ആദ്യം 25 കോടി, പിന്നെ 1000 ആംബുലന്‍സുകള്‍; ഈ വണ്ടിക്കമ്പനി രാജ്യത്തിന് താങ്ങാകുന്നത് എങ്ങനൊക്കെയാണ്!
കൊവിഡ് പ്രതിരോധത്തില്‍ രാജ്യത്തിന് കൈത്താങ്ങായി ഫോഴ്‍സ് മോട്ടോഴ്‍സ്
ആംബുലൻസുകളുടെ 1000 യൂണിറ്റുകൾ ആന്ധ്ര പ്രദേശ് സർക്കാറിന് കൈമാറിയാണ് ട്രാവലര്‍ ഉള്‍പ്പെടെയുള്ള ജനപ്രിയവാഹനങ്ങളുടെ നിര്‍മ്മാതാക്കളായ പൂനെ ആസ്ഥാനമായ ഫോഴ്‌സ് മോട്ടോഴ്‍സ് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത്.
ഇതിനു പിന്നാലെ ഇപ്പോള്‍ രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ പുതിയ ആംബുലന്‍സുകള്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ആംബുലന്‍സ് കോഡുകള്‍ പാലിച്ചുള്ള ടൈപ്പ് ബി, ടൈപ്പ് സി, ടൈപ്പ് ഡി എന്നീ മൂന്ന് വിഭാഗങ്ങളിലായി റെഡി ടു യൂസ് ആയാണ് പുതിയ ട്രാവലര്‍ ആംബുലന്‍സുകള്‍ ഒരുങ്ങുന്നത്.
അടിയന്തര ചികിത്സ ആവശ്യമില്ലാത്ത കൊവിഡ് രോഗികളെ ഒരിടത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനായാണ് ടൈപ്പ്-ബി ആംബുലന്‍സ് ഉപയോഗിക്കുന്നത്. യാത്രയില്‍ രോഗിക്ക് ആവശ്യമായ പ്രാഥമിക ചികിത്സ നല്‍കുന്നതിന് ടൈപ്പ്-സി ആംബുലന്‍സുകളും ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായി ടൈപ്പ്-ഡി ആംബുലന്‍സുകളുമാണ് കമ്പനി ഒരുക്കുന്നത്.
ടൈപ്പ്-ഡി ആംബുലന്‍സില്‍ അടിയന്തിര ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കും. ഡെഫിബ്രിലേറ്റര്‍, വെന്റിലേറ്റര്‍, ബിപി അപ്പാരറ്റസ്, സ്‌കൂപ്പ് സ്‌ട്രെച്ചര്‍, സ്‌പൈന്‍ ബോഡ് എന്നിവയെല്ലാം ഈ ആംബുലന്‍സില്‍ സ്റ്റാന്റേഡായി ഒരുക്കുന്നുണ്ട്. അതായത് ആശുപത്രിയലേക്കുള്ള സഞ്ചാരവേളയില്‍ തന്നെ രോഗിക്ക് ചികിത്സ നല്‍കാന്‍ ഈ ആംബുലന്‍സുകളില്‍ സാധിക്കും.
എവിടെ വെച്ചും ചികിത്സ ഉറപ്പാക്കാന്‍ കഴിയുന്ന മൊബൈല്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ ഒരുക്കാനും ഫോഴ്‌സ് മോട്ടോഴ്‌സ് ശ്രമിക്കുന്നുണ്ട്. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിണങ്ങുന്ന ആംബുലന്‍സുകള്‍ ഒരുക്കാനാണ് ആരോഗ്യ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരുകളും ആലോചിക്കുന്നത്.
ആന്ധ്രാപ്രദേശ് സര്‍ക്കാരിനായി കമ്പനി നല്‍കിയ 1000 ആംബുലന്‍സുകളില്‍ 130 മോഡലുകൾ അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസുകളാണ് എന്നത് ശ്രദ്ധേയമാണ്. 282 ബേസിക് സപ്പോർട്ട് ആംബുലൻസുകളും 656 മൊബൈൽ മെഡിക്കൽ യൂണിറ്റുകളുമാണ് മറ്റുള്ളവ. ഈ ആംബുലൻസുകൾ ബ്ലൂ, വൈറ്റ് അല്ലെങ്കിൽ ഗ്രീൻ, വൈറ്റ് എന്നീ നിറങ്ങളിലാണ് ഒരുങ്ങിയിരിക്കുന്നത്. കൊവിഡ്-19 സ്ക്രീനിംഗ്, ടെസ്റ്റിംഗ് സൗകര്യങ്ങൾ ഇവയിൽ ഫോഴ്‌സ് ഘടിപ്പിച്ചിരിക്കുന്നു. 104 അല്ലെങ്കിൽ 108 ഡയൽ ചെയ്തുകൊണ്ട് ഇവ പ്രയോജനപ്പെടുത്താം. സാഹചര്യത്തിനനുസരിച്ച് ഇവയെ ആന്ധ്ര ആരോഗ്യ വകുപ്പ് വിന്യസിക്കും.
കൊവിഡ് പ്രതിരോധത്തിന് 25 കോടി രൂപയുടെ ധനസഹായം നേരത്തെ കമ്പനി പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധിതര്‍ റിപ്പോര്‍ട്ട് ചെയ്‍ത മഹാരാഷ്ട്രയില്‍ മൊബൈല്‍ ക്ലിനിക്കും കമ്പനി ഒരുക്കിയിരുന്നു. പൂണെയിലെ ഉള്‍പ്രദേശങ്ങളിലും മഹാരാഷ്ട്രയിലെ ഗ്രാമീണ മേഖലയിലൂമാണ് ഫോഴ്‌സിന്റെ മൊബൈല്‍ ഡിസ്‌പെന്‍സറികള്‍ എത്തുന്നത്. ജീവന്‍മരക്ഷാ മരുന്നുകളും ഉപകരണങ്ങളും വാഹനത്തിനുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനൊപ്പം എല്ലാ വാഹനത്തിലും ഡോക്ടര്‍മാരേയും നേഴ്‌സുമാരേയും വിന്യസിപ്പിച്ചിട്ടുമുണ്ട്.
ട്രാവലര്‍, ഗൂര്‍ഖ തുടങ്ങിയ വാഹന മോഡലുകളുടെ നിര്‍മ്മാതാക്കളായ ഫോഴ്‍സ് മോട്ടോഴ്‍സ് അഭയ് ഫിരോഡിയ ഗ്രൂപ്പിന്‍റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.