ക്രാഷ് ടെസ്റ്റ് ഫലങ്ങൾ പ്രഖ്യാപിക്കാനൊരുങ്ങി ഭാരത് എൻസിഎപി; പുതിയ മാരുതി സ്വിഫ്റ്റ് ഉൾപ്പെട്ടിട്ടുണ്ടോ?
ഏറ്റവും പുതിയ പ്രഖ്യാപനത്തിൽ പുതിയ കാർ മോഡലുകളുടെ ക്രാഷ് ടെസ്റ്റ് ഫലങ്ങൾ ഉണ്ടാകുമെന്ന് ബിഎൻസിഎപി അതിൻ്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പോസ്റ്റ് ചെയ്ത ഒരു ടീസർ വീഡിയോയിൽ വെളിപ്പെടുത്തി.
ഇന്ത്യയുടെ സ്വന്തം വാഹന സുരക്ഷാ ക്രാഷ് ടെസ്റ്റ് മാനദണ്ഡമായ ഭാരത് എൻസിഎപി (ബിഎൻസിഎപി) പ്രകാരമുള്ള ആദ്യ സെറ്റ് ക്രാഷ് ടെസ്റ്റ് ഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ട് അഞ്ച് മാസമായി. കഴിഞ്ഞ വർഷം ഡിസംബറിൽ, പുതിയ ടാറ്റ സഫാരി, ടാറ്റ ഹാരിയർ എന്നിവയുടെ ക്രാഷ് ടെസ്റ്റ് ഫലങ്ങൾ ബിഎൻസിഎപി പ്രസിദ്ധീകരിച്ചു. അതിൽ രണ്ട് എസ്‌യുവികളും പഞ്ചനക്ഷത്ര സുരക്ഷാ റേറ്റിംഗുകൾ നേടി. ഇപ്പോൾ, ഒരു പുതിയ ടെസ്റ്റ് ഫലങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് ബിഎൻസിഎപി അതോറിറ്റി സൂചന നൽകി. ഏറ്റവും പുതിയ പ്രഖ്യാപനത്തിൽ പുതിയ കാർ മോഡലുകളുടെ ക്രാഷ് ടെസ്റ്റ് ഫലങ്ങൾ ഉണ്ടാകുമെന്ന് ബിഎൻസിഎപി അതിൻ്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പോസ്റ്റ് ചെയ്ത ഒരു ടീസർ വീഡിയോയിൽ വെളിപ്പെടുത്തി.
ഏറ്റവും പുതിയ ക്രാഷ് ടെസ്റ്റിൽ ഏതൊക്കെ കാറുകളാണ് പരീക്ഷിച്ചതെന്ന് ബിഎൻസിഎപി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മാരുതി സുസുക്കി, ഹ്യുണ്ടായ് മോഡലുകൾ അക്കൂട്ടത്തിലുണ്ടെന്ന ഊഹാപോഹങ്ങൾ ശക്തമാണ്. 2024 ഏപ്രിലിൽ മാരുതി സുസുക്കി തങ്ങളുടെ കാറുകൾക്കായി ബിഎൻസിഎപി ക്രാഷ് ടെസ്റ്റിന് അപേക്ഷിച്ചതായി വ്യക്തമാക്കിയിരുന്നു. അതേസമയം, ഏതൊക്കെ കാറുകളാണ് പരീക്ഷണത്തിന് അയച്ചിരിക്കുന്നത് എന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 2024 മെയ് 9-ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുന്ന മാരുതി സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കിൻ്റെ നാലാം തലമുറ പതിപ്പ് രാജ്യത്തുടനീളം ബുക്കിംഗിന് ഇതിനകം ലഭ്യമാണ്. ഇത് ബിഎൻസിഎപി പരീക്ഷിച്ച കാറുകളിലൊന്നായിരിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. നാലാം തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി വരുന്ന പുതിയ തലമുറ ഡിസയർ കോംപാക്റ്റ് സെഡാനും മാരുതി സുസുക്കി പുറത്തിറക്കാൻ ഒരുങ്ങുകയാണ്. പുതിയ ഡിസയറും ബിഎൻസിഎപി ടെസ്റ്റിംഗിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ഫ്രോങ്ക്സ്, ഗ്രാൻഡ് വിറ്റാര എന്നിവയും പരീക്ഷിക്കാവുന്നതാണ്.
ജപ്പാനിൽ ഇതിനകം വിൽപ്പനയ്‌ക്കെത്തിയ പുതിയ തലമുറ സ്വിഫ്റ്റ് മൂന്നാം തലമുറ മോഡലിനേക്കാൾ കൂടുതൽ സുരക്ഷാ സവിശേഷതകളോടെയാണ് വരുന്നത്. എബിഎസ്, ഇബിഡി, ശക്തമായ ബോഡി ഫ്രെയിം എന്നിവയ്‌ക്കൊപ്പം ആറ് എയർബാഗുകളും സ്റ്റാൻഡേർഡായി ലഭിക്കുന്നു. പുതിയ ഹാച്ച്ബാക്കിലെ എഡിഎഎസ് അതിൻ്റെ സുരക്ഷയും യാത്രക്കാരുടെ സംരക്ഷണവും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
ഭാരത് എൻസിഎപി അല്ലെങ്കിൽ ബിഎൻസിഎപി കഴിഞ്ഞ വർഷമാണ് ഇന്ത്യയിൽ ഒരു തദ്ദേശീയ കാർ ക്രാഷ് സുരക്ഷാ മാനദണ്ഡമായി അവതരിപ്പിച്ചത്. ഇത് ഗ്ലോബൽ എൻസിഎപിക്കും മറ്റ് എൻസിഎപി ക്രാഷ് ടെസ്റ്റ് റെഗുലേഷനുകൾക്കും അനുസൃതമായി അവർ വാഗ്ദാനം ചെയ്യുന്ന സുരക്ഷയുടെ അടിസ്ഥാനത്തിൽ കാറുകൾ പരീക്ഷിക്കാനും റേറ്റുചെയ്യാനും വികസിപ്പിച്ചെടുത്തിട്ടുണ്ട്.