ന്യൂജെൻ ഡ്രൈവർമാരേ, നിങ്ങളുടെ ഇന്നത്തെ സന്തോഷത്തിന് കാരണം അരനൂറ്റാണ്ടുമുമ്പ് മരിച്ച ഈ മനുഷ്യൻ!
ആരാണ് പവർ സ്റ്റിയറിംഗിന്‍റെ പിതാവ്? ഇതാ നിങ്ങളെ ഡ്രൈവിംഗ് അനുഭവങ്ങളെ ഈസിയാക്കി മാറ്റുന്ന പവർ സ്റ്റിയറിംഗ് ചരിത്രം. പവർ സ്റ്റിയറിംഗിൻ്റെ പിതാവ് എന്നറിയപ്പെടുന്ന ഫ്രാൻസിസ് ഡബ്ല്യു ഡേവിസിൻ്റെ രസകരമായ കഥ
നിങ്ങൾ ഏതെങ്കിലും വാഹനം ഓടിക്കുന്ന ഒരാളാണെങ്കിൽ നിങ്ങൾക്ക് പവർ സ്റ്റിയറിംഗ് എന്താണെന്ന് ഉറപ്പായും അറിയുമായിരിക്കും. എന്നാൽ പരിചയമില്ലാത്തവർക്കായി പറയാം, പവർ സ്റ്റിയറിംഗ് എന്നത് ആധുനിക കാലത്തെ കാറുകളിലെ സ്റ്റിയറിംഗ് സംവിധാനമാണ്. ഇത് ഹൈഡ്രോളിക് സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് സ്റ്റിയറിംഗ് തിരിക്കുന്നതിനുള്ള ഡ്രൈവർമാരുടെ അധ്വാനത്തെ അനായാസമാക്കി മാറ്റുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങളുടെ കാറിൻ്റെ സ്റ്റിയറിംഗ് വീണ്ടും വീണ്ടും തിരിക്കുന്നതിൽ നിന്ന് നിങ്ങളെ രക്ഷിക്കാനും അത് ശരിയായ സ്ഥാനത്ത് സജ്ജമാക്കാനും ഡ്രൈവർമാരെ സഹായിക്കുന്ന ഒരു കണ്ടുപിടുത്തമാണ് പവർ സ്റ്റിയറിംഗ്. നിങ്ങൾ സ്റ്റിയറിംഗ് വീലുകൾ തിരിക്കുന്നതിന് പകരം ഹൈഡ്രോളിക്, മോട്ടോറുകൾ തുടങ്ങിയവയാണ് ഈ ജോലി ചെയ്യുന്നത്. ഈ പവർ അസിസ്റ്റ് ഇല്ലെങ്കിൽ, വാഹനങ്ങളുടെ സ്റ്റിയറിംഗ് വളരെ കടുപ്പമുള്ളതായിരിക്കും. വളവുകൾ തിരിച്ചുതിരിച്ച് ഡ്രൈവർമാരുടെ ജോലിഭാരം ഇരട്ടിയാകും. എങ്ങനെയാണ് പവർ സ്റ്റിയറിംഗ് കണ്ടുപിടിച്ചത്? ആരാണ് പവർ സ്റ്റിയറിംഗിന്‍റെ പിതാവ്? ഇതാ നിങ്ങളുടെ ഡ്രൈവിംഗ് അനുഭവങ്ങളെ ഈസിയാക്കി മാറ്റുന്ന പവർ സ്റ്റിയറിംഗ് ചരിത്രത്തെപ്പറ്റി അറിയേണ്ടതെല്ലാം.
