നിങ്ങളുടെ കാര്‍ വിനൈല്‍ ഫ്ളോറിംഗ് ചെയ്‍തതാണോ? എങ്കില്‍ ഈ കാര്യങ്ങള്‍ ഒന്ന് കരുതിയിരുന്നോളൂ!
ഒരു പുതിയ കാര്‍ വാങ്ങിയാല്‍ ഉടൻ പലരും ആദ്യം ചെയ്യുന്ന ഒരു കാര്യമായിരിക്കും വിനൈല്‍ ഫ്ലോറിംഗ്. കാറിനകത്തെ അഴുക്കും ചെളിയും വെള്ളവുമൊക്കെ എളുപ്പത്തില്‍ നീക്കം ചെയ്യാൻ സാധിക്കും എന്നതും മഴക്കാലത്ത് നനവ് തട്ടില്ല എന്നതും വാഹനം വൃത്തിയാക്കാൻ എളുപ്പമാണ് എന്നതുമൊക്കെയാണ് വിനൈല്‍ ഫ്ലോറിംഗ് ചെയ്യാൻ പലരെയും പ്രേരിപ്പിക്കുന്നത്. എന്നാല്‍ അതീവഗുരുതരമായ ചില ദോഷങ്ങളുമുണ്ട് വിനൈല്‍ ഫ്ലോറിംഗിന് എന്ന് പറയുകയാണ് ഓട്ടോ മൊബൈല്‍ ജേര്‍ണലിസ്റ്റും തിരുവല്ലയിലെ റോഡീസ് ഗാരേജ് ഉടമയുമായ ജുബിൻ ജേക്കബ് കൊച്ചുപുരയ്ക്കൻ. അതിനെപ്പറ്റി വിശദമായി അറിയാം
സ്വന്തമായിട്ടൊരു കാര്‍ എന്നത് പലരുടെയും ദീര്‍ഘകാലത്തെ സ്വപ്‍നമായിരിക്കും. ഏറെക്കാലം കൊണ്ട് സ്വരുക്കൂട്ടിയ പണം ഉപയോഗിച്ചും ലോണ്‍ എടുത്തുമൊക്കെയായിരിക്കും പല സാധാരണക്കാരും ആ സ്വപ്‍നമൊന്ന് സഫലമാക്കുന്നുണ്ടാകുക. ഒരു പുതിയ കാര്‍ വാങ്ങിയാല്‍ ഉടൻ പലരും ആദ്യം ചെയ്യുന്ന ഒരു കാര്യമായിരിക്കും വിനൈല്‍ ഫ്ലോറിംഗ് അല്ലെങ്കിൽ പിവിസി എംബോസ്ഡ് പാറ്റേൺ ഫ്ളോറിങ്ങ്. വാഹനങ്ങൾ ഫാക്ടറിയിൽ നിന്നും വരുമ്പോൾ പ്ളാറ്റ്ഫോമിൽ നല്‍കിയിരിക്കുന്ന ഫെൽറ്റ് ലൈനിങ്ങ് കാർപെറ്റിന് പകരമാണ് വിനൈല്‍ ഫ്ലോറിംഗ് ചെയ്യുന്നത്. കാറിനകത്തെ അഴുക്കും ചെളിയും വെള്ളവുമൊക്കെ എളുപ്പത്തില്‍ നീക്കം ചെയ്യാൻ സാധിക്കും എന്നതും മഴക്കാലത്ത് നനവ് തട്ടില്ല എന്നതും വാഹനം വൃത്തിയാക്കാൻ എളുപ്പമാണ് എന്നതുമൊക്കെയാണ് വിനൈല്‍ ഫ്ലോറിംഗ് ചെയ്യാൻ പലരെയും പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇത്തരം ഗുണങ്ങള്‍ക്കൊപ്പം സാധാരണക്കാര്‍ ഒരിക്കലും ചിന്തിക്കാത്ത അതീവഗുരുതരമായ ചില ദോഷങ്ങളും ഉണ്ട് വിനൈല്‍ ഫ്ലോറിംഗിന് എന്ന് വ്യക്തമാക്കുകയാണ് ഓട്ടോ മൊബൈല്‍ ജേര്‍ണലിസ്റ്റും തിരുവല്ലയിലെ റോഡീസ് ഗാരേജ് ഉടമയുമായ ജുബിൻ ജേക്കബ് കൊച്ചുപുരയ്ക്കൻ.
