മോദി തറക്കല്ലിട്ട മറ്റൊരു വേഗ വിപ്ലവം, ഈ നഗരങ്ങള്‍ തമ്മിലുള്ള ദൂരവും വെറും രണ്ടു മണിക്കൂറിലേക്ക്!
ദില്ലി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴിയുടെ നിർമാണം ഡിസംബറോടെ പൂർത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദില്ലി-ഡെറാഡൂൺ എക്‌സ്‌പ്രസ് വേ അടുത്ത വർഷം ജനുവരി മുതൽ പ്രവർത്തനക്ഷമമാകുമെന്ന് റിപ്പോര്‍ട്ട്. ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴിയുടെ നിർമാണം ഡിസംബറോടെ പൂർത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചില ഭാഗങ്ങളിൽ വന്യജീവി പാസുകളുള്ള പുതിയ എക്‌സ്പ്രസ് വേ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് (എൻഎച്ച്എഐ) നിർമ്മിക്കുന്നത്. ഇത് രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം വെറും രണ്ട് മണിക്കൂറായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ ഡൽഹി-മീററ്റ് എക്‌സ്‌പ്രസ് വേയിലൂടെ ഏകദേശം ആറ് മണിക്കൂർ ആണഅ. ഹരിദ്വാർ, മുസാഫർനഗർ, ഷാംലി, യമുനഗർ, ബാഗ്പത്, മീററ്റ്, ബരാൗത്ത് എന്നിവിടങ്ങളിലേക്ക് ബന്ധിപ്പിക്കുന്നതിന് 7 പ്രധാന ഇന്റർചേഞ്ചുകൾ ഉണ്ടാകും.
ദില്ലി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴി ഏകദേശം 8,300 കോടി രൂപ ചെലവിൽ നിർമിക്കുന്നത്. 2021 ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ ദില്ലി -ഡെറാഡൂൺ സാമ്പത്തിക ഇടനാഴിക്ക് തറക്കല്ലിട്ടത്. ഇതോടെ 18,000 കോടി രൂപയുടെ പതിനൊന്ന് വികസന പദ്ധതികള്‍ക്കാണ് തുടക്കമായത്. പദ്ധതിയുടെ ഭാഗമായി, ഈസ്‌റ്റേൺ പെരിഫറൽ എക്‌സ്‌പ്രസ്‌വേ, ദില്ലി-മീററ്റ് എക്‌സ്‌പ്രസ്‌വേ എന്നിവ വഴി ദില്ലിയെയും ഡെറാഡൂണിനെയും ബന്ധിപ്പിക്കുന്ന ഒരു പുതിയ റോഡാണ് വരുന്നത്. ഇതോടെ ഈ രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രയ്ക്കുള്ള ദൂരവും സമയവും ഗണ്യമായി കുറയ്ക്കും. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) മേൽനോട്ടത്തിൽ, മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ വാഹനമോടിക്കാൻ സഹായിക്കുന്ന തരത്തിലാണ് എക്സ്പ്രസ് വേ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അനിയന്ത്രിതമായ വന്യജീവി സഞ്ചാരത്തിനായി ഹൈവേയുടെ 12 കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ വന്യജീവി എലിവേറ്റഡ് ഇടനാഴിയാണ് ഈ എക്‌സ്‌പ്രസ് വേയുടെ പ്രധാന ശ്രദ്ധാകേന്ദ്രം.
100 കിമീ വേഗതയില്‍ കാട്ടിലൂടെ പായാം, ചെലവ് 8,300 കോടി, ഇതാ ഇന്ത്യയുടെ പുത്തന്‍ റോഡ്!
അടുത്ത വർഷം ജനുവരി ഒന്നു മുതൽ ഡെറാഡൂണിൽ നിന്ന് ഡൽഹിയിലേക്ക് രണ്ട് മണിക്കൂറിനുള്ളിൽ ആളുകൾക്ക് യാത്ര ചെയ്യാൻ സാധിക്കുമെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഡെറാഡൂണിന് സമീപമുള്ള ഹൈവേയുടെ അവസാന 20 കിലോമീറ്റർ ഭാഗത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. രാജാജി നാഷണൽ പാർക്കിന്റെ ഇക്കോ സെൻസിറ്റീവ് സോണിലൂടെയാണ് ഇത് കടന്നുപോകുന്നത്. 340 മീറ്റർ ദത്ത് കാലി തുരങ്കം ഉൾപ്പെടുന്ന 12 കിലോമീറ്റർ എലിവേറ്റഡ് വന്യജീവി ഇടനാഴിയാണ് നിർമിക്കുന്നത്. ചുറ്റുമുള്ള വന്യജീവികളെ സംരക്ഷിക്കാനാണ് തുരങ്കം ഉദ്ദേശിക്കുന്നതെന്നും ഗഡ്കരി പറഞ്ഞു.
ഡൽഹി-ഡെറാഡൂൺ എക്‌സ്‌പ്രസ്‌വേ രണ്ട് നഗരങ്ങൾക്കുമിടയിലുള്ള ദൂരം 25 കിലോമീറ്റർ കുറച്ച് 210 കിലോമീറ്ററായി ചുരുക്കും. ഡൽഹിക്കും ഹരിദ്വാറിനും ഇടയിലുള്ള യാത്രക്കാർക്ക് ഇപ്പോൾ എടുക്കുന്ന അഞ്ച് മണിക്കൂറിന് പകരം രണ്ട് മണിക്കൂറിനുള്ളിൽ ദൂരം താണ്ടാനും ഇത് സഹായിക്കും. ഇടനാഴിയിൽ ഹരിദ്വാർ, മുസഫർനഗർ, ഷാംലി, യമുനഗർ, ബാഗ്പത്, മീററ്റ്, ബരാത്ത് എന്നിവിടങ്ങളിലേക്കുള്ള ഏഴ് പ്രധാന ഇന്റർചേഞ്ചുകൾ ഉണ്ടാകും.
ഡൽഹി-ഡെറാഡൂൺ എക്‌സ്‌പ്രസ് വേക്ക് 2020-ൽ ആണ് കേന്ദ്ര സര്‍ക്കാരിന്‍റെ അംഗീകാരം ലഭിക്കുന്നത്. പിന്നാലെ ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) ഡൽഹി-ഡെറാഡൂൺ എക്‌സ്പ്രസ് വേയുടെ നിർമാണത്തിന് അനുമതി നൽകി. ഗണേഷ്പൂർ-ഡെറാഡൂൺ റോഡിൽ (NH-72A) സ്ട്രെച്ചിലെ മൃഗങ്ങളുടെ ഇടനാഴിയിൽ പരിസ്ഥിതിക്ക് ഒരു നാശവും സംഭവിക്കില്ലെന്നും ഒരു തടസ്സവും ഉണ്ടാക്കില്ലെന്നും വിലയിരുത്തിയ ശേഷമാണ് ദേശീയ ഹരിത ട്രൈബ്യൂണൽ അനുമതി നൽകിയത്.