വാഹന വികസനത്തിൻ്റെ ആദ്യ നാളുകളിൽ കാറുകൾ ഓടിക്കുക എന്നത് ഇന്നത്തെ അത്രയും എളുപ്പമായിരുന്നില്ല. എന്നുമാത്രമല്ല വളരെയധികം ബുദ്ധിട്ടുള്ള കാര്യവുമായിരുന്നു ഡ്രൈവിംഗ്. ഒരേ സമയം സ്റ്റിയറിംഗ് തിരിക്കാനും ഗിയർ ഷിഫ്റ്റ് ചെയ്യാനുമൊക്കെ വളരെ ബുദ്ധിമുട്ടായിരുന്നു. നിങ്ങൾക്ക് കാർ ഇടത്തേക്ക് തിരിക്കണമെങ്കിൽ, വളരെ ആയാസമെടുത്ത് സ്റ്റിയറിംഗ് വീൽ ഇടതുവശത്തേക്ക് തിരിക്കണം. അങ്ങനെ ചെയ്യുമ്പോൾ അമിതമായ ബലപ്രയോഗം ആവശ്യമായിരുന്നു. കാർ നിശ്ചലമായിരിക്കുമ്പോൾ സ്റ്റിയറിംഗ് തിരിക്കുക എന്നത് അന്നത്തെ കാലത്ത് മറ്റൊരു കഠിനമായ ജോലിയായിരുന്നു. അതിനാൽ ഡ്രൈവിംഗ് വളരെ ദുഷ്‍കരമായിരുന്നു. അങ്ങനെ പവർ സ്റ്റിയറിങ്ങിൻ്റെ പേറ്റൻ്റിംഗിലേക്കും ഇന്ന് നമുക്കറിയാവുന്ന അത്യാധുനിക സംവിധാനത്തിലേക്കുള്ള മുന്നേറ്റത്തിനും കാരണമായി.
പവർ സ്റ്റിയറിങ്ങിൻ്റെ ചരിത്രം
മസാച്യുസെറ്റ്സ് സ്വദേശിയായ ഫ്രാൻസിസ് ഡബ്ല്യു ഡേവിസ് എന്ന എഞ്ചിനീയറാണ് പവർ സ്റ്റിയറിങ്ങിന്‍റെ പിതാവ്. വിജയകരമായ ചില സ്വതന്ത്ര കണ്ടുപിടുത്തക്കാരിൽ ഒരാളായിരുന്നു ഡേവിസ്. ഫിലാഡൽഫിയയിൽ ജനിച്ച അദ്ദേഹം പഠനത്തിനായി കൊളറാഡോ സ്പ്രിംഗ്സിലെ കട്ട്ലർ അക്കാദമിയിൽ ചേർന്നു. 1910-ൽ ഹാർവാർഡിൽ നിന്ന് ബിരുദം നേടി. ആ വർഷം ബഫല്ലോയിലെ പിയേഴ്‌സ്-ആരോയിൽ ജോലിക്ക് ചേർന്നു. അവിടെ അദ്ദേഹം അമേരിക്കയിൽ നിർമ്മിച്ച ആദ്യത്തെ അഞ്ച്-ടൺ ട്രക്കിൻ്റെ ടെസ്റ്റ് ഡ്രൈവറായിരുന്നു. 1926-ൽ ആണ് അദ്ദേഹം ആദ്യത്തെ പവർ സ്റ്റിയറിംഗ് സംവിധാനം സൃഷ്‍ടിച്ചത്. വാഹനങ്ങളിലെ സ്റ്റിയറിംഗ് സംവിധാനം എങ്ങനെ എളുപ്പമാക്കാം എന്ന് ചിന്തിച്ച് ചിന്തിച്ച് ഡേവിസ് തൻ്റെ ജീവിതത്തിൻ്റെ വലിയൊരു ഭാഗം ചെലവഴിച്ചു. ഏറെക്കാലത്തെ ഗവേഷണങ്ങൾക്ക് ശേഷം 1926-ൽ അദ്ദേഹം ഒരു പവർ സ്റ്റിയറിംഗ് യൂണിറ്റ് നിർമ്മിക്കുകയും അത് തൻ്റെ പക്കലുണ്ടായിരുന്ന മോഡൽ പിയേഴ്‌സ്-ആരോയിൽ സ്ഥാപിക്കുകയും ചെയ്തു. ഈ കാർ അദ്ദേഹം 12 ദിവസം കൊണ്ട് ന്യൂയോർക്കിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്ക് ഓടിച്ചു.
തൻ്റെ ആശയം അംഗീകരിക്കപ്പെടുമെന്ന് ഡേവിസിന് ഉറപ്പുണ്ടായിരുന്നു. എന്നാൽ ഡേവിസിന്‍റെ കണ്ടുപിടിത്തത്തെ അംഗീകരിക്കുന്നതിനും ഈ ഉപകരണം ഉപയോഗിക്കുന്നതിനും ഓട്ടോമൊബൈൽ വ്യവസായം ഏകദേശം കാൽനൂറ്റാണ്ടോളം സമയം എടുത്തു. 1931 മുതൽ 43 വരെ, തൻ്റെ പവർ സ്റ്റിയറിംഗ് സിസ്റ്റത്തിൻ്റെ ഭാഗമായി മാറിയ ഒരു പ്രത്യേക ഘടകത്തിന് അഞ്ച് പേറ്റൻ്റുകളായിരുന്നു ഡേവിസ് സ്വന്തമാക്കിയത്. ജനറൽ മോട്ടോഴ്‌സുമായുള്ള കരാർ പ്രകാരം, ഡേവിസ് തൻ്റെ ഹൈഡ്രോളിക് പവർഡ് സ്റ്റിയറിംഗ് സിസ്റ്റത്തിൽ മെച്ചപ്പെടുത്തലുകൾ വരുത്തി. പക്ഷേ, അദ്ദേഹത്തിൻ്റെ മെച്ചപ്പെടുത്തിയ പതിപ്പ് ഒരിക്കലും വിപണിയിൽ എത്തിയില്ല. കാഡിലാക്കിൽ ഈ യൂണിറ്റുകൾ സ്ഥാപിക്കാനായിരുന്നു പ്രാരംഭ പദ്ധതിയെങ്കിലും, സാമ്പത്തിക തകർച്ച കാരണം, കമ്പനി 1934-ൽ ഡേവിസുമായുള്ള കരാർ അവസാനിപ്പിച്ചു.
എങ്കിലും, ബെൻഡിക്‌സ് കോർപ്പറേഷൻ, ഡേവിസിൻ്റെ ജോലികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ ഹൈഡ്രോളിക് സ്റ്റിയറിംഗ് സിസ്റ്റം കമ്പനി വിപണിയിലെത്തിച്ചു. മൂന്ന് വർഷത്തിനുള്ളിൽ അദ്ദേഹം ഏകദേശം 10 കാറുകളിൽ തൻ്റെ സിസ്റ്റം ഘടിപ്പിച്ചു. യാദൃശ്ചികമായി ജനറൽ മോട്ടോഴ്‌സ് പിന്നീട് അദ്ദേഹത്തിൻ്റെ രണ്ട് സിസ്റ്റങ്ങൾ വാങ്ങി ബ്യൂക്ക്‌സിൽ സ്ഥാപിച്ചു. എന്നാൽ ഈ ഡിസൈനുകളൊന്നും വാണിജ്യപരമായി വിജയിച്ചില്ല.
ഉത്തേജനമായി ലോകയുദ്ധം
ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ, വാഹനങ്ങളുടെ നിർമ്മാണം കുതിച്ചുയർന്നു. ഭൂരിഭാഗം സൈനിക ട്രക്കുകളും മറ്റ് കവചിത വാഹനങ്ങളും കൈകാര്യം ചെയ്യാൻ ഹൈഡ്രോളിക് പവർ സ്റ്റിയറിങ്ങുകൾ അനിവാര്യമാണെന്ന് പെട്ടെന്നുതന്നെ കമ്പനികൾ തിരിച്ചറിഞ്ഞു. സ്റ്റിയറിംഗ് സാങ്കേതികവിദ്യ ശരിക്കും വികാസം പ്രാപിച്ച സമയമായിരുന്നു ഇത്. 1940-ൽ തന്നെ, ബ്രിട്ടീഷ് സൈന്യത്തിനായി ഷെവർലെ നിർമ്മിച്ച മിക്കവാറും എല്ലാ കവചിത വാഹനങ്ങളിലും ഡേവിസിൻ്റെ സ്റ്റിയറിംഗ് സ്ഥാപിച്ചു. യുദ്ധം അവസാനിച്ചപ്പോൾ, ഡേവിസിൻ്റെ സ്റ്റിയറിംഗ് ഉള്ള 10,000-ത്തിലധികം വാഹനങ്ങൾ ഉണ്ടായിരുന്നു.
1951ൽ ക്രിസ്‌ലർ ഇത് ചില മോഡലുകളിൽ സ്ഥാപിച്ചതോടെയാണ് ചരിത്രം വഴിമാറുന്നത്. 1952 ആയപ്പോഴേക്കും വാഹന വ്യവസായം മുഴുവൻ ഡേവിസിന്‍റെ ഈ കണ്ടുപിടുത്തം ഉപയോഗിച്ചു തുടങ്ങി. ആ കഥകളിലേക്ക്. യുദ്ധം അവസാനിച്ചപ്പോൾ ക്രിസ്‌ലർ പവർ സ്റ്റിയറിംഗിൻ്റെ സ്വന്തം പതിപ്പ് രൂപകൽപ്പന ചെയ്യാൻ തുടങ്ങി. അപ്പോഴേക്കും ഡേവിസിൻ്റെ പേറ്റൻ്റുകൾ കാലഹരണപ്പെട്ടിരുന്നു, അതിനാൽ കമ്പനി അദ്ദേഹത്തിൻ്റെ ഡിസൈൻ അവരുടെ സ്വന്തം അടിസ്ഥാനമായി ഉപയോഗിച്ചു. സിസ്റ്റത്തിന് "ഹൈഡ്രാഗൈഡ്" എന്ന് പേരിട്ടുകൊണ്ട് കമ്പനി അത് ഇംപീരിയലിൽ ഘടിപ്പിച്ചു. അങ്ങനെ 1951-ൽ പൂർണ്ണമായ ഹൈഡ്രോളിക് പവർ സ്റ്റിയറിങ് സംവിധാനത്തോടെ പുറത്തിറങ്ങിയ ക്രിസ്‌ലർ ഇംപീരിയൽ പൂർണമായും പവർ സ്റ്റിയറിംഗ് ഘടിപ്പിക്കപ്പെട്ട ചരിത്രത്തിലെ ആദ്യ കാറായി മാറി. അന്നുമുതൽ ചരിത്രം സൃഷ്‍ടിക്കപ്പെട്ടു. ഇത് വാഹന വ്യവസായത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കി. വാഹനം ഓടിക്കുക എന്നത് വളരെ എളുപ്പമാക്കി. പ്രത്യേകിച്ച് കുറഞ്ഞ വേഗതയിലും പാർക്ക് ചെയ്യുമ്പോഴുമൊക്കെ ഡ്രൈവർമാർ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകൾക്ക് ശമനമായി. 1960 ആയപ്പോഴേക്കും യുഎസ്എയിലെ 3.5 ദശലക്ഷത്തിലധികം കാറുകളിൽ പവർ സ്റ്റിയറിംഗ് ഘടിപ്പിച്ചിരുന്നു.