ഒരു മഹീന്ദ്ര സൈലയോക്ക് സംഭവിച്ച ദുരന്തം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വിനൈൽ ഫ്ലോറിംഗ് ചെയ്‍ത വാഹനങ്ങള്‍ക്ക് സംഭവിച്ചേക്കാവുന്ന ചില ദോഷങ്ങളെക്കുറിച്ച് ജുബിൻ പറയുന്നത്. ആ സംഭവം ഇങ്ങനെ. ഏതാനും മാസങ്ങൾക്കു മുമ്പ് ജുബിന്‍റെ വര്‍ക്ക് ഷോപ്പില്‍ ഒരു 2011 മോഡൽ മഹീന്ദ്രാ സൈലോ സര്‍വ്വീസിനായി എത്തി. മെക്കാനിക്കല്‍ കാര്യങ്ങളും മറ്റും പരിശോധിച്ച ശേഷം എസ്റ്റിമേറ്റ് ഇടും മുമ്പേ വാഹനത്തിന്‍റെ ഇന്‍റീരിയര്‍ പരിശോധിക്കുകയായിരുന്നു ജുബിൻ. വിനൈല്‍ ഒട്ടിച്ച നിലയിലുള്ള ഫ്ലോര്‍ കണ്ടപ്പോള്‍ത്തന്നെ തനിക്ക് അപായമണി മുഴങ്ങിയെന്ന് ജുബിൻ പറയുന്നു. കൂടുതല്‍ പരിശോധനയ്ക്കായി ഡോർ സിൽ ക്ളാഡിങ്ങുകൾ ഇളക്കി മാറ്റ് ഉയർത്തി നോക്കിയപ്പോഴുള്ള കാഴ്ച കണ്ട് ജുബിൻ ഞെട്ടിപ്പോയി. വാഹനത്തിന്‍റെ നാലു ഡോറുകൾക്കും നേരെയുള്ള ഫ്ളോറിങ്ങിനു താഴെ പ്ളാറ്റ്ഫോമിനെ തുരുമ്പ് കാർന്നുതിന്ന നിലയിലായിരുന്നു. ഇതെങ്ങനെ സംഭവിച്ചു? ഫ്ലോറില്‍ ഒട്ടിച്ച വിനൈല്‍ തന്നെയായിരുന്നു വില്ലൻ എന്ന് ജുബിൻ പറയുന്നു. തുരുമ്പ് മാത്രമല്ല വിനൈല്‍ ഫ്ലോറിംഗ് കാരണം സംഭവിക്കാവുന്ന ദോഷമെന്നും അതൊക്കെ അറിയണമെങ്കില്‍ ആദ്യം കമ്പനി വാഹനത്തില്‍ നല്‍കിയിരിക്കുന്ന കാര്‍പെറ്റിന്‍റെ ജോലി എന്താണെന്ന് മനസിലാക്കണം എന്നും ജുബിൻ പറയുന്നു.
കാര്‍പെറ്റിന്‍റെ ജോലി
വാഹനങ്ങൾ പൊതുവെ ഫാക്ടറിയിൽ നിന്നും വരുമ്പോൾ അതിന്റെ തറയിൽ അഥവാ പ്ളാറ്റ്ഫോമിൽ ഒരു ഫെൽറ്റ് ലൈനിങ്ങ് അഥവാ കാർപെറ്റാണ് ഉണ്ടാവുക. അതിനു മുകളിൽ ഫ്ളോർ മാറ്റുകൾ വേറെയും. നമ്മൾ പുറത്തു നിന്നും ചവിട്ടിക്കയറ്റുന്ന പൊടിയും അഴുക്കുമെല്ലാം ഈ ഫ്ളോർ മാറ്റുകളിലാണ് അടിയുക. ഇവയിൽ നിന്നും വശങ്ങളിലേക്ക് പോകുന്ന പൊടിയും മണ്ണുമൊക്കെ എങ്ങോട്ടും പറക്കാതെ പിടിച്ചു നിർത്തുകയാണ് ഫ്ളോർ കാർപെറ്റിന്റെ ജോലി. ശ്രദ്ധിച്ചാല്‍ മനസിലാക്കാം ഈ കാർപെറ്റിലെ ചെറിയ നാരുകൾ പൊടിയെ ആകർഷിക്കുന്ന രീതി. നന്നായി ബ്രഷ് ചെയ്താൽ മാത്രമേ ആ പൊടി ഇളകി വരികയുള്ളൂ. ഈ കാർപ്പെറ്റിനു മുകളിലേക്കോ, കാർപെറ്റ് ഇളക്കിയിട്ട് നേരെ പ്ളാറ്റ്ഫോമിലേക്കോ ആണ് വിനൈൽ ഫ്ളോറിങ്ങ് ചെയ്യുക. രണ്ടു രീതിയിലും ഈ ജോലി ചെയ്യുന്നവരുണ്ട്.
പൊടി ശല്യം
ഒറിജിനൽ കാർപെറ്റ് പൊടിയെ വലിച്ചെടുക്കുമ്പോൾ വിനൈൽ മാറ്റ് അതിനെ പുറന്തള്ളുകയാണ് ചെയ്യുന്നത്. അതായത് എസി ഉപയോഗിക്കുമ്പോൾ സൂക്ഷ്മമായ പൊടിപടലങ്ങൾ വാഹനത്തിനകത്തും, എസി വെന്റുകളുടെ ഉള്ളിലുമെല്ലാം കടന്നു ചെല്ലും. ഇത് വാഹനത്തിന്റെ ഇന്റീരിയറിലെ മറ്റു ഭാഗങ്ങൾ കൂടി വൃത്തികേടാകാൻ വഴിയൊരുക്കും.
തുരുമ്പ്
വിനൈല്‍ ഫ്ലോറിംഗ് ചെയ്‍ത ഒരു വാഹനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ഗുരുതരമായ പ്രശ്‍നം തുരുമ്പ് ആണ്. മാറ്റ് ഒട്ടിക്കുന്ന രണ്ട് രീതികളിൽ ഒറിജിനൽ കാർപ്പെറ്റിനു മുകളിലൂടെ വിനൈൽ ഒട്ടിക്കുന്ന വാഹനങ്ങളിലാണ് ഈ പ്രശ്നം ഏറെയും കണ്ടുവരുന്നത്. ഫ്ളോറിങ്ങിന്റെ വിടവുകൾക്കിടയിലൂടെ ഏതെങ്കിലും കാരണവശാൽ വെള്ളം അകത്തേക്കിറങ്ങിയാൽ അതിനെ ബാഷ്പീകരിച്ച് പുറന്തള്ളാനാണ് ഫെൽറ്റ് ലൈൻഡ് കാർപെറ്റ് വാഹനനിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്. പക്ഷേ, മുകളിൽ വിനൈൽ ഉള്ളിടത്തോളം കാലം ആ വെള്ളം കാർപെറ്റിൽ നിന്ന് മുകളിലേക്ക് പോകാനാവാതെ ഫ്ളോറിലേക്കെത്തും. പ്ളാറ്റ്ഫോമുമായുള്ള നിരന്തരസമ്പർക്കം മൂലം അവിടെ പെയിന്റ് ഇളകും, തുരുമ്പ് അതിന്റെ ജോലിയും തുടങ്ങും. ഇത് ഉടനെയൊന്നും ആരും ശ്രദ്ധിക്കില്ല എന്നതാണ് ദുരന്തത്തിന്‍റെ വ്യാപ്‍തി കൂട്ടുന്നതെന്ന് ജുബിൻ പറയുന്നു. നാലഞ്ച് വർഷമെങ്കിലും കഴിഞ്ഞിട്ടാവും വിനൈൽ എവിടെയെങ്കിലും കീറിയിരിക്കുന്നതു കാണുന്നത്. അത് മാറ്റിയേക്കാമെന്ന് കരുതി ഇളക്കുമ്പോൾ മാത്രമായിരിക്കും വാഹനത്തിന്‍റെ പ്ലാറ്റ് ഫോം തുരുമ്പെടുത്ത വിവരം ഉടമ അറിയുന്നതെന്നും ജുബിൻ ജേക്കബ് പറയുന്നു.
ചൈനീസ് കാര്‍ കമ്പനിക്ക് കനത്ത തിരിച്ചടി, 8199 കോടിയുടെ ആ പ്ലാന്‍റ് ഇന്ത്യയില്‍ വേണ്ടെന്ന് കേന്ദ്രം
ശ്വാസസംബന്ധരോഗങ്ങൾ
വാഹനത്തിന് ഉള്ളിൽ പൊടി പറക്കുമ്പോൾ സ്ഥിരമായി ഈ വാഹനത്തിൽ സഞ്ചരിക്കുന്നവർക്ക് വിട്ടുമാറാത്ത തുമ്മൽ, മൂക്കൊലിപ്പ്, ജലദോഷം തുടങ്ങി ചുമയും ശ്വാസതടസ്സവും വരെയുണ്ടാകും. ഡോക്ടര്‍മാര്‍ ഇക്കാര്യം പറയുന്നതായും മാത്രമല്ല ഏതാനും വർഷങ്ങളായി ഇതു സംബന്ധിച്ച് താൻ സ്വന്തം നിലയിൽ നടത്തിയ അന്വേഷണങ്ങളിലും പഠനങ്ങളിലും ഇത് ശരിയാണെന്ന് തെളിഞ്ഞതായി ജുബിൻ പറയുന്നു. കാറിൽ വിനൈൽ ഫ്ളോറിങ്ങ് ചെയ്തതിനു ശേഷം വീട്ടിൽ പ്രായമായവർക്കോ, കുട്ടികൾക്കോ വിട്ടുമാറാത്ത ജലദോഷമോ, ശ്വാസസംബന്ധമായ പ്രശ്നങ്ങളുണ്ടെങ്കിൽ ആദ്യം ഫ്ളോറീങ്ങ് നീക്കം ചെയ്യുക. 99 ശതമാനം സംഭവങ്ങളിലും അതു തന്നെയാവും പ്രതിയെന്നും ജുബിൻ ഉറപ്പിച്ച് പറയുന്നു.
ഈ പ്രശ്‍നങ്ങള്‍ പരിഹരിക്കാൻ ഒറിജിനൽ കാർപെറ്റിനു പുറമെ നല്ല നിലവാരമുള്ള റിമൂവബിൾ മാറ്റുകൾ വാങ്ങി ഇടുന്നതാണ് നല്ലതെന്നും ഒപ്പം ഒരു ചെറിയ വാക്വം ക്ളീനർ വാങ്ങി ആഴ്ചയില്‍ ഒരിക്കലെങ്കിലും കാറിന്റെ ഉൾഭാഗം നന്നായി വാക്വം ചെയ്യന്നതും നന്നായിരിക്കുമെന്നും ജുബിൻ ജേക്കബ് വ്യക്തമാക്കുന്നു.