ഓട്ടോ എക്‌സ്‌പോയില്‍ സൂപ്പര്‍താരമായി മാരുതി സുസുക്കി, ഇതാ ആ പവലിയനിൽ നിന്നുള്ള വലിയ ഹൈലൈറ്റുകൾ

എസ്‍യുവി വിഭാഗം കീഴടക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇതാ 2023 ഓട്ടോ എക്സ്പോയില്‍ മാരുതി സുസുക്കിയുടെ വേദിയില്‍ എത്തിയ ചില ഹൈലൈറ്റുകള്‍

Big highlights from Maruti Suzuki pavilion at Delhi Auto Expo 2023

ഗ്രേറ്റർ നോയിഡയിൽ നടന്നുകൊണ്ടിരിക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ മിന്നിത്തിളങ്ങുകയാണ് രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി എസ്‌യുവി സെഗ്‌മെന്റിലും കരുത്തരാണെന്ന് അവകാശവാദമുന്നയിച്ച് നിരവധി ഉയർന്ന മോഡലുകൾ ഔദ്യോഗികമായി പുറത്തിറക്കി. എൻട്രി ലെവൽ, ചെറുതും താരതമ്യേന താങ്ങാനാവുന്നതുമായ മോഡലുകളുടെ നിരയിൽ പതിറ്റാണ്ടുകളായി ഇന്ത്യൻ വാഹന മേഖലയിൽ മാരുതി സുസുക്കി ആധിപത്യം പുലർത്തുന്നുണ്ടെങ്കിലും കാലത്തിനനുസരിച്ച് വികസിക്കേണ്ട സമയമാണിത്. കാരണം പാസഞ്ചർ വാഹന വിഭാഗത്തില്‍ 50 ശതമാനം വിപണി വിഹിതം തിരിച്ചുപിടിക്കാനാണ് ശ്രമം എന്നാണ് കമ്പനി പറയുന്നത്. എസ്‍യുവി വിഭാഗം കീഴടക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇതാ 2023 ഓട്ടോ എക്സ്പോയില്‍ മാരുതി സുസുക്കിയുടെ വേദിയില്‍ എത്തിയ ചില ഹൈലൈറ്റുകള്‍

മാരുതി സുസുക്കി eVX എസ്‌യുവി
2025-ഓടെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് വാഹനം നിരത്തിലിറങ്ങുമെന്ന് മാരുതി സുസുക്കി ഒടുവിൽ സ്ഥിരീകരിച്ചു. ഓട്ടോ എക്‌സ്‌പോ 2023-ൽ പ്രദർശിപ്പിച്ച മാരുതി ഇവിഎക്‌സ് കൺസെപ്റ്റ് എസ്‌യുവിയുടെ പ്രൊഡക്ഷൻ പതിപ്പായിരിക്കും ഇത്. ഒരു പുതിയ സമർപ്പിത ഇലക്ട്രിക്ക് വാഹന പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി എത്തുന്ന മാരുതി സുസുക്കി eVX ഒരു ഇടത്തരം എസ്‌യുവിയാണ്. അതിന് 4x4 സംവിധാനവും ലഭിക്കും. ഇതിനുള്ളിൽ 60 kWh ബാറ്ററി പാക്ക് ലഭിക്കും. ഏകദേശം 550 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

മാരുതി സുസുക്കി ഫ്രോങ്ക്സ്
മാരുതി സുസുക്കിയുടെ ബലേനോ അധിഷ്‍ഠിത ഫ്രോങ്‌ക്‌സ് നഗര ഉപഭോക്താക്കളെ ആവേശം കൊള്ളിക്കാനാണ് എത്തുന്നത്. ഈ സബ്-ഫോർ-മീറ്റർ എസ്‌യുവിക്ക് 2,520 എംഎം വീൽബേസ് ഉണ്ട്, ആറ് മോമോട്ടോണുകളിലും മൂന്ന് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിലും ലഭ്യമാണ്. ക്യാബിന് ഡ്യുവൽ-ടോൺ കളർ തീം ഉണ്ട്, കൂടാതെ ഫ്ലോട്ടിംഗ് ഒമ്പത് ഇഞ്ച് സ്‍മാര്‍ട്ട് പ്ലേ പ്രൊ പ്ലസ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സുസുക്കി ടെലിമാറ്റിക്‌സ്, 360-ഡിഗ്രി ക്യാമറ തുടങ്ങിയ സവിശേഷതകൾ പ്രതീക്ഷിക്കാം. നെക്സ ഡീലർഷിപ്പ് നെറ്റ്‌വർക്ക് വഴിയാണ് മാരുതി ഫ്രോങ്‌സിന്റെ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്.

മാരുതി സുസുക്കി ജിംനി
മാരുതി സുസുക്കി പവലിയനിലെ ഏറ്റവും വലിയ സമ്മാനം ഏറെക്കാലമായി രാജ്യത്തെ വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അഞ്ച് വാതിലുകളുള്ള ജിംനിയാണ്. വാഹനത്തിനുള്ള ബുക്കിംഗും നെക്സ ശൃംഖല വഴി കമ്പനി തുറന്നു.

മൂന്നു ഡോർ സുസുക്കി ജിംനി വർഷങ്ങളായി നിരവധി വിപണികളിൽ വിറ്റഴിക്കപ്പെടുന്നുണ്ടെങ്കിലും, അഞ്ച് ഡോർ പതിപ്പ് ലഭിക്കുന്ന ആദ്യ വിപണിയാണ് ഇന്ത്യ. വാഹനത്തിന് മാനുവൽ, ഓട്ടോ ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകൾ ലഭിക്കുന്നു. വീൽബേസും വർദ്ധിച്ചു. ഒന്നിലധികം കളർ ഓപ്‌ഷനുകളും ഹെഡ് ലൈറ്റ് വാഷർ പോലുള്ള നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളും ഇത് വാഗ്ദാനം ചെയ്യുന്നു.

ഓട്ടോ ഷോയില്‍ ഈ മോഡലുകളെക്കൂടാതെ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ബ്രെസ തുടങ്ങിയ മോഡലുകൾ ഒരു പ്രത്യേക മാറ്റ് എഡിഷനിൽ അവതരിപ്പിച്ചിട്ടുമുണ്ട്.
 

Latest Videos
Follow Us:
Download App:
  • android
  • ios