വീടുകളിലിരിക്കുന്ന ജീവനക്കാര്‍ക്ക് വേതനം നല്‍കി എത്രകാലം മുന്നോട്ട് പോകാനാവും:രാജീവ് ബജാജ്
സുരക്ഷയെക്കരുതി വീടുകളില്‍ ഇരിക്കാന്‍ താല്‍പര്യപ്പെടുന്ന ജീവനക്കാര്‍ക്ക് അതിനുള്ള അവസരമുണ്ട്. പക്ഷേ പ്രതിരോധ മരുന്ന് കണ്ടെത്തുന്നത് വരെ വീട്ടിലിരിക്കുന്ന തൊഴിലാളിക്ക് വേതനം നല്‍കാന്‍ കമ്പനിക്ക് എങ്ങനെയാണ് സാധിക്കുക.
മുംബൈ: വീടുകളിലിരിക്കുന്ന തൊഴിലാളികള്‍ക്ക് വേതനം നല്‍കി എത്രകാലം മുന്നോട്ട് പോകാനാവുമെന്ന് ബജാജ് ഓട്ടോ എംഡി രാജീവ് ബജാജ്. ഔറംഗബാദിലെ ബജാജ് സ്ഥാപനങ്ങള്‍ക്ക് പരിസരത്തും കൊവിഡ് 19 ഭീഷണിയുയരുന്ന സാഹചര്യത്തിലാണ് രാജീവ് ബജാജിന്‍റെ പ്രതികരണം. തൊഴിലാളികളുടെ ക്ഷേമവും ജോലി സുരക്ഷയുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഇക്കണോമിക്സ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ രാജീവ് ബജാജ് പറയുന്നു.
എല്ലാവരുടെ ജീവനും വിലയേറിയതാണ്. തൊഴിലാളികളുടെ ജീവന് അപകടമുണ്ടാകുന്ന സാഹചര്യങ്ങളോട് മാനേജ്മെന്‍റിനും താല്‍പര്യമില്ല. തൊഴിലാളികളോട് ഇക്കാര്യം കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് കൊവിഡ് 19 കേസുകള്‍ ദിനംതോറും വര്‍ധിക്കുകയാണ്. സുരക്ഷയെക്കരുതി വീടുകളില്‍ ഇരിക്കാന്‍ താല്‍പര്യപ്പെടുന്ന ജീവനക്കാര്‍ക്ക് അതിനുള്ള അവസരമുണ്ട്. പക്ഷേ പ്രതിരോധ മരുന്ന് കണ്ടെത്തുന്നത് വരെ വീട്ടിലിരിക്കുന്ന തൊഴിലാളിക്ക് വേതനം നല്‍കാന്‍ കമ്പനിക്ക് എങ്ങനെയാണ് സാധിക്കുക. ഒന്നോ രണ്ടോ വര്‍ഷം തൊഴിലാളികള്‍ വീടുകളില്‍ ഇരുന്നാല്‍ ലോകത്തിലെ ഒരു കമ്പനിക്കും വേതനം നല്‍കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.
ജോലിയില്ലെങ്കില്‍ വേതനമില്ല എന്ന നയം സ്വീകരിക്കേണ്ട അവസ്ഥയിലാണ് നിലവിലുള്ളത്. ലോക്ക്ഡൌണ്‍ കാലത്ത് ആളുകളെ വെട്ടിക്കുറക്കുകയോ വേതനം വെട്ടിക്കുറയ്ക്കുകയോ കമ്പനി ചെയ്തിട്ടില്ല. സ്വയമായി ജീവനക്കാര്‍ കുറക്കാന്‍ തയ്യാറായ തുകയാണ് കമ്പനി വേതനത്തില്‍ കുറച്ചിട്ടുള്ളത്. തൊഴിലിടങ്ങളിലേക്ക് മടങ്ങിയെത്താന്‍ ജീവനക്കാര്‍ ഭീതി പ്രകടിപ്പിച്ചിട്ടില്ല. ഏതെങ്കിലും തരത്തില്‍ രോഗലക്ഷണം കാണിക്കുന്നവര്‍ക്ക് കമ്പനി നല്‍കുന്ന ചികിത്സാ സൌകര്യങ്ങള്‍ക്ക് തൊഴിലാളികള്‍ സാക്ഷികളാണ്.
ലോക്ക് ഡൗൺ ക്രൂരമായ നീക്കമെന്ന് തുറന്നടിച്ച് ബജാജ് മുതലാളി
കൃത്യമായ സമയങ്ങളില്‍ ആരോഗ്യ വകുപ്പില്‍ നിന്നും തൊഴില്‍ വകുപ്പില്‍ നിന്നും ഉദ്യോഗസ്ഥരെത്തി സജ്ജീകരണങ്ങള്‍ പരിശോധിക്കുന്നുണ്ട്. എല്ലാ വ്യാപാര മേഖലയിലും വെല്ലുവിളികളുണ്ട്. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും കമ്പനി ഉറപ്പുവരുത്തുന്നുണ്ടെന്നും രാജീവ് ബജാജ് പ്രതികരിക്കുന്നു. കേന്ദ്ര സർക്കാർ നടപ്പാക്കിയ ലോക്ക് ഡൗൺ ക്രൂരമായ നീക്കമായിപ്പോയെന്നും കൊവിഡിനെ തുരത്തുന്നതിനു പകരം രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ തകർത്തെന്നും രാജീവ് ബജാജ് നേരത്തെ തുറന്നടിച്ചിരുന്നു.