നവരാത്രി, ദീപാവലി ആഘോഷം: തിരക്കോട് തിരക്ക്, രാജ്യത്താകമാനം 283 സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് തടയാൻ റെയിൽവേ പ്രത്യേക സ്ക്വാഡ് തയ്യാറാക്കിയിട്ടുണ്ട്.
ദില്ലി: ദീപാവലി, നവരാത്രി, ഛാത്ത് പൂജ തിരക്കുകൾ പരിഗണിച്ച് 283 ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. ഉത്സവ സീസണിൽ പ്രത്യേക ട്രെയിനുകൾ 4,480 സർവീസുകൾ നടത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഈസ്റ്റേൺ സെൻട്രൽ റെയിൽവേ ഡിവിഷനിൽ 42 ട്രെയിനുകൾ സർവീസ് 512 ട്രിപ്പ് നടത്തും. പശ്ചിമ റെയിൽവേ ഉത്സവ സീസണിൽ 36 ട്രെയിനുകളിലായി 1,262 ട്രിപ്പുകൾ നടത്തും. നോർത്ത് വെസ്റ്റേൺ റെയിൽവേ 24 ട്രെയിനുകളാണ് സ്പെഷ്യൽ സർവീസ് നടത്തുക.
ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് തടയാൻ റെയിൽവേ പ്രത്യേക സ്ക്വാഡ് തയ്യാറാക്കിയിട്ടുണ്ട്. വരുമാന ചോർച്ച തടയുകയും യാത്രക്കാർക്ക് സുരക്ഷിത യാത്ര ഒരുക്കുകയുമാണ് ലക്ഷ്യം. യാത്രക്കാരുടെ തിരിച്ചറിയൽ കാർഡ് പരിശോധിച്ച് ഉറപ്പുവരുത്താൻ ടിക്കറ്റ് പരിശോധിക്കുന്നവർക്ക് നിർദേശം നൽകി.
അതേസമയം, 2022-23 സാമ്പത്തിക വർഷത്തേക്കുള്ള യോഗ്യരായ നോൺ-ഗസറ്റഡ് റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ വേതനം നൽകുന്ന പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസിന് (PLB) കേന്ദ്ര സർക്കാർ അംഗീകാരം നൽകി. കേന്ദ്ര ഗവൺമെന്റ് മൊത്തം 1,968.87 കോടി രൂപയുടെ ഒരു ബോണസാണ് അനുവദിച്ചത്. ഏകദേശം 1,107,346 റെയിൽവേ ജീവനക്കാർക്ക് ബോണസ് വിതരണം ചെയ്യും.
ഉത്സവസീസണോടനുബന്ധിച്ച് രാജ്യത്തെ മിക്ക ട്രെയിനുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കേരളത്തിലെ ട്രെയിനുകളിൽ കാലുകുത്താനിടമില്ലാത്ത അവസ്ഥയാണ്. കേരളത്തിലേക്കുള്ള ദീർഘദൂര സ്പെഷ്യൽ ട്രെയിനുകളിലും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്.