"മാളികമുകളേറിയ മന്നന്‍റെ.." ആ വമ്പൻ ബ്രിട്ടീഷുകാരന്‍റെ കച്ചവടം സ്വന്തമാക്കി ഈ ഇന്ത്യൻ മിടുക്കൻ!
ഇതോടെ ട്രയംഫ് മോട്ടോർസൈക്കിൾസ് ലിമിറ്റഡിന്റെ ഇന്ത്യൻ ബിസിനസ് ബജാജിന് സ്വന്തമായി. ട്രയംഫ് മോട്ടോർസൈക്കിൾസുമായുള്ള അടുത്ത ഘട്ട പങ്കാളിത്തത്തിന്റെ ഭാഗമായിട്ടാണ് ഈ നീക്കം.
ഐക്കണിക്ക് ബ്രിട്ടീഷ് മോട്ടോർസൈക്കിൾ ബ്രാൻഡായ ട്രയംഫിന്‍റെ ഇന്ത്യയ്ക്കുള്ളിലെ വിതരണ പ്രവർത്തനങ്ങൾ രാജ്യത്തെ ആഭ്യന്തര ഇരുചക്രവാഹന പ്രമുഖരായ ബജാജ് ഓട്ടോ ഏറ്റെടുത്തു. ഒരു റെഗുലേറ്ററി പ്രഖ്യാപനത്തിൽ ആണ് കമ്പനിയുടെ ഈ വെളിപ്പെടുത്തല്‍. ഇതോടെ ട്രയംഫ് മോട്ടോർസൈക്കിൾസ് ലിമിറ്റഡിന്റെ ഇന്ത്യൻ ബിസിനസ് ബജാജിന് സ്വന്തമായി. ട്രയംഫ് മോട്ടോർസൈക്കിൾസുമായുള്ള അടുത്ത ഘട്ട പങ്കാളിത്തത്തിന്റെ ഭാഗമായിട്ടാണ് ഈ നീക്കം.
ട്രയംഫ് ബാഡ്‍ജ് വഹിക്കുന്ന പുതിയ ഇടത്തരം മോട്ടോർസൈക്കിളുകൾ ഇരു കമ്പനികളും സംയുക്തമായി വികസിപ്പിക്കുമെന്നും ബജാജ് പറഞ്ഞു. ഈ പുതിയ മിഡ്-സൈസ് മോട്ടോർസൈക്കിളുകൾ 2023-ൽ പുറത്തിറങ്ങും. ബജാജിന്റെ ചക്കൻ പ്ലാന്റിൽ ഇത് നിർമ്മിക്കപ്പെടും. ബജാജ് ഓട്ടോ ഇന്ത്യയിൽ ട്രയംഫ് മോട്ടോർസൈക്കിൾ ഡീലർഷിപ്പുകൾ പ്രവർത്തിപ്പിക്കുകയും 2025 ഓടെ 120 നഗരങ്ങളിലേക്ക് ശൃംഖല വികസിപ്പിക്കുകയും ചെയ്യും.
ഈ പുതിയ കരാർ പ്രകാരം ബജാജ് ഓട്ടോ ഇന്ത്യയിലെ നിലവിലെ ട്രയംഫ് മോട്ടോർസൈക്കിൾ ഡീലർഷിപ്പ് ശൃംഖല പ്രവർത്തിപ്പിക്കും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ട്രയംഫിന്‍റെ ഡീലർഷിപ്പ് ശൃംഖല നിലവിലെ 15 നഗരങ്ങളിൽ നിന്ന് 120 ല്‍ അധികമായി വികസിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. 2020-ൽ ബജാജ് ഓട്ടോ ട്രയംഫ് മോട്ടോർസൈക്കിളുമായി കൈകോർത്തതിന് പിന്നാലെയാണിത്.
ബജാജ് ഓട്ടോ നിലവിൽ നാല് വ്യത്യസ്‍ത ഡീലർഷിപ്പ് നെറ്റ്‌വർക്കുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ബജാജ് മോട്ടോർസൈക്കിൾസ്, കെടിഎം, ചേതക് ഇലക്ട്രിക്, ബജാജ് ത്രീ-വീലർ ഉൽപ്പന്നങ്ങൾ എന്നിവയ്ക്കായി ഉള്ളവയാണിത്. ആ പട്ടികയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലായിരിക്കും ട്രയംഫ് മോട്ടോർസൈക്കിൾസ്. നിലവിലുള്ള എല്ലാ ട്രയംഫ് ഡീലർഷിപ്പുകളും ബ്രിട്ടീഷ് ബ്രാൻഡിന് മാത്രമായി തുടരുമെന്നും ആഗോള നിലവാരത്തിന് അനുസൃതമായി ഉയർന്ന തലത്തിലുള്ള ഉപഭോക്തൃ അനുഭവം നൽകുന്നത് തുടരുമെന്നും ബജാജ് ഓട്ടോ അതിന്റെ നിയന്ത്രണ പ്രഖ്യാപനത്തിൽ അവകാശപ്പെട്ടു.
വരാനിരിക്കുന്ന മിഡ്-സൈസ് മോട്ടോർസൈക്കിൾ ലോകമെമ്പാടുമുള്ള ട്രയംഫ് ബ്രാൻഡിലേക്ക് ഒരു പുതിയ എൻട്രി പോയിന്‍റ് സൃഷ്‍ടിക്കുമെന്നും ഓട്ടോ കമ്പനി വ്യക്തമാക്കി. ഈ മോട്ടോർസൈക്കിൾ നിരവധി പുതിയ ഉപഭോക്താക്കളെ ട്രയംഫ് മോട്ടോർസൈക്കിൾ സ്വന്തമാക്കാൻ പ്രാപ്‍തരാക്കുമെന്നും കമ്പനി അവകാശപ്പെട്ടു. ട്രയംഫുമായുള്ള സഹകരണത്തോടെ താങ്ങാനാവുന്ന പ്രീമിയം സെഗ്‌മെന്റ് സ്വന്തമാക്കാനാണ് ബജാജ് ലക്ഷ്യമിടുന്നതെന്നും വരാനിരിക്കുന്ന മിഡ്-സൈസ് മോട്ടോർസൈക്കിൾ ആ തന്ത്രത്തിൽ നിർണായക പങ്ക് വഹിക്കുമെന്നും കമ്പനി സൂചിപ്പിക്കുന്നു . ഇന്ത്യയിലുടനീളമുള്ള ട്രയംഫ് സ്റ്റോറുകൾ അതിവേഗം വിപുലീകരിക്കുന്നതിന് ബജാജിന്റെ വിതരണ ശൃംഖലയെ പ്രയോജനപ്പെടുത്താൻ ഈ പങ്കാളിത്തം സഹായിക്കുമെന്ന് ബജാജ് ഓട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടർ രാകേഷ് ശർമ്മ പറഞ്ഞു.
സുമീത് നാരംഗിന്റെ നേതൃത്വത്തിലുള്ള ബജാജിന്റെ പ്രോബൈക്കിംഗ് ബിസിനസിന് കീഴിലാണ് ട്രയംഫിന്റെ ഇന്ത്യയുടെ പ്രവർത്തനങ്ങൾ ഇനി വരുന്നത്. ഇതുവരെ ട്രയംഫ് ഇന്ത്യയുടെ ബിസിനസ് ഹെഡ് ആയിരുന്ന ഷൂഭ് ഫാറൂഖ് ഇപ്പോൾ ബജാജിന്റെ ഇലക്ട്രിക് മൊബിലിറ്റി വിഭാഗമായ ചേതക് ടെക്‌നോളജി ലിമിറ്റഡിലേക്ക് മാറിയിരിക്കുകയാണ്.