1960 കളിലും 1970 കളിലും വാഹനങ്ങളിൽ പവർ സ്റ്റിയറിംഗ് കൂടുതൽ സാധാരണമായി. വാഹന നിർമ്മാതാക്കൾ സാങ്കേതികവിദ്യ കൂടുതൽ മെച്ചപ്പെടുത്തി. വിശ്വാസ്യതയും പ്രതികരണശേഷിയും മെച്ചപ്പെടുത്തിക്കൊണ്ട് 1970-കളുടെ അവസാനത്തോടെ, മിക്ക കാറുകളിലും പവർ സ്റ്റിയറിംഗ് സജ്ജീകരിച്ചു. 1980-കളിൽ വേരിയബിൾ റേഷ്യോ സ്റ്റിയറിംഗ് സിസ്റ്റങ്ങളും ഇലക്ട്രോണിക് പവർ സ്റ്റിയറിങ്ങും (ഇപിഎസ്) അവതരിപ്പിച്ചു. ഹൈഡ്രോളിക് ഫ്ലൂയിഡിന് പകരം സ്റ്റിയറിങ്ങിനെ സഹായിക്കാൻ ഇപിഎസ് ഒരു ഇലക്ട്രിക് മോട്ടോർ ഉപയോഗിക്കുന്നു. ഇത് ഭാരം ലാഭിക്കുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇന്ന്, മിക്കവാറും എല്ലാ വാഹനങ്ങളിലും പവർ സ്റ്റിയറിംഗ് സംവിധാനങ്ങൾ സാധാരണമാണ്. സുരക്ഷിതത്വവും ഡ്രൈവിംഗ് അനുഭവവും വർധിപ്പിക്കുന്ന, ലെയ്ൻ-കീപ്പിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് സ്റ്റിയറിംഗ് തുടങ്ങിയ നൂതന ഫീച്ചറുകൾ സമന്വയിപ്പിക്കാൻ ആധുനിക സംവിധാനങ്ങൾക്ക് കഴിയും.
1978 ഏപ്രിൽ മാസത്തിലാണ് പവർ സ്റ്റിയറിംഗിന്‍റെ പിതാവായ ഫ്രാൻസിസ് ഡബ്ല്യു ഡേവിസ് ഈ ലോകത്തോട് വിടപറയുന്നത്. പക്ഷേ ഇപ്പോഴും ലോകത്ത് പുറത്തിറങ്ങുന്ന ഓരോ വാഹനങ്ങൾക്കുള്ളിലും അദ്ദേഹത്തിന്‍റെ ആത്മാവ് തുടിക്കുന്നുണ്ട്. പിയേഴ്‌സ്-ആരോയിൽ ആ ഹെവി-ഡ്യൂട്ടി ട്രക്കുകളിൽ ജോലി ചെയ്യുമ്പോഴാണ് പവർ സ്റ്റിയറിംഗിനെക്കുറിച്ചുള്ള ആശയം തന്നിൽ ഉടലെടുത്തതെന്ന് ഡേവിസ് ഒരിക്കൽ പറഞ്ഞിരുന്നു. “ചരക്കുവാഹനങ്ങൾ വലുതായിക്കൊണ്ടിരുന്നു. യാത്രാ വാഹനങ്ങളും അങ്ങനെ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ചില മെക്കാനിക്കൽ സ്റ്റിയറിംഗ് സഹായങ്ങൾ വികസിപ്പിക്കേണ്ടതുണ്ടെന്ന് എനിക്കറിയാമായിരുന്നു.." ഡേവിസ് ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 39 ൽ അടക്കം കണ്ടുപിടുത്തങ്ങൾക്ക് പേറ്റൻ്റ് സ്വന്തമാക്കിയ മനുഷ്യനായിരുന്നു ഫ്രാൻസിസ് ഡബ്ല്യു ഡേവിസ്. ഹാർവാർഡ് ബോർഡ് ഓഫ് ഓവർസിയേഴ്സ്, സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എഞ്ചിനീയേഴ്സ്, നാഷണൽ റിസർച്ച് കൗൺസിൽ, ഓട്ടോമൊബൈൽ ഓൾഡ് ടൈമേഴ്സ് ഇൻക് എന്നിവയിൽ അംഗവുമായിരുന്നു അദ്ദേഹം.
ഫോച്യൂണർ കണ്ടുകൊതിച്ച സാധാരണക്കാരന്‍റെ കണ്ണീരൊപ്പാൻ ടൊയോട്ട, ഇതാ വിലകുറഞ്ഞ മിനി ഫോർച്യൂണർ!