കൊച്ചി ലുലു മാളിൽ ഇ വി സൂപ്പർ ചാർജിങ്ങ് സ്റ്റേഷനുമായി ഗോ ഇ സി ഓട്ടോടെക്
അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ചാർജിംഗ് സ്റ്റേഷൻ, ഇലക്ട്രിക് വാഹനങ്ങൾക്ക്, വേഗതയേറിയതും കാര്യക്ഷമവുമായ ചാർജിംഗ് യാഥാർത്ഥ്യമാക്കുന്നതാണ്. രാജ്യത്തുടനീളം നൂറിലധികം ചാർജിംഗ് സ്റ്റേഷനുകളുള്ള ഗോ ഇ സി യുടെ ഇ വി ചാർജിംഗ് ശൃംഖല കേരളത്തിന് അകത്തും പുറത്തും ഏറെ സ്വീകാര്യതയുള്ള സംരംഭമാണ്.
ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ ലഭ്യമാക്കുന്ന മുൻ നിര കേരള സ്റ്റാർട്ടപ്പായ ഗോ ഇ സി ഓട്ടോടെക് പ്രൈവറ്റ് ലിമിറ്റഡ്- ഇ വി ചാർജിങ് നെറ്റ്‌വർക്ക്, കൊച്ചി ലുലു മാളിൽ ഇലക്ട്രിക് വെഹിക്കിൾസ് സൂപ്പർ ചാർജിംഗ് സ്റ്റേഷൻ ആരംഭിച്ചു. ലുലു മാളിലെ എൻഎച്ച് 17 എക്സിറ്റ് ഏരിയയിൽ സ്ഥാപിച്ച ഗോ ഇ സി സ്റ്റേഷൻ, എറണാകുളം എംപി ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്‍തു. സംസ്ഥാനത്ത് സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനുള്ള കമ്പനിയുടെ ശ്രമങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ് ഈ ലോഞ്ച് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ചടങ്ങിൽ ലുലു ഇന്ത്യ ഷോപ്പിംഗ് മാൾ ഡയറക്ടർ ഷിബു ഫിലിപ്പ്, ലുലു കൊച്ചി ഓപ്പറേഷൻസ് വിഭാഗം സീനിയർ മാനേജർ സുകുമാരൻ ഒ, ലുലു കൊച്ചി ജിഎം ഹരി സുഹാസ് എം, ഗോ ഇ സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ പി ജാഫർ, ഗോ ഇ സി സിഇഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പി ജി രാംനാഥ്, ഗോ ഇ സി ഡയറക്ടർ സാറ എലിസബത്ത്, മാർക്കറ്റിംഗ് ഹെഡ് ജോയൽ യോഹന്നാൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ചാർജിംഗ് സ്റ്റേഷൻ, ഇലക്ട്രിക് വാഹനങ്ങൾക്ക്, വേഗതയേറിയതും കാര്യക്ഷമവുമായ ചാർജിംഗ് യാഥാർത്ഥ്യമാക്കുന്നതാണ്. രാജ്യത്തുടനീളം നൂറിലധികം ചാർജിംഗ് സ്റ്റേഷനുകളുള്ള ഗോ ഇ സി യുടെ ഇ വി ചാർജിംഗ് ശൃംഖല കേരളത്തിന് അകത്തും പുറത്തും ഏറെ സ്വീകാര്യതയുള്ള സംരംഭമാണ്.
ലുലു മാളുമായി ഗോ ഇ സി കൈകോർക്കുന്ന രണ്ടാമത്തെ ഔട്ട്ലെറ്റാണ് കൊച്ചിയിലേത്. നേരത്തേ തിരുവനന്തപുരം ലുലു മാളിൽ സ്ഥാപിച്ച അവരുടെ ആദ്യ ചാർജിംഗ് സ്റ്റേഷൻ വിജയകരമായി പ്രവർത്തനം തുടരുകയാണ്. കൊച്ചിയിലെ പുതിയ ചാർജിംഗ് സ്റ്റേഷൻ പൂർണ്ണമായും 'മാൻലെസ്' മെഷീനാണ് . നാല് പോർട്ടുകളാണ് ഇവിടെയുള്ളത്. ഫോർ വീൽ വാഹനങ്ങൾക്ക് അതിവേഗ ചാർജിംഗ് ഓപ്ഷനുകളും, ഇരുചക്ര വാഹനങ്ങൾക്ക് സ്ലോ ചാർജിംഗ് പോർട്ടും അവ വാഗ്ദാനം ചെയ്യുന്നു.
ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനുകളിൽ 30കെവി സിംഗിൾ സ്ലോട്ടും, 60കെവി ടൂ-സ്ലോട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾക്കുള്ള സ്ലോ ചാർജിംഗ് ഓപ്ഷൻ 3.3 കെവി ശേഷിയുള്ളതാണ്. ഒരേ സമയം നാല് വാഹനങ്ങൾക്ക് ഇവിടെ ചാർജ് ചെയ്യാം. ഒരു യൂണിറ്റിന് 18 രൂപയും ജിഎസ്ടിയുമാണ് നിരക്ക്. ഒരു വാഹനം പൂർണമായി ചാർജ് ചെയ്യാൻ 30 മുതൽ 45 മിനിറ്റ് വരെയാണ് സമയം എടുക്കുക. ഭാവിയിൽ ലുലു ഗ്രൂപ്പിന് കീഴിലുള്ള മറ്റ് മാളുകളിലും ഗോ ഇ സി സൂപ്പർ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും.
പുതിയ ചാർജിംഗ് സ്റ്റേഷൻ കൊച്ചിയിലെ ഇലക്ട്രിക് വാഹന ചാർജിംഗിന്റെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുമെന്ന പ്രതീക്ഷയും ഗോ ഇ സി മുന്നോട്ട് വയ്ക്കുന്നു. ഇലക്ട്രിക് വാഹന ഉടമകൾക്ക് കൊച്ചിയുടെ ഹൃദയ ഭാഗത്തു തന്നെ എളുപ്പത്തിൽ ചാർജിംഗ് സ്റ്റേഷൻ പ്രയോജനപ്പെടുത്താൻ ഇതിലൂടെ സാധിക്കുന്നു. ഇലക്ട്രിക് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗോ ഇ സി യുടെ ശ്രമങ്ങൾക്കും, ആഗോള ഇ വി വിപണിയിൽ രാജ്യത്തെ മുൻനിരയിലെത്തിക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ കാഴ്ചപ്പാടിനും ഊർജ്ജം നൽകുന്നതാണ് പുതിയ ചുവടുവയ്പ്.
വാഹന മേഖലയുടെ ഭാവി ഇലക്ട്രിക് ആണെന്നും, ഉപഭോക്താക്കൾക്ക് സുസ്ഥിരമായ മൊബിലിറ്റി സൊല്യൂഷനുകൾ നൽകുന്നതിന് ഗോ ഇ സി പ്രതിജ്ഞാബദ്ധരാണെന്നും കമ്പനിയുടെ സിഇഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പി ജി രാംനാഥ് പറഞ്ഞു. കാർബൺ പുറംതള്ളൽ കുറച്ചുകൊണ്ട്, ആളുകളുടെ യാത്രാ സംസ്കാരത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ട് വരാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും കൊച്ചി ലുലുമാളിൽ ഇ വി സൂപ്പർചാർജിംഗ് സ്റ്റേഷൻ ആരംഭിക്കുന്നത്, കമ്പനിയുടെ സ്ഥാപിത ലക്ഷ്യത്തിന് കൂടുതൽ കരുത്തേകും എന്നും അദ്ദേഹം വ്യക്തമാക്കി.
ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം പരിസ്ഥിതി സൗഹൃദം മാത്രമല്ല, ദീർഘകാലാടിസ്ഥാനത്തിൽ ചെലവ് കുറഞ്ഞതുമാണ്. ചാർജിംഗ്
സൗകര്യങ്ങൾ വിപുലീകരിച്ച് എല്ലാവർക്കും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രായോഗികമാക്കാനാണ് ശ്രമിക്കുന്നത്. പുതിയ ചാർജിംഗ് സ്റ്റേഷൻ, പ്രദേശത്തെ ഇ വി ഉടമകൾക്ക് വേഗതയേറിയതും കാര്യക്ഷമവുമായ ചാർജിംഗ് അനുഭവം നൽകുമെന്നും പി ജി രാംനാഥ് വ്യക്തമാക്കി.
ഗോ ഇ സിയുമായുള്ള പങ്കാളിത്തത്തിൽ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഇന്ത്യ ഷോപ്പിംഗ് മാൾ ഡയറക്ടർ ഷിബു ഫിലിപ്പ് പറഞ്ഞു. അത്യാധുനിക സൗകര്യത്തോടെയുള്ള ഇ വി ചാർജിംഗ് സ്റ്റേഷനുകൾ വേണമെന്ന കൊച്ചി നഗരവാസികളുടെ ഏറെ നാളത്തെ ആവശ്യം നിറവേറ്റുന്നതാണ് ലുലു മാളിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്ന സൂപ്പർ ചാർജിങ്ങ് സ്റ്റേഷനെന്നും ഉപഭോക്താക്കൾക്ക് ഇനി അവരുടെ ഇലക്ട്രിക് വാഹനങ്ങളുടെ റേഞ്ച് ഉത്കണ്ഠയെക്കുറിച്ച് ആകുലപ്പെടാതെ ഷോപ്പിംഗ് നടത്താമെന്നും അദ്ദേഹം പറഞ്ഞു. ഇത് തടസ്സരഹിതവും അനായാസവുമായ ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുകയെന്ന ലുലു മാളിന്റെ ലക്ഷ്യത്തെ കൂടുതൽ ഊട്ടിയുറപ്പിക്കാൻ സഹായിക്കുന്നതാണെന്നും ഷിബു ഫിലിപ്പ് അഭിപ്രായപ്പെട്ടു.