കുലുക്കം കാരണം ഉറക്കം പോയി, ഡ്രൈവറുടെ അരികിലെത്തിയപ്പോള്‍ ആ കാഴ്ച കണ്ട് ഞെട്ടി..!

ആന്റോ ജോസ് എന്ന യുവാവ് ഫെയ്‍സ് ബുക്കില്‍ ഇട്ട പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. പരുക്കന്‍ ഡ്രൈവിംഗിനെ തുടര്‍ന്ന് ഉറക്കം കിട്ടാതായപ്പോള്‍ ഡ്രൈവറുടെ കാബിന് സമീപത്തേക്ക് എത്തിയപ്പോഴാണ് യുവാവ് ഞെട്ടിക്കുന്ന ഈ കാഴ്ച കണ്ടത്.

Bus driver using mobile phone while driving viral video

തിരുവനന്തപുരത്ത് നിന്നും ബെംഗളൂരുവിലേക്കുള്ള സുരേഷ് കല്ലട സ്വകാര്യ ബസിൽ യാത്രക്കാരെ ബസ് മുതലാളിയുടെ ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിന്‍റെ അലയൊലികള്‍ അടങ്ങിയിട്ടില്ല. ഈ മാഫിയകള്‍ക്കെതിരെ കടുത്തനടപടി സ്വീകരിച്ചു കൊണ്ടിരിക്കുകയാണ് സര്‍ക്കാരും അധികൃതരും. ഈ സംഭവത്തോടെ ഇത്തരം സ്വകാര്യ ബസ് സര്‍വ്വീസുകളുടെ നിരവധി നിയമലംഘനങ്ങള്‍ ഒന്നിനുപിറകേ ഒന്നായി പുറത്തു വന്നിരുന്നു. 

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. മൊബൈല്‍ ഫോണില്‍ നോക്കിക്കൊണ്ട് ബസ് ഓടിക്കുന്ന ഡ്രൈവറുടെ വീഡിയോ ദൃശ്യങ്ങളാണിത്. അതും അര്‍ദ്ധരാത്രിയില്‍ നടുറോഡിലൂടെ ബസ് ചീറിപ്പായിക്കുന്നതിനിടയിലാണ് ഡ്രൈവറുടെ ഏറെ നേരം നീണ്ടു നില്‍ക്കുന്ന അഭ്യാസം. 

കഴിഞ്ഞ മാസം ആദ്യം ആന്റോ ജോസ് എന്ന യുവാവ് ഫെയ്‍സ് ബുക്കില്‍ ഇട്ട പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. പരുക്കന്‍ ഡ്രൈവിംഗിനെ തുടര്‍ന്ന് ഉറക്കം കിട്ടാതായപ്പോള്‍ ഡ്രൈവറുടെ കാബിന് സമീപത്തേക്ക് എത്തിയപ്പോഴാണ് യുവാവ് ഞെട്ടിക്കുന്ന ഈ കാഴ്ച കണ്ടത്. മൊബൈല്‍ ഫോണില്‍ മെസേജ് അയച്ചും മറ്റും വണ്ടി ഓടിക്കുകയായിരുന്നു ഡ്രൈവര്‍. 

ഈ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ബോബൻ ഇറാനിമോസ് ഇട്ട പോസ്റ്റും വീഡിയോയുമാണ് ഇപ്പോള്‍ വൈറലാകുന്നത്.

പോസ്റ്റിന്‍റെ പൂര്‍ണരൂപം.

ഇന്നലെ വൈകുന്നേരം ഞെട്ടലോടെയാണ് ഒരു വിഡിയോ ഞാൻ കണ്ട് തീർത്തത്. ആന്റോ ജോസ് എന്ന യുവാവ് തന്റെ ഫെയ്സ്ബുക്കിൽ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോ ആയിരുന്നു അത്. നിറയെ ആളുകളേയും വഹിച്ചു കൊണ്ട് ‌ബെംഗളൂരുവിലേക്ക് പോകുന്ന ബസ്സിന്റെ ഡ്രൈവർ യാത്രക്കാരുടെ മുഴുവൻ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ വാഹനം ഓടിച്ചു കൊണ്ടിരുന്ന വിഡിയോ ആയിരുന്നു അത്. പാട്ട് കേട്ട് കൊണ്ട് വീട്ടിലെ കസേരയിൽ ചാരിയിരുന്ന് മൊബൈൽ ഉപയോഗിക്കുന്നതു പോലെ ഒരു ശ്രദ്ധയുമില്ലാതെ അലക്ഷ്യമായി അയാൾ വാഹനമോടിക്കുന്നു. അൽപം ഒന്നു ശ്രദ്ധ തെറ്റിയാൽ അപകടം സംഭവിക്കാവുന്ന തരത്തിലാണ് ഡ്രൈവറുടെ മരണപ്പാച്ചിൽ എന്നു വിഡിയോ കണ്ടാൽ മനസ്സിലാകും. മാർച്ച് നാലിനാണ് ആന്റോ ജോസ് തന്റെ ഫെയ്സ്ബുക്കിൽ ഈ വാർത്ത പങ്കുവെക്കുന്നത്. എന്നാൽ അധികാരികൾ എത്രമാത്രം ഗൗരവത്തോടെയാണ് ഈ വിഷയത്തെ കണ്ടത് എന്നറിയില്ല . കഴിഞ്ഞ ദിവസം ബസ് ജീവനക്കാർ ചേർന്ന് യാത്രക്കാരെ ആക്രമിച്ച സംഭവം വളരെയധികം തീവ്ര സ്വഭാവം ഉള്ള ഒന്നായതിനാലും പ്രതികരിക്കാൻ യാത്രക്കാർ തയാറായതിനാലും സംഭവം പുറംലോകം അറിഞ്ഞു. എന്തെങ്കിലും അനിഷ്ടസംഭവങ്ങൾ സംഭവിച്ചതിനു ശേഷം അതിനെതിരെ പ്രതിഷേധം, പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുക എന്നത് ഒരു പതിവ് രീതിയാകുകയാണ് . ബസ്സിൽ യാത്ര ചെയ്യുന്ന എല്ലാവരുടേയും സുരക്ഷയും യാത്രക്കാരുടെ അവകാശങ്ങളും ഉറപ്പ് നൽകേണ്ടതുണ്ട്.

ഒറ്റയ്ക്ക് വാഹനം ഓടിച്ച് പോകുമ്പോൾ സുരക്ഷ നമ്മുക്ക് ഏറെക്കുറെ ഉറപ്പ് വരുത്താനാകും. എന്നാൽ ദീർഘദൂര യാത്രകൾക്കായിൽ പലപ്പോഴും പൊതുഗതാഗത സംവിധാനങ്ങളെ ഉപയോഗപ്പെടുത്തേണ്ടി വരും. അത്തരം സന്ദർഭങ്ങളിൽ യാത്ര ചെയ്യുന്ന വാഹനത്തിന്റെ ഡ്രൈവർ ആവശ്യത്തിന് പരിശീലനം നേടിയ, ലൈസൻസ് ഉള്ളവരായിരിക്കണം. ദീർഘദൂര സർവീസുകൾ നടത്തുന്ന ബസ്സുകളിൽ ബയോ ടോയ്‌ലെറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതാകും കൂടുതൽ നന്നാവുക. കുട്ടികളുമായി ബസ്സിൽ കയറുന്നവർ, ആർത്തവം സമയത്ത് യാത്ര ചെയ്യുന്ന സ്തീകൾ, പ്രമേഹം പോലുള്ള ശാരീരിക രോഗങ്ങൾ അനുഭവിക്കുന്നവർ എന്നിവർക്കുൾപ്പെടെ എല്ലാവർക്കും ഉപകാരപ്രദമാണ് ബയോ ടോയിലറ്റ് സംവിധാനം. യാത്ര ചെയ്യാൻ തുടങ്ങുന്നതിന് മുമ്പ് എവിടെയാണ് ബസ്സ് നിർത്തുക (സ്റ്റോപ്പുകൾ) എന്നും ഭക്ഷണം, ടോയിലറ്റ് സൗകര്യങ്ങൾ ഉള്ള സ്ഥലങ്ങൾ എവിടെയാണെന്നൊക്കെയുള്ള വിവരങ്ങളടങ്ങിയ ചെറുപുസ്തകങ്ങൾ യാത്രക്കാരുടെ സീറ്റിന് മുൻഭാഗത്ത് കരുതുകയും ചെയ്യണം.

ഇത്തരം പുസ്തകങ്ങളിൽ ബസ്സ് കടന്നുപോകുന്ന വഴികൾ, അടുത്തുള്ള പോലീസ് സ്‌റ്റേഷൻ, ആശുപത്രികൾ അടിയന്തര സമയത്ത് ബന്ധപ്പെടേണ്ട വ്യക്തികളുടെ ഫോൺ നമ്പറുകൾ എന്നിവ ഉണ്ടായിരിക്കേണം. യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താൻ വാഹനങ്ങളിൽ പാനിക് ബട്ടൺ (Panic button) സ്ഥാപിക്കുന്നത് നല്ലൊരു മാർഗ്ഗമാണ്. മദ്യപിച്ച് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവർ, സ്ത്രീകളോടും മറ്റുള്ളവരോടും അപമര്യാദയായി പെരുമാറുന്നവർ ആരെങ്കിലും ബസ്സിൽ ഉണ്ടെങ്കിൽ മറ്റു യാത്രക്കാരെ അറിയിക്കുവാനും, അടിയന്തര ഘട്ടങ്ങളിൽ സഹായം ലഭിക്കുവാനും പാനിക് ബട്ടൺ ഉപയോഗപ്പെടുത്താവുന്നതാണ്.‌
വാഹനം പുറപ്പെടുന്നത് മുതൽ എത്തിച്ചേരുന്നത് വരെ ട്രാക്ക് ചെയ്യാനുള്ള ജിപിഎസ് സംവിധാനം എല്ലാ വാഹനങ്ങളിലും കൊണ്ടുവരേണ്ടതുണ്ട്.സിസിടിവി ക്യാമറകൾ ഉപയോഗിക്കുകയും ഡ്രൈവർ സീറ്റ് മുതൽ ബസിന്റെ അവസാന സീറ്റ് വരെ നിരീക്ഷിക്കാനും ഇതിലൂടെ കഴിയും.

വാഹനത്തിന്റെ യാത്രക്കാരുടെ പരാതികൾ അഭിപ്രായങ്ങൾ എന്നിവ രേഖപ്പെടുത്താനുള്ള ഒരു ട്രാവൽ ഫീഡ്ബാക്ക് ബുക്ക് വാഹനത്തിൽ സൂക്ഷിക്കുക യാത്രക്കാർക്ക് അതുവരെ ചോദിക്കാനുള്ള അവസരം നൽകുകയും വേണം. സുരക്ഷയെ സംബന്ധിച്ചുള്ള കാര്യങ്ങൾ കരാർ (Road assistant Policy) ടിക്കറ്റിനോടൊപ്പം നൽകുന്നതാകും നല്ലത്. യാത്ര പുറപ്പെടുന്ന സമയം, വാഹനം ബ്രെയിക്ക് ഡൗൺ ആയി വഴിയിൽ കിടക്കേണ്ടിവന്ന സാഹചര്യം മറ്റ് അടിയന്തര സാഹചര്യകൾ എന്നീ സമയങ്ങളിൽ അവർ നല്കുന്ന സഹായം എന്നിവ ഒക്കെ ഉൾപ്പെടുന്നതാകണം ഇത്. യാത്ര ചെയ്യുന്ന വാഹനത്തിന്റെ ഉടമകൾ നൽകുന്ന പോളിസിയിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ഉണ്ടാകേണ്ടതാണ്.

ഒരു ജീവിതമേ ഉള്ളൂ, ഒരുപാട് സ്വപ്നങ്ങൾ ഉള്ള ഒരു ജീവിതം. പ്രതികരിക്കേണ്ടതുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios