"നിങ്ങള്‍ പോളിടെക്കിനിക്കില്‍ പഠിച്ചിട്ടുണ്ടോ?" മോട്ടോര്‍വാഹന വകുപ്പില്‍ തമ്മിലടി!

മിനിസ്റ്റീരിയല്‍ അഥവാ ക്ലറിക്കല്‍ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് എക്സിക്യൂട്ടീവ് അഥവാ സാങ്കേതിക വിഭാഗത്തിലേക്ക് പ്രമോഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട വര്‍ഷങ്ങളായുള്ള തര്‍ക്കമാണ് ഇപ്പോള്‍ മൂര്‍ദ്ധന്യത്തില്‍ എത്തിയിരിക്കുന്നത്.  

Issues In Kerala Motor Vehicle Department Staff

തിരുവന്തപുരം: മോട്ടോർ വാഹന വകുപ്പിലെ ജീവനക്കാര്‍ക്കിടയില്‍ തമ്മിലടി രൂക്ഷമാകുന്നു. സാങ്കേതിക വിഭാഗം ജീവനക്കാരും ക്ലറിക്കല്‍ ജീവനക്കാരും തമ്മിലാണ് പ്രശ്‍നങ്ങള്‍. മിനിസ്റ്റീരിയല്‍ അഥവാ ക്ലറിക്കല്‍ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് എക്സിക്യൂട്ടീവ് അഥവാ സാങ്കേതിക വിഭാഗത്തിലേക്ക് പ്രമോഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട വര്‍ഷങ്ങളായുള്ള തര്‍ക്കമാണ് ഇപ്പോള്‍ മൂര്‍ദ്ധന്യത്തില്‍ എത്തിയിരിക്കുന്നത്.  ഇതിനെതിരേ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ കഴിഞ്ഞ ദിവസം വിവിധ ജില്ലകളിലെ ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് 16ന് പണിമുടക്കു നടത്താനും ഒരുങ്ങുകയാണ് വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ സംഘടന.

എന്നാല്‍ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ വാദങ്ങള്‍ക്കെതിരെ സുപ്രീം കോടതി ഉത്തരവ് ഉള്‍പ്പടെ വിവിധ കാലത്തെ കോടതി ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റാഫുകളും രംഗത്തെത്തി. ഇതുസബന്ധിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്‍സാപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ രൂക്ഷമായ തര്‍ക്കമാണ് നടക്കുന്നതെന്നാണ് വിവരം. സാങ്കേതിക ജ്ഞാനമില്ലാത്ത ജോയിന്റ് ആർടിഒ മാർ കൂടുന്നു എന്ന തരത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‍പെക്ടര്‍മാര്‍ പരിഹസിക്കുമ്പോള്‍ കോടതി വിധി  അറിയില്ലെങ്കിൽ വായിച്ചു മനസ്സിലാക്കുക എന്നു ചൂണ്ടിക്കാട്ടി ക്ലറിക്കല്‍ വിഭാഗം ജീവനക്കാരും തമ്മിലുള്ള പോരാണ് മുറുകുന്നത്. 

മോട്ടോര്‍വാഹന വകുപ്പിലെ സ്പെഷ്യൽ റൂളിലെ പ്രൊമോഷൻ വ്യവസ്ഥകൾ പ്രകാരം വകുപ്പിലെ ക്ലറിക്കൽ ജീവനക്കാർ ജോയിന്റ് ആർടിഒ വരെയാകുമ്പോൾ എഎംവിഐമാരായി സർവീസിൽ പ്രവേശിക്കുന്നവർക്ക് ഒറ്റ പ്രൊമോഷൻ മാത്രം ലഭിച്ച് എംവിഐമാരായി വിരമിക്കേണ്ടി വരുന്നു എന്നാണ് എംവിഐമാരുടെ പരാതി. 

മോട്ടോര്‍വാഹന വകുപ്പില്‍ എഎംവിഐമാരായി സര്‍വ്വീസില്‍ കയറിയ ഒരാള്‍ക്ക് 20 വർഷം കഴിയുമ്പോഴാണ് എംവിഐയായി പ്രൊമോഷൻ ലഭിക്കുന്നതെന്നും എന്നാൽ ജൂനിയർ ക്ലാർക്കായി എത്തുന്നയാൾ 22 വർഷത്തിനുള്ളിൽ ഏഴ് പ്രമോഷനുകൾ ലഭിച്ച് ജോയിന്റ് ആർടിഒ ആകുമെന്നുമാണ് എംവിഐമാരുടെ പരാതി.  ജൂനിയർ ക്ലാർക്കുമാർ എംവിഐമാരെ, സാറെ എന്നാണ് വിളിക്കുന്നതെന്നും എന്നാൽ വർഷങ്ങൾക്കു ശേഷം ജൂനിയർ ക്ലാർക്ക് ജോയിന്റ് ആർടിഒയുടെ കസേരയില്‍ എത്തുമ്പോള്‍ എംവിഐ മാത്രമായ പഴയ എഎംവിഐമാര്‍ തിരിച്ച് അവരെ സാറേ എന്നു വിളിക്കേണ്ട ഗതികേടിലാണെന്നും എംവിഐമാര്‍ പറയുന്നു.

