനിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ മനുഷ്യസഹായമില്ലാതെ പിഴചുമത്താന്‍ കഴിയുന്ന സംവിധാനമാണിത്. മാര്‍ച്ചോടെ 14 ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാകും. 2021-ല്‍ 50 ശതമാനം റോഡ് അപകടങ്ങള്‍ കുറയ്ക്കുകയാണ് മോട്ടോര്‍വാഹനവകുപ്പിന്റെ ലക്ഷ്യം.

പ്രധാന റോഡുകളിലാണ് ക്യാമറകള്‍ ഘടിപ്പിക്കുക. വയര്‍ലെസ് ക്യാമറകള്‍ ആയതിനാല്‍ ഇടയ്ക്കിടെ സ്ഥാനം മാറ്റാനാകും. അതുകൊണ്ടുതന്നെ ക്യാമറയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി അപ്പോള്‍ മാത്രം വാഹനത്തിന്‍റെ വേഗത കുറച്ച് രക്ഷപ്പെടുന്ന രീതിയും ഇനിമുതല്‍ നടക്കില്ല. അമിതവേഗം പിടികൂടുന്നതിനു നാലുമൊബൈല്‍ യൂണിറ്റുകള്‍കൂടി വരുന്നുണ്ട്.  

Latest Videos
Follow Us:
Download App:
  • android
  • ios