കിയ ഇന്ത്യയില്‍ നിന്നും കപ്പല്‍ കയറ്റിയത് രണ്ടുലക്ഷം വണ്ടികള്‍
ഇന്ത്യയിലെ തങ്ങളുടെ ആദ്യ ഉൽപ്പന്നമായ കിയ സെൽറ്റോസാണ് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്‍ത യൂട്ടിലിറ്റി വെഹിക്കിൾ (യുവി) എന്നും വാഹന നിർമ്മാതാക്കൾ വെളിപ്പെടുത്തി.
രണ്ട് ലക്ഷം കയറ്റുമതി എന്ന നാഴികക്കല്ല് കടന്നതായി പ്രഖ്യാപിച്ച് ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ ഇന്ത്യ. 2019 അവസാനത്തോടെ പ്രവർത്തനം ആരംഭിച്ച് നാല് വർഷത്തിനുള്ളിൽ ആണ് ഈ കയറ്റുമതി നാഴികക്കല്ല് കമ്പനി പിന്നിട്ടത്. ഇന്ത്യയിലെ തങ്ങളുടെ ആദ്യ ഉൽപ്പന്നമായ കിയ സെൽറ്റോസാണ് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്‍ത യൂട്ടിലിറ്റി വെഹിക്കിൾ (യുവി) എന്നും വാഹന നിർമ്മാതാക്കൾ വെളിപ്പെടുത്തി.
മൊത്തത്തിലുള്ള കയറ്റുമതിയിൽ 68 ശതമാനവും സംഭാവന ചെയ്‍തത് കിയ സെല്‍റ്റോസ് എസ്‍യുവിയാണ്. ആന്ധ്രാപ്രദേശിലെ അനന്തപൂരിലെ നിർമ്മാണ കേന്ദ്രത്തിൽ നിന്ന് കിയ ഇന്ത്യ സെൽറ്റോസ് എസ്‌യുവിയുടെ 135,885 യൂണിറ്റുകൾ കയറ്റുമതി ചെയ്‍. 95 ല്‍ അധികം രാജ്യങ്ങളിലേക്ക് സെല്‍റ്റോസ് കയറ്റി അയച്ചു എന്നാണ് കണക്കുകള്‍. കമ്പനിയുടെ ആഭ്യന്തര വിൽപ്പനയിൽ കിയ സെൽറ്റോസ് 53 ശതമാനം സംഭാവന ചെയ്‍തിട്ടുണ്ട്. അതേസമയം, കിയ സോണറ്റ് 54,406 യൂണിറ്റുകൾ കയറ്റുമതി ചെയ്‍തു. കിയ കാരൻസ് 8,230 യൂണിറ്റുകൾ കയറ്റുമതിയിലേക്ക് സംഭാവന ചെയ്‍തു.
മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, സെൻട്രൽ & സൗത്ത് അമേരിക്ക, മെക്സിക്കോ, ഏഷ്യാ പസഫിക് എന്നിവയുൾപ്പെടെ 95-ലധികം രാജ്യങ്ങളിലേക്ക് കിയ ഇന്ത്യ കയറ്റുമതി ചെയ്യുന്നു. വാഹന നിർമ്മാതാവിന്റെ എക്കാലത്തെയും ഉയർന്ന പ്രതിമാസ കയറ്റുമതി 2022 ഡിസംബറിൽ 9,462 യൂണിറ്റായിരുന്നു. 2023 സാമ്പത്തിക വർഷത്തിലെ (ജനുവരി - മാർച്ച്) 44 ശതമാനം വിൽപ്പന വളർച്ചയോടെ കിയ 22 ശതമാനം വളർച്ച രേഖപ്പെടുത്തി. ജനുവരി മുതല്‍ മാർച്ച് വരെ 28 ശതമാനം ഷെയറുമായി (10,295 യൂണിറ്റ്) നിർമ്മാതാവിൽ നിന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്‍ത യുവി ആയിരുന്നു കിയ സെൽറ്റോസ്. 2022-23 സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ കിയയ്ക്ക് 7.4 ശതമാനം വിപണി വിഹിതം ഉണ്ടായിരുന്നു.
ഇന്ത്യയിൽ നിർമ്മിക്കുകയും നവീകരിക്കുകയും നിക്ഷേപിക്കുകയും ചെയ്‍തും ഗവൺമെന്റിന്റെ കാഴ്ചപ്പാടിലേക്ക് സംഭാവന നൽകിക്കൊണ്ട് തങ്ങളുടെ അടുത്ത തലമുറ അനന്തപൂർ സൗകര്യത്തിന്റെ നിർമ്മാണ വൈദഗ്ദ്ധ്യം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്ന് കിയ ഇന്ത്യയുടെ ചീഫ് സെയിൽസ് ആൻഡ് ബിസിനസ് ഓഫീസർ മ്യുങ്-സിക് സോൺ പറഞ്ഞു. ആഗോളതലത്തിൽ എസ്‌യുവികളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ ഒരു നിർമ്മാണ കേന്ദ്രമെന്ന നിലയിൽ ഇന്ത്യ എങ്ങനെ തയ്യാറാണെന്ന് ഇത് കാണിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.