ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹന വില കുതിച്ചുയരും!
ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണിയില്‍ വമ്പന്‍ കുതിപ്പുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകല്‍.
ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വാഹന വിപണി വീണ്ടും ഉണര്‍ന്നു തുടങ്ങി. ജൂൺ മുതൽ പ്രവർത്തനങ്ങൾ പൂര്‍ണമായും ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വമ്പന്‍ പ്രതീക്ഷയിലാണ് വാഹന വിപണി. ചില നിരീക്ഷണങ്ങൾ പറയുന്നത്, ലോക്ക് ഡൗൺ നീങ്ങിയാൽ കാറുകളുടെ ആവശ്യകത വർദ്ധിക്കുമെന്നും പൊതുഗതാഗതവും ക്യാബ് ഷെയറിങ്ങുമൊക്കെ ഉപേക്ഷിച്ച് ഭൂരിപക്ഷം ആളുകളും സ്വന്തം വാഹനങ്ങളിലേക്ക് മാറുമെന്നും ആണ്.
ഇത് കൂടുതല്‍ ഗുണം ചെയ്യുക സെക്കൻഡ് ഹാൻഡ് വാഹന വിപണിക്കാണെന്നാണ് വിലയിരുത്തല്‍. വരുംനാളുകളില്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ വിൽപ്പന കൂടാൻ സാധ്യതയുണ്ടെന്നും ഓട്ടോമൊബൈൽ മാർക്കറ്റ്പ്ലേസ്, ഓട്ടോ സർവീസസ് കമ്പനികള്‍ വ്യക്തമാക്കുന്നു. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ആളുകള്‍ പൊതുഗതാഗത സംവിധാനങ്ങളോട് അകലം പാലിക്കുന്നത് ശീലമാക്കുന്നതോടെ പുതിയ വാഹനങ്ങളിലേക്ക് നിരവധി ആളുകള്‍ തിരിയും എന്നാണ് വിലയിരുത്തല്‍. അതേസമയം, പണത്തിന്റെ ലഭ്യത കണക്കിലെടുത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണിയെ ആയിരിക്കും ആശ്രയിക്കുക.
പ്രത്യേകിച്ച് മാരുതി ട്രൂ വാല്യു, മഹീന്ദ്ര ഫസ്റ്റ് ചോയിസ്, ടൊയോട്ട യു-ട്രസ്റ്റ്, ഹ്യുണ്ടായി എച്ച്-പ്രോമിസ് തുടങ്ങി വാഹനനിര്‍മാതാക്കള്‍ തന്നെ നേരിട്ട് നടത്തുന്ന യൂസ്‍ഡ് കാര്‍ ഷോറൂമുകളില്‍ വലിയ കച്ചവടമുണ്ടാകുമെന്നാണ് പ്രതീക്ഷ. കുറഞ്ഞ വിലയില്‍ വിശ്വാസ്യതയുള്ള വാഹനം തിരഞ്ഞെടുക്കാന്‍ ആളുകള്‍ ഇത്തരം യൂസ്ഡ് കാര്‍ ഡീലര്‍ഷിപ്പുകളെ ആശ്രയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനങ്ങള്‍ക്കായി ആളുകള്‍ വലിയ നിക്ഷേപം നടത്തുന്ന ട്രെന്റ് കുറഞ്ഞുവരികയാണെന്നും ഇത് യൂസ്ഡ് കാര്‍ വിപണിയുടെ പ്രധാന്യം ഉയര്‍ത്തുന്നതായും ഇരുചക്രവാഹനം ഉപയോഗിക്കുന്നവര്‍ കാര്‍ വാങ്ങാന്‍ ആലോചിക്കുമ്പോള്‍ ആദ്യം പരിഗണിക്കുന്നത് യൂസ്‍ഡ് കാറായിരിക്കുമെന്നുമൊക്കെയാണ് വിലയിരുത്തലുകള്‍. അനായാസം ലഭ്യമാകുന്ന വാഹനവായ്‍പ, ബിഎസ്-4 വാഹനങ്ങളും ബിഎസ്-6 വാഹനങ്ങളും തമ്മിലുള്ള വില വ്യത്യാസം എന്നിവയും യൂസ്ഡ് കാര്‍ വിപണിയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കൊറോണാനന്തരം ചൈനീസ് വാഹന വിപണിയില്‍ സംഭവിച്ച മാറ്റമാണ് വിദഗ്‍ധരുടെ ഈ കണക്കു കൂട്ടലുകള്‍ക്ക് ബലം പകരുന്നുണ്ട്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രങ്ങളിലൊന്നായിരുന്നു ചൈനയിലെ വുഹാൻ. ഇപ്പോള്‍ വുഹാനിലെ കാർ വിൽപനയിൽ വൻ കുതിച്ചുകയറ്റമാണെന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊതുഗതാഗത സംവിധാനങ്ങളെക്കാൾ സുരക്ഷിതമായ ബദലാണ് വ്യക്തിഗത വാഹനങ്ങൾ എന്ന തിരിച്ചറിവാണ് വിൽപ്പന ഉയരുന്നതിന്‍റെ പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊവിഡ് 19 ബാധയെ തുടർന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഹന വിപണിയായ ചൈനയില്‍ 2020 ഫെബ്രുവരിയിലെ വാഹന വിൽപ്പന അഞ്ചിലൊന്നായിട്ടാണു കുറഞ്ഞത്. ഒരു ഘട്ടത്തില്‍ 92 ശതമാനത്തോളം വില്‍പ്പന താഴ്ന്നിരുന്നു. ഫെബ്രുവരി രണ്ടാം പകുതിയിൽ 92 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയത്. ചില കമ്പനികളുടെ ഒരു വാഹനം പോലും ഈ കാലയളവിൽ വിറ്റിരുന്നില്ല. കഴിഞ്ഞ വർഷം ഫെബ്രുവരിയുടെ ആദ്യ 16 ദിവസം വിറ്റത് 59930 വാഹനമാണ് എന്നാൽ ഈ വർഷം ഇതേ കാലയളവിൽ വെറും 4909 വാഹനങ്ങൾ മാത്രമാണ് വിറ്റത്. ചൈന പാസഞ്ചർ കാർ അസോസിയേഷന്റെ കണക്കുകൾ പ്രകാരം കാർ ഷോറൂമുകളിലേക്ക് എത്തുന്ന ആളുകളുടെ എണ്ണത്തിൽ ഗണ്യമായി കുറവുമുണ്ടായി.
എന്നാല്‍ ഈ സ്ഥാനത്തു നിന്നും ഇപ്പോള്‍ വന്‍കുതിപ്പാണ് വിപണിയില്‍. 2020 ഏപ്രിൽ 8 നാണ് ഔദ്യോഗികമായി രാജ്യത്തെ ലോക്ക് ഡൗണ്‍ അവസാനിക്കുന്നത്. കടുത്ത നിയന്ത്രണങ്ങള്‍ പിൻവലിച്ചത് വാഹന വിൽപന പഴയ പടി ആക്കുന്നതിൽ സഹായിച്ചു എന്നാണ് വാഹന നിർമാതാക്കൾ പറയുന്നത്. സ്വകാര്യ വാഹനം കൂടുതൽ സുരക്ഷിതമാണെന്ന് തിരിച്ചറിഞ്ഞതോടെ ചെറു കാറുകളുടെ വിൽപനയിലും അന്വേഷണങ്ങളിലും വർദ്ധനവുണ്ടെന്നാണ് പറയുന്നത്. മിക്ക കുടുംബങ്ങളും തങ്ങളുടെ രണ്ടാമത്തെ കാറുകൾ വാങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇത് ചെറിയ വാഹനങ്ങളുടെ ആവശ്യം വർദ്ധിക്കുന്നതിലേക്ക് നയിക്കുകയാണ്. കൂടാതെ കാർ റെന്റൽ സർവീസുകളും യൂസിഡ് കാർ വിപണിയിലും വന്‍തിരക്കാണ്.
ഇന്ത്യയില്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ അവസാനിച്ചാല്‍ ഉടന്‍ വാഹനവില്‍പ്പനയില്‍ വന്‍ കുതിപ്പുണ്ടാകുമെന്നാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെയും വിലയിരുത്തല്‍. മാരുതി സുസുക്കി ഇന്ത്യ ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ അടുത്തിടെ ഇക്കാര്യം അഭിപ്രായപ്പെട്ടിരുന്നു. കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ആളുകള്‍ ശീലിച്ചുവരുന്ന സാമൂഹിക അകലം പാലിക്കല്‍ വാഹനമേഖലയ്ക്ക് ഗുണം ചെയ്യുമെന്നാണ് മാരുതി മേധാവി വ്യക്തമാക്കിയത്. ഇനിമുതല്‍ ആളുകള്‍ പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കാനും മറ്റുള്ളവര്‍ക്കൊപ്പം യാത്ര ചെയ്യാനും മടിക്കുമെന്നും അതുകൊണ്ടുതന്നെ അവര്‍ സ്വന്തം വാഹനം എന്ന കാര്യത്തെ കുറിച്ച് ഗൗരവമായി ചിന്തിച്ചുതുടങ്ങുമെന്നും ഇത് വാഹനവിപണിക്ക് ഗുണകരമാകുമെന്നുമാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ.