ഈ വണ്ടി ഇന്ത്യയില്‍ ആദ്യം, ഉടമയായി സൂപ്പര്‍താരം!

ഇന്ത്യയിലെ ആദ്യ ലാംബോർഗിനി ഉറുസ് ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ എഡിഷനാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍

First Lamborghini Urus Graphite Capsule Edition In India Owned By A Superstar

കാല്‍ നൂറ്റാണ്ടിന് ശേഷം ഇറ്റാലിയൻ സൂപ്പർ കാർ നിർമാതാക്കളായ ലംബോര്‍ഗിനിയുടെ നിരയില്‍ പിറവിയെടുത്ത രണ്ടാം എസ്‌യുവിയാണ് ഉറൂസ്.  2018 ജനുവരിയിലാണ് ഉറൂസ് അവതരിപ്പിച്ചത്.  അടുത്തകാലത്താണ് വാഹനത്തിന്‍റെ ഗ്രാഫൈറ്റ് ക്യാപ്‍സൂള്‍ എഡിഷന്‍ കമ്പനി അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ഈ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് തെലുങ്ക്​ സൂപ്പർ താരം ജൂനിയർ എൻടിആർ.  സ്​പെഷൻ എഡിഷൻ ഗ്രാഫൈറ്റ്​ ക്യാപ്​സ്യൂൾ പതിപ്പാണ്​ താരം വാങ്ങിയതെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ ആദ്യ ലാംബോർഗിനി ഉറുസ് ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ എഡിഷനാണ് ഇതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

ഈ മാസം 16നാണ് ഉറുസിന്റെ ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചത്. നീറോ നോക്റ്റിസ്, ഗ്രിജിയോ കെറെസ്, ഗ്രിജിയോ നിംബസ്, ബിയാൻകോ മോണോസെറസ് എന്നിങ്ങനെ പേരുകളുള്ള മാറ്റ് നിറങ്ങളും നിരവധി കസ്റ്റമൈസേഷൻ സാദ്ധ്യതകളുമുള്ള സ്പെഷ്യൽ ഉറുസാണ് ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ എഡിഷൻ.  നീറോ നോക്റ്റിസ് (മാറ്റ് ബ്ലാക്ക്) നിറത്തിലുള്ള ഉറുസ് ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ എഡിഷനാണ് ജൂനിയർ എൻടിആർ സ്വന്തമാക്കിയത്. ഹൈദരാബാദിലെ ലംബോർഗിനി ഡീലർഷിപ്പാണ്​ വാഹനം വിതരണം ചെയ്​തത്​. വാഹനത്തോടൊപ്പമുള്ള ചിത്രം താരം തന്നെ പങ്കുവച്ചിട്ടുണ്ട്​. 

First Lamborghini Urus Graphite Capsule Edition In India Owned By A Superstar

ഡോറിന്റെ താഴ്ഭാഗം, മുൻപിലെ സ്പ്ലിറ്റർ, റിയർ സ്പോയ്ലർ എന്നിവിടങ്ങളിൽ ഉപഭോക്താവിന്റെ ഇഷ്ടാനുസരണമുള്ള നിറത്തിൽ ഗ്ലോസി ഡീറ്റൈലിംഗും ഉറുസ് ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ എഡിഷന്റെ പ്രത്യേകതകളാണ്. ഗ്ലോസി ബ്ലാക്ക് നിറത്തിലുള്ള റിയർ സ്പോയ്ലർ, 23-ഇഞ്ച് ടൈഗെറ്റ് അലോയ് വീലുകളുമാണ് ഉറുസ് ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ എഡിഷന്റെ മറ്റു ആകർഷണങ്ങൾ

സ്പെഷ്യൽ എഡിഷൻ ഉറൂസിന്​ പ്രത്യേക മാറ്റ്​ ഫിനിഷും ഓറഞ്ച്​ കളർ കോമ്പിനേഷനും ലഭിക്കും. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന ലാംബൊ മോഡലാണ് ഉറൂസ്. ഗ്രാഫൈറ്റ് കാപ്സ്യൂൾ പതിപ്പിന് സാധാരണ മോഡലിനേക്കാൾ വിലകൂടുതലാണ്​. സ്റ്റാൻഡേർഡ് ലംബോർഗിനി ഉറൂസിന് 3.15 കോടി രൂപയാണ് വില. വിവിധ ഓപ്​ഷനുകൾക്കനുസരിച്ച്​ ഗ്രാഫൈറ്റ് കാപ്സ്യൂൾ പതിപ്പിന് ഒന്നുമുതൽ ഒന്നര കോടിവരെ അധിക വില നൽകണം.

സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഉറൂസ്​ ഗ്രാഫൈറ്റ് കാപ്സ്യൂൾ പതിപ്പിന് നിരവധി വിഷ്വൽ അപ്‌ഗ്രേഡുകൾ ലഭിക്കും. ബമ്പറിലെ ഗ്ലോസ് ബ്ലാക്ക് ഫിനിഷ്, ബോഡി സ്​കർട്ടുകൾ, ഒആർവിഎം, വീൽ ക്ലാഡിങ്​ തുടങ്ങിയ പ്രത്യേകതകൾ ഗ്രാഫൈറ്റ്​ പതിപ്പിലുണ്ട്​. ക്വാഡ് എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾക്ക് ബ്രഷ്​ഡ്​ സിൽവർ ടെക്സ്ചറും ലഭിക്കും.

22 ഇഞ്ച് വലിപ്പമുള്ള ടയറുകളും ബോഡി കളർ ബ്രേക്ക് കാലിപ്പറുകളും വാഹനത്തിന്‍റെ പ്രത്യേകതയാണ്​. സ്റ്റാൻഡേർഡ് പതിപ്പിൽ 21 ഇഞ്ച് അലോയ് വീലുകളാണുള്ളത്​. 6000 ആർപിഎമ്മിൽ 650 ബിഎച്ച്പി കരുത്തും 2250 ആർപിഎമ്മിൽ 850 എൻഎം ടോർക്കും നിർമിക്കുന്ന 4.0 ലിറ്റർ വി8 ട്വിൻ-ടർബോ പെട്രോൾ എൻജിൻ ആണ് ഉറുസ് ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ എഡിഷന്‍റെയും ഹൃദയം. ZF 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 3.6 സെക്കൻഡുകൾ മതി ഉറൂസിന്. അവതരണം മുതല്‍ തന്നെ പ്രീമിയം എസ്‌യുവികളിലെ ടോപ്പ് സെല്ലിങ്ങ് പട്ടം ഉറുസിന് സ്വന്തമായിരുന്നു. 

അതേസമയം എസ്എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ രൗദ്രം രണം രുധിരത്തിലാണ് (ആർആർആർ) ജൂനിയർ എൻടിആർ ഇപ്പോൾ അഭിനയിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios