മാരുതി കാറുകള്‍ പൊള്ളും, ഈ ആറ് മോഡലുകളുടെ വില വര്‍ദ്ധന ഇങ്ങനെ!
വിലക്കയറ്റത്തിന് ശേഷം ഈ ആറ് മോഡലുകളിൽ ഏതെങ്കിലുമൊന്ന് വീട്ടിലെത്തിക്കാൻ ഒരാൾക്ക് എത്ര പണം അധികമായി നൽകണം എന്നറിയാം
മാരുതി സുസുക്കി തങ്ങളുടെ ആറ് മോഡലുകളുടെ വില വർധിപ്പിച്ചു. ഈ മാസം മുതൽ, സ്വിഫ്റ്റ്, സെലേറിയോ, വാഗൺആർ തുടങ്ങിയ ജനപ്രിയ ഹാച്ച്ബാക്കുകളുടെയും മറ്റ് മോഡലുകളായ ഡിസയർ, സിയാസ്, എക്സ്എൽ6 എന്നിവയുടെയും വില 15,000 രൂപ വരെ വർദ്ധിപ്പിച്ചു. 1,500 രൂപ ആണ് ഈ മാരുതി സുസുക്കി മോഡലുകളുടെ ഏറ്റവും കുറഞ്ഞ വില വർദ്ധന. പുതിയ വിലകൾ ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും. വിലക്കയറ്റത്തിന് ശേഷം ഈ ആറ് മോഡലുകളിൽ ഏതെങ്കിലുമൊന്ന് വീട്ടിലെത്തിക്കാൻ ഒരാൾക്ക് എത്ര പണം നൽകണം എന്നറിയാം
മാരുതി സുസുക്കി വാഗൺആർ
മാരുതി സുസുക്കി വാഗൺആറിന് 1,500 രൂപ വരെ വില വർധിച്ചു . അടിസ്ഥാന വേരിയന്റിന് 5.54 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതലാണ് വാഗൺആറിന്റെ വില . കാറിന്റെ മുൻനിര മോഡലിന്റെ വില 7.40 ലക്ഷം രൂപ (എക്സ്-ഷോറൂം) വരെയാണ്.
മാരുതി സുസുക്കി സിയാസ്
മാരുതി സുസുക്കി സിയാസിന്റെ വില 11,000 രൂപ വരെ വർദ്ധിച്ചു . എന്നിരുന്നാലും, വിവിധ മോഡലുകളിൽ വില വർദ്ധനവ് വ്യത്യസ്തമാണ്. ഉദാഹരണത്തിന്, സിഗ്മ, ആൽഫ, ആൽഫ ഓട്ടോമാറ്റിക് മോഡലുകളുടെ വില 10,500 രൂപ കൂടി . അതുപോലെ, ഡെൽറ്റ, ഡെൽറ്റ ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 6,500 രൂപയും സെറ്റ, സെറ്റ ഓട്ടോമാറ്റിക് മോഡലുകൾക്ക് 11,000 രൂപയും വില വർധിച്ചു.
മാരുതി സുസുക്കി സെലേറിയോ
1,500 രൂപയുടെ വിലവർദ്ധനവിന് ശേഷം , അടിസ്ഥാന LXi വേരിയന്റിന് 5.36 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയുമായി മാരുതി സുസുക്കി സെലേരിയോ വരുന്നു . ടോപ്പ്-സ്പെക്ക് ZXi+ AMT പതിപ്പിന് 7.14 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) വില.
മാരുതി സുസുക്കി XL6
മാരുതി സുസുക്കി XL6 ന് 15,000 രൂപ വരെ വില വർധിച്ചു . വില വർദ്ധനയ്ക്ക് ശേഷം, എംപിവിയുടെ പ്രാരംഭ വില 11.41 ലക്ഷം രൂപ (എക്സ്-ഷോറൂം)
മാരുതി സുസുക്കി സ്വിഫ്റ്റ്
5,000 രൂപയുടെ വിലക്കയറ്റത്തിന് ശേഷം , മാരുതി സുസുക്കി സ്വിഫ്റ്റ് 5.99 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയുമായി വരുന്നു . കാറിന്റെ മുൻനിര മോഡലിന് 8.97 ലക്ഷം രൂപ (എക്സ്-ഷോറൂം) വിലയുണ്ട്.
മാരുതി സുസുക്കി ഡിസയർ
മാരുതി സുസുക്കി ഡിസയറിന് 7,500 രൂപ വരെ വില വർധിച്ചു . 6.51 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിലാണ് ഇപ്പോൾ കാറിന്റെ വരവ് .