BMW : സ്വിച്ചിട്ടാല്‍ നിറം മാറും, അദ്ഭുത കാറുമായി ബിഎംഡബ്ല്യു

ഈ വർഷത്തെ സിഇഎസ്​ (CES) ഇവന്‍റിൽ ആണ് നിറം മാറുന്ന സാ​ങ്കേതിക വിദ്യയുള്ള പുതിയ കാർ ബിഎംഡബ്ല്യു പ്രദർശിപ്പിച്ചത്​. 

BMW showcases color changing car at CES

വെള്ള നിറത്തിലുള്ള ഒരു കാർ വാങ്ങിയ ആൾക്ക്​ അതൊന്ന് കറുപ്പ് നിറത്തിലേക്ക് അതൊന്നു മാറ്റണമെന്ന് തോന്നിയാല്‍ നിലവിലെ സാഹചര്യത്തില്‍ അല്‍പ്പം പ്രയാസമാണ്. കുറച്ച് ചെലവും സമയവുമൊക്കെ പിടിക്കും. എന്നാല്‍ ഒരു സ്വിച്ചില്‍ വെറുതെയൊന്ന് വിരല്‍ അമര്‍ത്തിയാല്‍ വാഹനത്തിന്‍റെ നിറം മാറിയാലോ? അത്തരമൊരു സാങ്കേതിക വിദ്യ അവതരിപ്പിച്ച് വാഹന ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് ജര്‍മ്മന്‍ (German) ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു (BMW). 

ലാസ് വേഗാസില്‍ നടന്നുകൊണ്ടിരിക്കുന്ന ഈ വർഷത്തെ സിഇഎസ്​ (CES) ഇവന്‍റിൽ ആണ് നിറം മാറുന്ന സാ​ങ്കേതിക വിദ്യയുള്ള പുതിയ കാർ ബിഎംഡബ്ല്യു പ്രദർശിപ്പിച്ചത്​. ബിഎംഡബ്ല്യു iX Flow എന്ന് പേരിട്ടിരിക്കുന്ന കാർ നിറം മാറുന്നതിന്‍റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്​. കമ്പനിയുടെ ഇൻ-ഹൗസ് 'ഇ-ഇങ്ക്' സാങ്കേതികവിദ്യ ഉപയോഗിച്ചാണ്​ കാർ നിറംമാറുന്നത്​. കാർ ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ കളർ മാറ്റാമെന്നതാണ്​ പ്രത്യേകത. നിങ്ങൾ ഒരു വെളുത്ത എസ്‌യുവിയിൽ വീടുവിട്ടിറങ്ങി, കറുത്ത നിറത്തിലുള്ള എസ്​.യു.വിയിൽ വീട്ടിലേക്ക് മടങ്ങുന്നതായി സങ്കൽപ്പിക്കുക. അത് എത്ര രസകരമായിരിക്കും? എന്താണ് ഇതിന്‍റെ രഹസ്യം? അതാണ് ഇനി പറയാന്‍ പോകുന്നത്. 

കളർ മാറ്റുന്നത്​ ഇങ്ങനെ
ഒരു ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ, ബിഎംഡബ്ല്യു ഈ നിറംമാറ്റത്തിന്‍റെ രഹസ്യവും​ വെളിപ്പെടുത്തി. iX ഫ്ലോയുടെ രൂപരേഖയ്ക്ക് അനുസൃതമായി പ്രത്യേകം വികസിപ്പിച്ചെടുത്ത ബോഡി റാപ്പിലൂടെയാണ് വർണ്ണ മാറ്റങ്ങൾ സാധ്യമാക്കുന്നത്. അതായത്, വൈദ്യുത സിഗ്നലുകൾ ഉപയോഗിച്ച് ഉത്തേജിപ്പിക്കുമ്പോൾ അതിന്റെ ഉപരിതലത്തിന്റെ പിഗ്മെന്‍റുകൾ അല്ലെങ്കിൽ നിറങ്ങൾ മാറ്റാൻ കാറിലെ കളർ ചേഞ്ചിങ്​ സംവിധാനം ഇലക്ട്രോഫോറെറ്റിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ആമസോണിന്റെ കിൻഡിൽ ഉപകരണങ്ങൾ പോലെയുള്ള ഇ-റീഡറുകളിൽ ഉപയോഗിക്കുന്ന സമാനമായ സാങ്കേതികവിദ്യയാണിത്. അതായത് പരിചിതമായ സാങ്കേതികവിദ്യയുടെ തികച്ചും അപ്രതീക്ഷിതമായ ആവിഷ്‌കാരമാണ് ബിഎംഡബ്ല്യു നടത്തിയിരിക്കുന്നതെന്ന് ചുരുക്കം.

നിലവിൽ, ഇലക്‌ട്രോഫോറെറ്റിക് അടിസ്ഥാനമാക്കിയുള്ള ഇ-ഇങ്ക് സാങ്കേതികവിദ്യയ്ക്ക് വെള്ളയിൽ നിന്ന് കറുപ്പിലേക്കും തിരിച്ചും മാത്രമേ മാറാൻ കഴിയൂ. നെഗറ്റീവ് ചാർജുള്ള വെളുത്ത പിഗ്മെന്റുകളും പോസിറ്റീവ് ചാർജുള്ള കറുത്ത പിഗ്മെന്റുകളും അതിനായി ഉപയോഗിക്കുന്നു. കൂടാതെ, പുതിയ ഇ-ഇങ്ക് സാങ്കേതികവിദ്യയ്ക്ക് കാറിന്റെ വ്യക്തിഗത ബോഡി പാനലുകളുടെ നിറം മാറ്റാനും കഴിയും. അത്​ വാഹനത്തിന് ഒരു​ ഡ്യുവൽ ടോൺ ലുക്ക് നൽകും. 

ആളുകളുടെ മൂഡിനും ഇഷ്ടങ്ങൾക്കുമനുസുരിച്ച്​ അവരുടെ കാറിന് വ്യത്യസ്ത രൂപങ്ങളും ഡിസൈനുകളും പാറ്റേണുകളും നൽകാൻ അനുവദിക്കും എന്നതിന്​ പുറമേ ഇതിന് പ്രായോഗികമായ മറ്റ്​ ചില ഉപയോഗങ്ങളുമുണ്ട്. ഉദാഹരണത്തിന്, വെള്ള നിറം കൂടുതൽ ചൂട് ആഗിരണം ചെയ്യാത്തതിനാൽ, ഡ്രൈവർമാർക്ക് ചൂടുള്ള പ്രദേശങ്ങളിൽ കാറിന്റെ നിറം വെള്ളയായി സജ്ജീകരിക്കാനും എയർ കണ്ടീഷനിംഗ് ഉപയോഗം കുറയ്ക്കാനും സാധിക്കും. ശൈത്യകാലത്ത്, ചുറ്റുപാടിൽ നിന്ന് കൂടുതൽ ചൂട് ആഗിരണം ചെയ്യാൻ അവർക്ക് കാർ കറുപ്പ് നിറത്തിലേക്ക്​ മാറ്റാനും അതിലൂടെ കാർ ഹീറ്റിങ്​ സിസ്റ്റത്തിന്‍റെ ആവശ്യകത കുറയ്ക്കാനും കഴിയും.

ഈ സാങ്കേതിക വിദ്യ ഒരുക്കുമ്പോള്‍, സാധാരണ ഇ റീഡറിന്റെ സ്‌ക്രീന്‍ പോലുള്ള 2ഡി രൂപത്തില്‍ നിന്നും കാറിന്റെ പുറം ഭാഗം പൂര്‍ണമായും മൂടുകയെന്ന 3ഡി വെല്ലുവിളിയായിരുന്നു പ്രധാനമെന്ന് ഇ ലിങ്ക് പ്രൊജക്ട് മേധാവിയായ സ്റ്റെല്ല ക്ലാര്‍ക്ക് പറയുന്നു. കാറിന്റെ ഡിസൈനിന്റെ ഓരോ ഭാഗവും പ്രത്യേകം പ്രത്യേകമായി മാറ്റിയെടുത്താണ് ഇവര്‍ 3ഡിയെ 2ഡി രൂപങ്ങളാക്കി മാറ്റിയത്. അതിന് ശേഷം ബഹുകോണ്‍ (polygonal) ആകൃതിയിലുള്ള രൂപകല്‍പന ഏറ്റവും മികച്ച രീതിയില്‍ എങ്ങനെ ഈ രൂപങ്ങളില്‍ പ്രായോഗികമാക്കാമെന്ന് അല്‍ഗരിതത്തിന്റെ സഹായത്തില്‍ തിരിച്ചറിഞ്ഞു. ഓരോ ഭാഗങ്ങളും പ്രത്യേകമായി ആദ്യം കടലാസ് ഉപയോഗിച്ച് മുറിച്ചെടുത്ത ശേഷമാണ് ഇ ലിങ്ക് പാനലുകള്‍ ലേസര്‍ കട്ടിംങ് ഉപയോഗിച്ച് മുറിച്ചെടുത്തതെന്നും പിന്നീട് ഈ പാനലുകൾ കാറില്‍ ഒട്ടിക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു. 

ഒരു ബട്ടണിൽ സ്പർശിക്കുമ്പോൾ പുറം നിറം മാറുന്ന ലോകത്തിലെ ആദ്യത്തെ കാറാണ് ഇതെന്നും കമ്പനി പറയുന്നു. “കാറിന്റെ നിറം മാറ്റുന്നതിലൂടെ, ഞങ്ങൾ വ്യക്തിഗതമാക്കൽ അപ്രതീക്ഷിത തലത്തിലേക്ക് കൊണ്ടുവരുന്നു,” പ്രോജക്റ്റ് മേധാവി സ്റ്റെല്ല ക്ലാർക്ക് പറഞ്ഞു. ഉപയോഗക്ഷമതയുടെയും സുസ്ഥിരതയുടെയും വീക്ഷണകോണിൽ നിന്ന് ഞങ്ങൾ ധാരാളം നേട്ടങ്ങൾ കാണുന്നുവെന്നും അവര്‍ വ്യക്തമാക്കി. 

സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നതും താപ ഊർജ്ജം ആഗിരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വെളിച്ചവും ഇരുണ്ട നിറങ്ങളും കണക്കിലെടുത്ത് നിറം മാറുന്നത് കാറിനെ കൂടുതൽ കാര്യക്ഷമമാക്കും എന്നും ബിഎംഡബ്ല്യു വിശദീകരിച്ചു.“ഇതൊരു ആദ്യ ശ്രമമാണ്. ഇത് മുമ്പൊരിക്കലും ആരും ചെയ്‍തിട്ടില്ല. ഞങ്ങൾ അതിന് തുടക്കമിടുകയാണ്. ഈ സാങ്കേതികവിദ്യ ഉൽപ്പാദനത്തിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുന്നു. പക്ഷേ, അത് എപ്പോൾ വരുമെന്ന് ഇപ്പോള്‍ പറയാൻ കഴിയില്ല.. ” സ്റ്റെല്ല ക്ലാർക്ക് വ്യക്തമാക്കുന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios