ഇതാണ് ഒറിജിനൽ ജീപ്പ് വാങ്ങാൻ പറ്റിയ സമയം, വില ഒന്നരലക്ഷത്തിലധികം വെട്ടിക്കുറച്ചു!
അമേരിക്കൻ വാഹന ബ്രാൻഡായ ജീപ്പ് ഇന്ത്യ കോമ്പസ് എസ്‌യുവിയുടെ അടിസ്ഥാന വേരിയൻ്റിന് 1.7 ലക്ഷം രൂപ വെട്ടിക്കുറച്ചു
ഐക്കണിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ജീപ്പ് ഇന്ത്യ കോമ്പസ് എസ്‌യുവിയുടെ അടിസ്ഥാന വേരിയൻ്റിന് 1.7 ലക്ഷം രൂപ കുറച്ചു. അതേസമയം മോഡലിന്‍റെ മറ്റെല്ലാ വകഭേദങ്ങൾക്കും 14,000 രൂപ വീതം വില വർധിച്ചിട്ടുണ്ട്. വില കുറച്ചതോടെ, കോമ്പസിൻ്റെ അടിസ്ഥാന വേരിയൻ്റിന് ഇപ്പോൾ 18.99 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.
വില ക്രമീകരണത്തിന് ശേഷം, കോംപസ് ഇപ്പോൾ 18.99 ലക്ഷം രൂപയിൽ തുടങ്ങി ഏറ്റവും ഉയർന്ന വേരിയൻ്റിന് 32.41 ലക്ഷം രൂപ വരെ ഉയരുന്നു. ഹ്യുണ്ടായ് ട്യൂസൺ, ടാറ്റ ഹാരിയർ, മഹീന്ദ്ര XUV700, MG ഹെക്ടർ പ്ലസ് തുടങ്ങിയ സെഗ്‌മെൻ്റിലെ മറ്റ് എസ്‌യുവികളുമായി ഇത് മത്സരിക്കുന്നു.
10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, കണക്റ്റഡ് കാർ ടെക്‌നോളജി, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 8-വേ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ് തുടങ്ങിയ പ്രീമിയം ഫീച്ചറുകളാണ് ജീപ്പ് കോമ്പസിൻ്റെ ടോപ്പ്-സ്പെക് വേരിയൻ്റിൽ ഉൾപ്പെടുന്നത്. വയർലെസ് ഫോൺ ചാർജിംഗ്, ക്രൂയിസ് കൺട്രോൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഒരു പനോരമിക് സൺറൂഫ് തുടങ്ങിയവയും വാഹനത്തിൽ ലഭിക്കുന്നു. സുരക്ഷയ്ക്കായി ആറ് എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവ കോമ്പസിൽ സജ്ജീകരിച്ചിരിക്കുന്നു.
170 bhp കരുത്തും 350 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് ജീപ്പ് കോമ്പസിന് കരുത്തേകുന്നത്. ഇതിൽ ആറ് സ്പീഡ് മാനുവൽ, ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്ക് എന്നിങ്ങനെ രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു.എസ്‌യുവി ഫ്രണ്ട് വീൽ, ഓൾ വീൽ ഡ്രൈവ് കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. എന്നാൽ ഓൾ-വീൽ ഡ്രൈവ് 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ മാത്രമേ ലഭ്യമാകൂ.