വേഗവിപ്ലവത്തിന് തിരികൊളുത്തി പ്രധാനമന്ത്രി, ഈ മഹാനഗരങ്ങള്‍ തമ്മിലുള്ള ദൂരം ഇനി വെറും മൂന്നുമണിക്കൂര്‍!

ഇതോടെ ദില്ലിക്കും ജയ്‌പൂരിനും ഇടയിലുള്ള യാത്രാ സമയം ഒറ്റയടിക്ക് മൂന്ന് മണിക്കൂറായി കുറയും. 

Delhi Jaipur distance comes down to 3 hours with Delhi Mumbai Expressway

ദില്ലി-മുംബൈ എക്‌സ്‌പ്രസ് വേയുടെ സോഹ്‌ന-ദൗസ സെക്ഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം ചെയ്‍തത്. ഇതോടെ ദില്ലിക്കും ജയ്‌പൂരിനും ഇടയിലുള്ള യാത്രാ സമയം ഒറ്റയടിക്ക് മൂന്ന് മണിക്കൂറായി കുറയും. നിലവിലെ യാത്രാ സമയമായ അഞ്ച് മണിക്കൂറിൽ നിന്നാണ് ഈ കുറവ്. തിരക്കേറിയ ഡൽഹി-ജയ്പൂർ എക്‌സ്‌പ്രസ് ഹൈവേയ്‌ക്ക് ബദലായി 245 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന പാതയാണിത്. ഇന്ത്യയിലെ മികച്ച റോഡ് ശൃംഖലയുടെ നേട്ടത്തിന്‍റെ പ്രധാനപ്പെട്ട എക്സ്പ്രസ് ഹൈവേ ആയ 1,380 കിലോമീറ്റർ ദൈർഘ്യമുള്ള ദില്ലി-മുംബൈ എക്സ്പ്രസ് ഹൈവേയുടെ നിർണായക ഭാഗമാണ് സോഹ്‌ന-ദൗസ സ്ട്രെച്ച്.

12,150 കോടിയില്‍ അധികം രൂപ ചെലവിൽ നിർമ്മിച്ച ദില്ലി-മുംബൈ എക്‌സ്‌പ്രസ് വേയുടെ സോഹ്‌ന-ദൗസ സ്‌ട്രെച്ച് ഹരിയാനയിൽ 160 കിലോമീറ്റർ ദൂരവും ഗുരുഗ്രാം, പൽവാൽ, നുഹ് ജില്ലകളിലൂടെയും കടന്നുപോകുന്നു. ഗുരുഗ്രാം ജില്ലയിലെ 11 ഗ്രാമങ്ങളും പൽവാലിലെ ഏഴ് ഗ്രാമങ്ങളും നുഹ് ജില്ലയിലെ 47 ഗ്രാമങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഈ പാത ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേയുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു. 

ദേശീയ തലസ്ഥാനത്തെ ഇന്ത്യയുടെ ബിസിനസ് തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന ഏറെ ആഘോഷിക്കപ്പെട്ട എക്‌സ്പ്രസ് ഹൈവേയുടെ മറ്റ് ഭാഗങ്ങൾ പോലെ, സോഹ്‌ന-ദൗസ സ്ട്രെച്ചും എട്ട് വരി പ്രവേശന നിയന്ത്രിത എക്‌സ്പ്രസ് വേയാണ്. ഇത് ഭാവിയിൽ ട്രാഫിക്കിനെ ആശ്രയിച്ച് 12 ലെയ്‌നുകളായി വികസിപ്പിക്കാൻ കഴിയും. പൂർത്തിയായിക്കഴിഞ്ഞാൽ, ഡൽഹി-മുംബൈ എക്‌സ്‌പ്രസ്‌വേ രണ്ട് മെട്രോ നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം 12 മണിക്കൂറായി കുറയ്ക്കും. നിലവില്‍ ഈ രണ്ട് നഗരങ്ങൾക്കിടയിൽ യാത്ര ചെയ്യാൻ 24 മണിക്കൂറോളം വേണം. 

ദില്ലി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ ആറ് സംസ്ഥാനങ്ങളിലൂടെയാണ് ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേ കടന്നുപോകുന്നത്. ദില്ലി, കോട്ട, ഇൻഡോർ, ജയ്പൂർ, ഭോപ്പാൽ, വഡോദര, സൂറത്ത് തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് അതിവേഗ പാത. പൂർത്തിയാകുമ്പോൾ, ഇത് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്‌സ്പ്രസ് ഹൈവേ ആയിരിക്കും. കൂടാതെ രാജ്യത്തുടനീളമുള്ള 13 ഷിപ്പിംഗ് തുറമുഖങ്ങൾക്കും എട്ട് വലിയ വിമാനത്താവളങ്ങൾക്കും എട്ട് മൾട്ടി-നോഡൽ ലോജിസ്റ്റിക് പാർക്കുകൾക്കും ഇത് പ്രയോജനം ചെയ്യും.

അതേസമയം എക്സ്പ്രസ്‌ വേ രാജസ്ഥാനിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‍ടിക്കുമെന്നു റോഡ് ഉദ്ഘാടനം ചെയ്‍തുകൊണ്ട് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 12,150 കോടി രൂപ ചെലവിലാണ് ആദ്യഘട്ടം പൂർത്തീകരിച്ചത്.  ഗതാഗതമന്ത്രി നിതിൻ ഗഡ്‍കരിയടക്കമുള്ളവർ പങ്കെടുത്തു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും വിഡിയോ കോൺഫറൻസ് വഴി പങ്കെടുത്തു.

Latest Videos
Follow Us:
Download App:
  • android
  • ios