മാത്രമല്ല വാഹനങ്ങളുടെ സാങ്കേതിക വശങ്ങൾ അടക്കം പരിശോധിക്കേണ്ടവരാണ് ജോയിന്റ് ആർടിഒമാർ എന്നും വാഹനം ഓടിച്ചുള്ള പരിചയം മാത്രമാണ് ക്ലറിക്കൽ തസ്തികയിൽ നിന്നെത്തുന്ന ജോയിന്റ് ആർടിഒമാർക്കുള്ളതെന്നും എക്സിക്യൂട്ടീവ് വിഭാഗം പറയുന്നു. മെക്കാനിക്കൽ/ എൻജിനിയറിംഗ് ബിരുദം അല്ലെങ്കിൽ ഡിപ്ലോമയും ഒരു വർഷത്തെ വർക്ക്ഷോപ്പ് പ്രവൃത്തി പരിചയം, ശാരീരിക ക്ഷമത എന്നിവയാണ് എഎംവിഐ ആകാനുള്ള യോഗ്യതയെന്നും ഇതൊന്നുമില്ലാത്ത ക്ലറിക്കല്‍ തസ്‍തികയില്‍ നിന്നുള്ള ജീവനക്കാര്‍ക്ക് പ്രമോഷന്‍ കൊടുക്കുന്നത് വാഹനങ്ങളുടെ സുരക്ഷയെ ഉള്‍പ്പെടെ ബാധിക്കുമെന്നുമാണ് എംവിഐമാര്‍ പറയുന്നത്.

എന്നാല്‍ ജോയിന്റ് ആര്‍ടിഓയ്ക്ക് സാങ്കേതിക പരിജ്ഞാനം നിര്‍ബന്ധം അല്ലെന്ന സുപ്രീം കോടതി ഉത്തരവ് ഉള്‍പ്പടെ ചൂണ്ടിക്കാട്ടിയാണ് ക്ലറിക്കല്‍ വിഭാഗം ജീവനക്കാര്‍ ഇതിനെ  എതിര്‍ക്കുന്നത്.  1981ലെ പരിഷ്‍കരിച്ച കേരള ട്രാന്‍സ്‍പോര്‍ട്ട് സര്‍വ്വീസ് സ്‍പെഷ്യല്‍ റൂള്‍ അനുസരിച്ച് എംവിഐമാർക്കും സീനിയർ സൂപ്രണ്ടുമാർക്കും 2:1 എന്ന അനുപാതത്തിലാണ് ജോയിന്റ് ആർടിഒ ആയി പ്രമോഷൻ ലഭിക്കുക. അതായത് രണ്ട് എംവിഐമാര്‍ ജോയിന്‍റ് ആര്‍ടിഒ ആകുമ്പോള്‍ ഒരു സീനിയര്‍ ക്ലര്‍ക്കിന് മാത്രമാണ് ഈ സ്ഥാനം ലഭിക്കുക. ഈ റൂള്‍ നിരവധി തവണ സുപ്രീം കോടതി ഉള്‍പ്പെടെ വിവിധ കോടതികളില്‍ എത്തിയപ്പോഴൊക്കെയും വിധി തങ്ങള്‍ക്ക് അനുകൂലമായിരുന്നുവെന്നും ഇതൊക്കെ മറച്ചുവച്ചാണ് പുതിയ പ്രചരണമെന്നും മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാര്‍ പറയുന്നു. 

ജോയിന്‍റ് ആര്‍ടിഒ എന്നത് അഡ്‍മിനിസ്‍ട്രേറ്റീവ് പദവിയാണെന്നും സാങ്കേതിക അറിവ് നിര്‍ബന്ധമില്ലെന്നുമാണ് ജീവനക്കാര്‍ വാദിക്കുന്നത്. ഉദാഹരണത്തിന് അപകടത്തിൽപ്പെട്ട വാഹനങ്ങൾ പരിശോധിച്ചു റിപ്പോർട്ട് നൽകാൻ നിലവിൽ മജിസ്ട്രേറ്റ് മാർക്കും പൊലീസിനും മോട്ടോർവാഹന നിയമം അധികാരം നൽകുന്നുണ്ടെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. വേണമെങ്കില്‍ ജോയിന്‍റ് ആര്‍ടിഒയ്ക്ക് തന്റെ കീഴിലുള്ള എംവിഐ, എഎംവിമാരില്‍ നിന്നും സാങ്കേതിക സഹായം തേടാമല്ലോ എന്ന കോടതി നിരീക്ഷണവും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഗതാഗതമന്ത്രി പോലും ഈ രീതിയില്‍ അല്ലേ പ്രവര്‍ത്തിക്കുന്നത് എന്നും ജീവനക്കാര്‍  ചോദിക്കുന്നു. എക്സിക്യൂട്ടീവ് വിഭാഗം ഉള്‍പ്പെടുന്ന അഴിമതിയിലേക്കും മറ്റും ക്ലറിക്കല്‍ ജീവനക്കാര്‍ വിരല്‍ ചൂണ്ടുന്നു. മാത്രമല്ല റോഡപകടങ്ങള്‍ കുറയ്ക്കാന്‍ റോഡ് സേഫ്റ്റി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി എംവിഐമാരെയും എഎംവിഐമാരെയും പുനര്‍വിന്യസിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പോരാടുകയാണ് ഇരുപക്ഷവും. അതിനിടെ സ്‍പെഷ്യല്‍ റൂള്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്കിനൊരുങ്ങുകയാണ് എംവിഐമാരുടെ സംഘടന. ഇതിനെതിരെ നിയമപരമായും അല്ലാതെയും ശക്തമായ നീക്കം നടത്താന്‍ ക്ലറിക്കല്‍ ജീവനക്കാരുടെ സംഘടനയും തയ്യാറെടുക്കുന്നുണ്ടെന്നാണ് സൂചനകള്‍. എന്തായാലും ജീവനക്കാരുടെ ഈ ചേരിപ്പോര് മോട്ടോര്‍വാഹന വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളെ എങ്ങനെ ബാധിക്കുമെന്നത് കാത്തിരുന്നു കാണണം. 

Latest Videos
Follow Us:
Download App:
  • android
  • ios