അപകടം മണത്ത് ഡ്രൈവർ, നാനോ കാറിൽ നിന്ന് ഇറങ്ങി ഓടി; പിന്നാലെ തീയും പുകയും, അപകടം ഒഴിവായത് തലനാരിഴക്ക്
നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് എത്തിയ മാനന്തവാടി അഗ്‌നിരക്ഷ യൂണിറ്റംഗങ്ങളാണ് തീ അണച്ചത്
മാനന്തവാടി: ഓടിക്കൊണ്ടിരിക്കെ വാഹനത്തില്‍ തീപടര്‍ന്നുണ്ടായ അപകടത്തില്‍ ആളപായം ഒഴിവായത് തലനാരിഴക്ക്. മാനന്തവാടിക്കടുത്ത എടവകയിലാണ് ഓടിക്കൊണ്ടിരുന്ന നാനോ കാറിന് തീപിടിച്ചത്. എടവക അമ്പലവയല്‍ ജംഗ്ഷന് സമീപത്ത് ഇന്നലെയായിരുന്നു സംഭവം. വാഹന ഉടമ എടവക രണ്ടേനാല്‍ മന്ദംകണ്ടി യാസിന്‍ വാഹനത്തില്‍നിന്ന് ഇറങ്ങി ഓടിയതിനാലാണ് അപകടം ഒഴിവായത്.
രാത്രിയും പകലും പരിശോധന! മദ്യപിച്ച് വാഹനമോടിക്കുന്നവരെ ശ്രദ്ധിക്കുക, ഒറ്റയടിക്ക് പിടിയിലായത് 167 പേർ
നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് എത്തിയ മാനന്തവാടി അഗ്‌നിരക്ഷ യൂണിറ്റംഗങ്ങളാണ് തീ അണച്ചത്. കാറിന്റെ ഇന്റീരിയറും പുറകിലെ സീറ്റുകളും കത്തി നശിച്ചു. എഞ്ചിനിലേക്കും തീപടര്‍ന്നിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഷോര്‍ട്ട് സര്‍ക്യട്ടാണെന്നാണ് പ്രാഥമിക നിഗമനം. സീനിയര്‍ ഫയര്‍ റെസ്‌ക്യു ഓഫീസര്‍ സെബാസ്റ്റ്യന്‍ ജോസഫ്, ഫയര്‍ റെസ്‌ക്യ ഓഫീസര്‍മാരായ പി കെ അനീഷ്, കെ സുധീഷ്, വി ആര്‍ മധു, ആര്‍ സി ലെജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കാര്‍ മരത്തില്‍ ഇടിച്ച് തലകീഴായി മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്
അതേസമയം ആലപ്പുഴയിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത മാന്നാറിൽ കാര്‍ മരത്തില്‍ ഇടിച്ച് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു എന്നതാണ്. മാന്നാർ-മാവേലിക്കര സംസ്ഥാന പാതയിൽ ചെറുകോൽ ശാന്തിവനം ജംഗ്ഷന് സമീപം പുലർച്ചെ മൂന്ന് മണിക്കാണ് അപകടം ഉണ്ടായത്. മാന്നാറിൽ നിന്നും മാവേലിക്കരയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാർ പൂർണ്ണമായും തകർന്ന നിലയിലാണ്. ഇടിയുടെ ആഘാതത്തിൽ മരം ഒടിഞ്ഞ് റോഡിലേക്ക് വീണു. കാർ ഡ്രൈവർ ചെറുകോൽ മണപ്പള്ളിൽ ജോൺവിളയിൽ ആഫിഖ് ജോൺ(26), സഹയാത്രികരായ കോട്ടയം കാരാപ്പുഴ ലീല വിളയിൽ റയാൻ റെജി (26), ചെറുകോൽ മുണ്ടപ്പള്ളിൽ അമൽകൃഷ്ണ (23) എന്നിവർക്കാണ് പരിക്കേറ്റത്. മാവേലിക്കര അഗ്നിശമന സേനാ യൂണിറ്റ് സംഭവ സ്ഥലത്തെത്തി കാറിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയും, കാറും റോഡിലേക്ക് വീണ മരവും റോഡിൽ നിന്ന് നീക്കി ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.