ഇലക്ട്രിക്കാകാൻ ഹോണ്ട സ്‍കൂട്ടറുകളും, ഭീതിയില്‍ എതിരാളികള്‍!
ആഭ്യന്തര വിപണിയിൽ ഹോണ്ട ആസൂത്രണം ചെയ്യുന്ന ഇവികളുടെ നീണ്ട പട്ടികയിൽ ആദ്യത്തേതാണ് വരാനിരിക്കുന്ന ഇലക്ട്രിക് സ്‍കൂട്ടർ
ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടർ അടുത്ത വർഷം രാജ്യത്ത് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. വരാനിരിക്കുന്ന മോഡൽ 2024 മാർച്ചോടെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഇരുചക്രവാഹന നിർമ്മാതാക്കൾ സ്ഥിരീകരിച്ചു. ഹോണ്ടയുടെ ഏറ്റവും പുതിയ മോഡലായ ആക്ടിവ 6ജി എച്ച്-സ്മാർട്ട് സ്‌കൂട്ടറിന്റെ അവതരണത്തോടനുബന്ധിച്ചാണ് ഹോണ്ട ഇക്കാര്യം പ്രഖ്യാപിച്ചത് . ആഭ്യന്തര വിപണിയിൽ ഹോണ്ട ആസൂത്രണം ചെയ്യുന്ന ഇവികളുടെ നീണ്ട പട്ടികയിൽ ആദ്യത്തേതാണ് വരാനിരിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ. ഇലക്ട്രിക്ക് ഇരുചക്രവാഹനങ്ങൾ, പ്രത്യേകിച്ച് ഇ- സ്‍കൂട്ടറുകൾ, കഴിഞ്ഞ രണ്ട് വർഷങ്ങളായി രാജ്യത്ത് വമ്പൻ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് രാജ്യത്തെ ജനപ്രിയ ടൂവീലര്‍ ഭീമന്‍റെ ഈ നീക്കം.
സ്റ്റാര്‍ട്ടാക്കാൻ ഇനി താക്കോല്‍ വേണ്ട, മോഹവിലയില്‍ പുത്തൻ ആക്ടിവ എത്തി!
ഇന്ത്യയ്‌ക്കായുള്ള തങ്ങളുടെ ഇവി റോഡ്‌മാപ്പിനെ പിന്തുണയ്ക്കുന്നതിനായി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ കൊണ്ടുവരാൻ പദ്ധതിയിടുന്നതായി ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‍കൂട്ടർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാറ്റ പറഞ്ഞു. "ഞങ്ങൾ 2024 മാർച്ചിൽ ആദ്യത്തെ ഇലക്ട്രിക് മോഡൽ അവതരിപ്പിക്കാൻ നോക്കുകയാണ്. ഇത് തികച്ചും പുതിയ പ്ലാറ്റ്‌ഫോമിൽ വികസിപ്പിച്ചെടുക്കും. ഇന്ത്യൻ വിപണിയുടെ ആവശ്യകതയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ മോഡല്‍" ഒഗാറ്റ വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ പിടിഐയെ ഉദ്ധരിച്ച് എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു.
ആദ്യം പുറത്തിറക്കുന്ന ഇവിക്ക് ഫിക്‌സഡ് ബാറ്ററിയായിരിക്കുമെന്നും രണ്ടാമത്തേത് സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സാങ്കേതിക വിദ്യയിലായിരിക്കുമെന്നും ഒഗാറ്റ കൂട്ടിച്ചേർത്തു. ഇന്ത്യയിലുടനീളമുള്ള 6,000 ഔട്ട്‌ലെറ്റുകൾ തങ്ങളുടെ ഇവികൾക്ക് ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സജ്ജീകരിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്. ആദ്യ മോഡൽ അടുത്ത വർഷം മാർച്ചോടെ പുറത്തിറങ്ങുമെങ്കിലും തുടർന്നുള്ള മോഡലുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ത്യൻ നിരത്തുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ കമ്പനി പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കും എന്നും ഒഗാറ്റ പറഞ്ഞു.
കള്ളന്മാര്‍ കുടുങ്ങും; പുത്തൻ സാങ്കേതികവിദ്യയുമായി പുതിയ ഹോണ്ട ആക്ടിവ
ഇന്ത്യയിലെ ഇവി ബിസിനസിലേക്കുള്ള നിക്ഷേപത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഹോണ്ട പങ്കിട്ടില്ല. ഒല ഇലക്ട്രിക്ക്, ഒഖിനാവ പോലുള്ള പുതിയ കമ്പനികള്‍ക്കും വലിയ ഓഹരികളുള്ള സെഗ്‌മെന്റിനെ നിലവിൽ ഹീറോ ആണ് നയിക്കുന്നത്. അതേസമയം നിലവിൽ 56 ശതമാനം വിപണി വിഹിതവുമായി പരമ്പരാഗത ഇന്ധന സ്‍കൂട്ടർ വിഭാഗത്തിൽ ഹോണ്ടയാണ് മുന്നിൽ. അടുത്ത മാസം 100 സിസി ബൈക്ക് അവതരിപ്പിക്കാനും ഇരുചക്രവാഹന നിർമ്മാതാക്കൾ പദ്ധതിയിടുന്നുണ്ട്.