'ആയിരം കോഴിക്ക് അര കാട', ഇലക്ട്രിക്ക് ആക്ടിവ സ്റ്റാര്‍ട്ടാകുന്നു, ഇഞ്ചി കടിച്ച അവസ്ഥയില്‍ പുത്തൻകൂറ്റുകാര്‍!
ഇന്ത്യൻ വിപണിയിൽ ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് ഓഫർ ആക്ടിവയെ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക്ക് സ്‍കൂട്ടറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു
രാജ്യമാകെ ഇലക്ട്രിക്ക് വാഹന വിപ്ലവത്തിനാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഇരുചക്ര വാഹന മേഖലയിലാണ് ഇതു കൂടുതലായും ദൃശ്യമാകുന്നത്. നിരവധി പുതിയ കമ്പനികളാണ് ഈ മേഖലയിലേക്ക് ചുവടുവച്ചുകൊണ്ടിരിക്കുന്നത്. പല പരമ്പരാഗത കമ്പനികളും ഇലക്ട്രിക്ക് വാഹന നിര്‍മ്മാണത്തിലേക്ക് കടന്നുകഴിഞ്ഞു. ഇപ്പോഴിതാ ഈ മേഖലയിലെ പുതുമോടികളെ ഞെട്ടിച്ചുകൊണ്ട് ഇലക്ട്രിക്ക് വാഹനം നിര്‍മ്മിക്കാൻ പോകുകയാണ് ഇരുചക്ര വാഹന ലോകത്തെ അതികായനും ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാൻഡുമായ ഹോണ്ട ടൂ-വീലർ ഇന്ത്യ. കമ്പനി 2023 മാർച്ച് 29-ന് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കായുള്ള പ്ലാൻ വെളിപ്പെടുത്തും. 2024 മാർച്ചോടെ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന ആദ്യ ഇലക്ട്രിക് സ്‍കൂട്ടറിന്റെ പ്രധാന വിശദാംശങ്ങൾ പുറത്തിറക്കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്നോവ മുതലാളിക്ക് പിന്നാലെ കേന്ദ്രത്തിന്‍റെ മനസറിഞ്ഞ് ആക്ടിവ മുതലാളിയും!
ഇന്ത്യൻ വിപണിയിൽ ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് ഓഫർ ആക്ടിവയെ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക്ക് സ്‍കൂട്ടറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മാസം അവസാനത്തോടെ കമ്പനി ഇത് കൺസെപ്റ്റ് രൂപത്തിൽ വെളിപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതിയ ഇലക്ട്രിക് സ്‍കൂട്ടറിൽ ജനപ്രിയ മോഡലായ ആക്ടിവയുടെ നെയിംപ്ലേറ്റ് കമ്പനി ഉപയോഗിച്ചാല്‍ എതിരാളികള്‍ക്ക് തുടക്കത്തില്‍ തന്നെ വലിയ ക്ഷീണമായിരിക്കും സംഭവിക്കുക. കാരണം ഇലക്ട്രിക്ക് സ്‍കൂട്ടറുമായി ജനങ്ങളിലേക്ക് കൂടുതല്‍ എളുപ്പത്തില്‍ എത്താൻ ഈ നീക്കം ഹോണ്ടയെ സഹായിക്കും. ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിപണനത്തിനായി ഹോണ്ടയ്ക്ക് അധിക തുക ചെലവഴിക്കേണ്ടിയും വരില്ല. ജാപ്പനീസ് ഇരുചക്രവാഹന നിർമ്മാതാവ് 2025-ഓടെ രണ്ട് ഇലക്ട്രിക് സ്‍കൂട്ടറുകൾ ആഗോളതലത്തിൽ അവതരിപ്പിക്കും. ആക്ടിവ ഇ-സ്‍കൂട്ടർ അതിലൊന്നായിരിക്കും.
ഹോണ്ട ജപ്പാനുമായി സഹകരിച്ച് ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും നടപ്പ് സാമ്പത്തിക വർഷാവസാനത്തോടെ ആദ്യ ഇവി സജ്ജമാകുമെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‍കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) എംഡിയും സിഇഒയുമായ അതുഷി ഒഗാറ്റ വ്യക്തമാക്കി. 2024 മാർച്ചോടെ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടർ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഹോണ്ട പദ്ധതിയിട്ടിട്ടുണ്ടെന്നും ഒഗാറ്റ വെളിപ്പെടുത്തി
പുതിയ ഹോണ്ട ആക്ടിവ ഇലക്ട്രിക് സ്‌കൂട്ടറിന് ഫ്ലോർബോർഡിന് കീഴിൽ സ്ഥാപിച്ചിട്ടുള്ള ഒരു നിശ്ചിത ബാറ്ററി പാക്കും പിൻ ചക്രത്തിൽ ഒരു ഹബ് മോട്ടോറും ലഭിക്കാൻ സാധ്യതയുണ്ട്. സ്വന്തമായി വികസിപ്പിച്ച ഇലക്ട്രിക് മോട്ടോറും നിശ്ചിത ബാറ്ററി പാക്കും ഉപയോഗിച്ചാണ് ആക്ടിവ ഇലക്ട്രിക്ക് ഊർജം പകരുന്നത്. എന്നിരുന്നാലും, സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികളിലും ഹോണ്ട പ്രവർത്തിക്കുന്നതായി പറയപ്പെടുന്നു.
ബാറ്ററി സ്വാപ്പിംഗ് നെറ്റ്‌വർക്കിനൊപ്പം നീക്കം ചെയ്യാവുന്ന ബാറ്ററികളിലും ഹോണ്ട പ്രവർത്തിക്കുന്നു. എന്നിരുന്നാലും, ഈ സജ്ജീകരണം ആക്ടിവ ഇ-സ്കൂട്ടറില്‍ നല്‍കേയേക്കില്ല. പകരം ഭാവിയിലെ വാഹനങ്ങളിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഹോണ്ട ആക്ടിവ ഇലക്ട്രിക് സ്‍കൂട്ടർ ഐസിഇ പതിപ്പിൽ നിന്നുള്ള സ്റ്റൈലിംഗ് സൂചനകൾ പങ്കിടാൻ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുന്നു. ഇവി ലുക്ക് നൽകുന്നതിനായി കമ്പനി ചില ഡിസൈൻ മാറ്റങ്ങൾ വരുത്തിയേക്കും എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരേ പ്ലാന്റിനുള്ളിൽ തന്നെ ഐസിഇ, ഇവി എന്നിവ നിർമ്മിക്കുന്നതിനായി കമ്പനി നിലവിലുള്ള അസംബ്ലി ലൈനുകളിൽ മാറ്റം വരുത്തും.
ഹോണ്ട 2025-ഓടെ ആഗോളതലത്തിൽ 10 പുതിയ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഭാവി ഇലക്ട്രിക് ഇരുചക്രവാഹനങ്ങളില്‍ ഒന്നിന്‍റെ ഡിസൈൻ സ്കെച്ചുകളും അടുത്തിടെ ചോർന്നിരുന്നു. 2025ഓടെ കമ്പനി അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന 10 ഇലക്ട്രിക് ബൈക്കുകളിൽ ഒന്നാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹോണ്ട ടൂവീലറുകളുടെ വില്‍പ്പനയില്‍ 38 ശതമാനം വളര്‍ച്ച
യൂറോപ്യൻ യൂണിയൻ ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓഫീസിൽ നിന്ന് ലഭിച്ച ഡിസൈൻ സ്കെച്ചുകൾ, ഹോണ്ടയുടെ ഐക്കണിക് സൂപ്പർ കബ്ബിന് സമാനമായ മോപെഡ് സ്റ്റൈലിംഗുള്ള പെഡൽ സഹായത്തോടെയുള്ള ഇലക്ട്രിക് ഇരുചക്രവാഹനം കാണിക്കുന്നതായി ഓട്ടോ കാര്‍ ഇന്ത്യയും ബൈക്ക് വാലെയും റിപ്പോര്‍ട്ട് ചെയ്യുന്നു. പെഡലുകള്‍ ഉണ്ടെങ്കിലും, മോട്ടോറിന്റെ ശക്തിയിൽ മാത്രം റൈഡറെ വലിക്കാൻ വാഹനത്തിന് സാമാന്യം പ്രാപ്‍തമായിരിക്കും. ഉയർന്ന വേഗതയും ബാറ്ററി ശ്രേണിയും മെച്ചപ്പെടുത്തുന്നതിന് പെഡലുകൾ പ്രധാനമായും ഉപയോഗപ്രദമാകും.