വില കൂടിയാലെന്താ ഈ ചൈനീസ് വണ്ടി വാങ്ങാൻ ഇന്ത്യയില്‍ തള്ളിക്കയറ്റം, കണ്ണുനിറഞ്ഞ് കമ്പനി!
എത്തി രണ്ട് മാസത്തിനുള്ളിൽ ഇന്ത്യയിലുടനീളം 700 യൂണിറ്റ് അറ്റോ3 ഇലക്ട്രിക് എസ്‌യുവി വിറ്റതായി കമ്പനി വ്യക്തമാക്കി
ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ബിവൈഡിയുടെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയായ അറ്റോ 3-ക്ക് ഗംഭീര വരവേല്‍പ്പ്. എത്തി രണ്ട് മാസത്തിനുള്ളിൽ ഇന്ത്യയിലുടനീളം 700 യൂണിറ്റ് അറ്റോ3 ഇലക്ട്രിക് എസ്‌യുവി വിറ്റതായി കമ്പനി വ്യക്തമാക്കി. പുറത്തിറക്കിയതിന് ശേഷമുള്ള ആദ്യ രണ്ട് മാസങ്ങൾക്കുള്ളിലാണ് കമ്പനിയുടെ ഈ നേട്ടം എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ വർഷം നവംബറിൽ ലോഞ്ച് ചെയ്‍ത ഇലക്ട്രിക് എസ്‌യുവി ഇതുവരെ വാങ്ങുന്നവർക്കിടയിൽ വളരെയധികം താൽപ്പര്യം നേടിയതായി ബിവൈഡി പറഞ്ഞു. ആദ്യ മാസത്തിൽ തന്നെ 2,000 ആയിരം ബുക്കിംഗുകൾ ഇത് നേടിയിരുന്നു. e6 ത്രീ-വരി ഇലക്ട്രിക് MPV-ക്ക് ശേഷം ബിവൈഡി ഇന്ത്യയിൽ അവതരിപ്പിക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് വാഹനമാണ് അറ്റോ 3. ബിവൈഡി അറ്റോ 3 ഇലക്ട്രിക് എസ്‌യുവി ഒതുക്കമുള്ളതും വേറിട്ടതുമാണ്. ഇന്ത്യയിൽ ഹ്യുണ്ടായ് കോന, എംജി ഇസഡ്എസ് ഇവി എന്നിവയ്‌ക്ക് അറ്റോ 3 എതിരാളികളാണ്.
ഈ വർഷം ജനുവരിയിൽ അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയുടെ 340 യൂണിറ്റുകൾ വിതരണം ചെയ്തതായി ബിവൈഡി നേരത്തെ അറിയിച്ചിരുന്നു. ഈ വർഷം ആദ്യം നടന്ന ഓട്ടോ എക്‌സ്‌പോയിൽ ഇലക്ട്രിക് എസ്‌യുവിയുടെ ലിമിറ്റഡ് എഡിഷൻ പതിപ്പും ബിവൈഡി പുറത്തിറക്കിയിരുന്നു. 34.49 ലക്ഷം രൂപയാണ് ഫോറസ്റ്റ് ഗ്രീൻ ഷെയ്ഡിൽ പൊതിഞ്ഞ, പ്രത്യേക പതിപ്പായ അറ്റോ 3 യുടെ എക്സ്-ഷോറൂം വില. ഇന്ത്യയിൽ ഈ നാഴികക്കല്ല് ആഘോഷിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ബിവൈഡി ഇന്ത്യയിലെ ഇലക്ട്രിക് പാസഞ്ചർ വെഹിക്കിൾസ് സീനിയർ വൈസ് പ്രസിഡന്റ് സഞ്ജയ് ഗോപാലകൃഷ്ണൻ പറഞ്ഞു. ഫെബ്രുവരിയിലെ കണക്കനുസരിച്ച്, വെറും രണ്ട് മാസത്തിനുള്ളിൽ ഞങ്ങൾ 700-ലധികം യൂണിറ്റ് ബിവൈഡി അറ്റോ 3-കൾ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് എത്തിച്ചു, കൂടാതെ ഉപഭോക്താക്കളിൽ നിന്ന് വളരെ നല്ല പ്രതികരണം ലഭിച്ചു. കൂടുതൽ കൂടുതൽ ഉപഭോക്താക്കൾ ഞങ്ങളുടെ പ്രീമിയം ഇലക്ട്രിക് എസ്‌യുവി തിരഞ്ഞെടുക്കുമെന്ന് തങ്ങൾ വിശ്വസിക്കുന്നു. എല്ലായ്‌പ്പോഴും എന്നപോലെ, തങ്ങൾ വിപണിയോടും ഉപഭോക്താക്കളോടും ഞങ്ങളുടെ ഡീലർ ശൃംഖലയോടും പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി.
വരുന്നൂ ബിഎംഡബ്ല്യു CE04 ഇലക്ട്രിക് സ്‍കൂട്ടർ
ലോകമെമ്പാടുമുള്ള ബിവൈഡിയിൽ നിന്നുള്ള ഏറ്റവും ജനപ്രിയവും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതുമായ മോഡലുകളിൽ ഒന്നാണ് അറ്റോ 3. വിവിധ രാജ്യങ്ങളിലും പ്രദേശങ്ങളിലും ലോഞ്ച് ചെയ്ത് 11 മാസത്തിനുള്ളിൽ ഇലക്ട്രിക് കാർ നിർമ്മാതാവ് 2.5 ലക്ഷം യൂണിറ്റ് ഇലക്ട്രിക് എസ്‌യുവി വിറ്റു. ജനുവരിയിൽ തന്നെ ആഗോളതലത്തിൽ ആറ്റോ 3യുടെ 23,231 യൂണിറ്റുകൾ ബിവൈഡി വിറ്റഴിച്ചു.
ബിവൈഡി അറ്റോ3-ൽ ബ്ലേഡ്-ടൈപ്പ് ലിഥിയം-അയൺ ബാറ്ററി സജ്ജീകരിച്ചിരിക്കുന്നു, നിലവിൽ ലഭ്യമായ എല്ലാ EV-കളിലും ലഭ്യമായ ഏറ്റവും ഡ്യൂറബിൾ ബാറ്ററികളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. അറ്റോ 3 യുടെ ബാറ്ററി കപ്പാസിറ്റി 60.48 kWh ആണ്, ഒറ്റ ചാർജിൽ 480 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് ഉണ്ട്, ARAI റേറ്റുചെയ്ത ഡ്രൈവിംഗ് റേഞ്ച് 521 കിലോമീറ്ററാണ്. 50 മിനിറ്റിനുള്ളിൽ ബാറ്ററി 0-80 ശതമാനം വേഗത്തിൽ ചാർജ് ചെയ്യാം. ബിവൈഡി അറ്റോ 3ക്ക് പൂജ്യത്തില്‍ നിന്നും 100 കിമി വേഗത വെറും 7.3 സെക്കൻഡിൽ വേഗത കൈവരിക്കാനാകും.
ബിവൈഡി ഡിപിലോട്ട് എന്ന് വിളിക്കപ്പെടുന്ന ഒരു അഡ്വാൻസ്ഡ് ഡ്രൈവർ എയ്ഡ്സ് സിസ്റ്റവും ഈ എസ്‌യുവിയിൽ സജ്ജീകരിച്ചിരിക്കുന്നു. ഏഴ് എയർബാഗുകൾ, പനോരമിക് സൺറൂഫ്, തിരിക്കാൻ കഴിയുന്ന 12.8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എൻഎഫ്‌സി കാർഡ് കീ, വെഹിക്കിൾ ടു ലോഡ് (വിടിഒഎൽ) ഫീച്ചറും ഉണ്ട്.