കൊടുംമഴയ്ക്കിടെ കാറിലാണോ യാത്ര? എങ്കില്‍ സൂക്ഷിക്കുക..
ഇതാ കൊടും മഴക്കിടയിലൂടെ കാറുകളില്‍ യാത്ര ചെയ്യുന്നവര്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.
അതിരൂക്ഷമായ മഴക്കെടുതിയിലൂടെ (Heavy Rain) കടന്നുപോകുകയാണ് കേരളം . സംസ്ഥാനത്തെ ഭൂരിഭാഗം റോഡുകളും വെള്ളത്തിനടിയിലാണ്. വെള്ളം കുറഞ്ഞ പ്രദേശങ്ങളില്‍ നിന്നും പലരും ഇപ്പോഴും വാഹനങ്ങളുമായി പുറത്തിറങ്ങുന്നുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ ഈ യാത്രകള്‍ അപകടം ക്ഷണിച്ചു വരുത്തുന്നതിനു തുല്യമാണ്. വാഹനങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണും വെള്ളക്കെട്ടിലേക്ക് വാഹനം മറിഞ്ഞും ഒലിച്ചു പോയും നിരവധി അപകടങ്ങള്‍ ഇതിനകം സംഭവിച്ചു കഴിഞ്ഞു. ഇതാ കൊടും മഴക്കിടയിലൂടെ കാറുകളില്‍ യാത്ര ചെയ്യുന്നവര്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.
1. പരമാവധി യാത്ര ഒഴിവാക്കുക
ആദ്യം തന്നെ ഓര്‍മ്മയില്‍ വയ്‍ക്കുക. 12 ഇഞ്ച് ഉയരത്തില്‍ ശക്തമായി ഒഴുകുന്ന വെള്ളത്തിനു പോലും ഒരു ചെറിയ കാറിനെ അനായാസം ഒഴുക്കിക്കൊണ്ടു പോകാന്‍ സാധിക്കും. വലിയ കാര്‍ ആണെങ്കില്‍ 18-24 ഇഞ്ച് വെള്ളത്തിലും ഒഴുകിപ്പോകാം. അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ശക്തമായ മഴയത്ത് കഴിയുന്നതും യാത്ര ഒഴിവാക്കുന്നതാണ് ഉചിതം. അനിവാര്യമായ യാത്ര ആണെങ്കില്‍ മാത്രം പോകുക. അതും പോകാനുള്ള പ്രദേശത്ത് അപകടമില്ല എന്ന് ഉറപ്പാക്കിയ ശേഷം മാത്രം.
2. വെള്ളക്കെട്ടില്‍ ഇറങ്ങാതിരിക്കുക
റോഡില്‍ കാറിന്‍റെ എക്‌സ്‌ഹോസ്റ്റ് ലെവലില്‍ വെള്ളമുണ്ടെങ്കില്‍ കാറിന് കേടുപാടു വരുമെന്ന് ഉറപ്പാണ്. ഇത്തരത്തില്‍ ഉയര്‍ന്ന വെള്ളമുള്ള റോഡിലേക്ക് കാര്‍ ഇറക്കരുത്. എക്‌സ്‌ഹോസ്റ്റില്‍ വെള്ളം കയറിയാല്‍ എഞ്ചിന്‍ തനിയെ ഓഫാകും.
3. വെള്ളക്കെട്ടില്‍ ഓഫായാല്‍
വെള്ളക്കെട്ടില്‍ വച്ച് കാര്‍ ഓഫായാല്‍ പിന്നീട് ഒരുകാരണവശാലും സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്. ഇത് എന്‍ജിനുള്ളില്‍ വെള്ളം കയറാന്‍ ഇടയാക്കും. ഇങ്ങനെ എന്‍ജിനില്‍ വെള്ളം കയറുന്നത് ഉപഭോക്താവിന്റെ ശ്രദ്ധക്കുറവാണെന്നാണ് നിലവിലെ ഇന്‍ഷുറന്‍സ് നിയമം. അതിനാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കില്ല.
4. താഴ്‍ന്ന ഗിയറില്‍ ഓടിക്കുക
വെള്ളക്കെട്ടിലൂടെ പരമാവധി വേഗത കുറച്ച് താഴ്‍ന്ന ഗിയറില്‍ മാത്രം വാഹനം ഓടിക്കുക. ഫസ്റ്റ് ഗിയറില്‍ വാഹനം ഓടിക്കുമ്പോള്‍ എക്‌സോസ്റ്റിലൂടെ വെള്ളം കയറാനുള്ള സാധ്യത കുറയും
5. ബ്രേക്കിംഗ്
നനഞ്ഞ റോഡില്‍ ടയറിന് ഘര്‍ഷണം വളരെ കുറവായതിനാല്‍ പതുക്കെ മാത്രം ബ്രേക്ക് ചെയ്യുക. ഇല്ലെങ്കില്‍ കാര്‍ തെന്നിമാറി അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്
6. മധ്യഭാഗത്തു കൂടി ഓടിക്കുക
വെള്ളക്കെട്ടില്‍ ഓടിക്കുക അനിവാര്യമാണെങ്കില്‍, പരമാവധി റോഡിന്‍റെ മധ്യഭാഗത്തുകൂടി മാത്രം വാഹനം ഓടിക്കുക. ഒരിക്കലും സൈഡ് അടുപ്പിച്ച് എടുക്കരുത്, കാരണം ഇടിഞ്ഞ റോഡാണെങ്കില്‍ അപകടത്തില്‍പ്പെടും.
7. മുന്നറിയിപ്പുകള്‍
എതിര്‍ദിശയില്‍ വരുന്ന വാഹനത്തിന്‍റെ ഡ്രൈവര്‍ മുന്നില്‍ അപകടമുണ്ടെന്ന് മുന്നറിയിപ്പു തന്നാല്‍ വീണ്ടും അതേ റൂട്ടില്‍ യാത്ര ചെയ്യാന്‍ ശ്രമിക്കരുത്. സുരക്ഷിതമായ മറ്റു റൂട്ടുകള്‍ കണ്ടെത്തുക. അല്ലെങ്കില്‍ യാത്ര ഒഴിവാക്കി മടങ്ങുക.
8.അകലം
മുന്നിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിക്കുക. അപകടരമായ വിധം ഓവര്‍ ടേക്ക് ചെയ്യുന്നത് അപകടം വിളിച്ചുവരുത്തും.
9. മുന്‍കരുതലുകള്‍
വാഹനം ഓഫായി എവിടെയെങ്കിലും കുടുങ്ങിയാല്‍ സഹായം ലഭിക്കാന്‍ 24X7 സര്‍വീസ് സെന്റര്‍ അസിസ്റ്റന്‍സ് നമ്പറോ, പരിചയമുള്ള മെക്കാനിക്കിന്റെ നമ്പറോ ഫോണില്‍ കരുതണം.
10. ഉയര്‍ന്ന സ്ഥാനത്തേക്ക് മാറുക
പെട്ടെന്ന് വെള്ളം ഡോര്‍ ലെവലിലേക്ക് കയറിയാല്‍ എത്രയും വേഗം വാഹനത്തില്‍ നിന്ന് പുറത്തിറങ്ങണം. വെള്ളം ഉയരുമ്പോള്‍ ഒരു കാരണവശാലും കാറിനുള്ളില്‍ തന്നെ ഇരിക്കരുത്. വാഹനം ഒഴുകിപ്പോകാനും ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിക്കാനുമുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ വാഹനത്തില്‍ നിന്നും ഉടന്‍ പുറത്തിറങ്ങി അല്‍പം ഉയര്‍ന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറുക.