അമ്മ കാറില്‍ മറന്നു, കൊടുംചൂടില്‍ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം!
കുഞ്ഞിനെ കാറില്‍ മറന്ന അമ്മ വീട്ടിലെത്തിയ ശേഷം മയക്കുമരുന്നു ലഹരിയില്‍ ലൈംഗിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു
അമ്മ കാറില്‍ മറന്നുവച്ച നവജാത ശിശു കൊടുംചൂടില്‍ കൊല്ലപ്പെട്ടു. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. 30 കാരിയായ മേഗൻ ഡഫിൻ ആണ് കുഞ്ഞിനെ കാറിൽ ഉപേക്ഷിച്ച കുറ്റത്തിന് പൊലീസ് പിടിയിലായതെന്ന് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുഞ്ഞിനെ കാറില്‍ മറന്ന അമ്മ വീട്ടിലെത്തിയ ശേഷം മയക്കുമരുന്നു ലഹരിയില്‍ ലൈംഗിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നുവെന്നും കോടതി രേഖകള്‍ അടിസ്ഥാനമാക്കി ഡയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്ലോറിഡയിലെ 38 ഡിഗ്രി ചൂടിൽ മണിക്കൂറുകളോളം കാറിൽക്കിടന്ന കുഞ്ഞിനെ പ്രദേശവാസികളാണ് കണ്ടെത്തിയത്. കുഞ്ഞിന്‍റെ ദാരുണമായ മരണത്തിനു ശേഷവും ഡഫിൻ ഒരു വിരുന്നില്‍ പങ്കെടുത്തതായി പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട ഒരു സുഹൃത്ത് മെട്രോ.കോ.യുക്കെയോട് പറഞ്ഞു.
സംഭവ ദിവസം രാവിലെ 9.15 മുതൽ ഉച്ചക്ക് ഒരു മണിവരെ കുഞ്ഞിനെ കാറിനുള്ളിൽ ഉപേക്ഷിച്ചിരിക്കുകയാണെന്ന് പൊലീസ് പറയുന്നു. ഇതിനിടെ കാമുകനെ കണ്ടുമുട്ടിയ ശേഷമാണ് ഇവര്‍ ലൈംഗിക പ്രവര്‍ത്തനത്തിലും സ്വയംഭോഗത്തിലും ഏര്‍പ്പെട്ടതെന്നാണ് ദ ഒബ്‍സെര്‍വര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കുട്ടിയുടെ മരണശേഷം യുവതിയുടെ വീട്ടില്‍ നിന്നും മയക്കുമരുന്നു ശേഖരവും വൈബ്രേറ്ററുകളും പൊലീസ് കണ്ടെത്തി. ഒപ്പം കുഞ്ഞിനുള്ള ഭക്ഷണവും കുപ്പികളും കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ക്കെതിരെ നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
കുട്ടികളെ വാഹനങ്ങളിൽ തനിച്ചിരുത്തി രക്ഷിതാക്കള്‍ പുറത്തേക്കു പോകുന്നതും ഇതുമൂലമുണ്ടാകുന്ന അപകടങ്ങളും അടുത്തകാലത്ത് വാര്‍ത്തകളില്‍ നിറയുകയാണ്. ലോകത്താകെ പലപ്പോഴും ഇത്തരം അനാസ്ഥകള്‍ കരുന്നുമരണങ്ങളില്‍ കലാശിക്കുന്ന വാര്‍ത്തകളും നമ്മള്‍ കേള്‍ക്കാറുണ്ട്. സംഭവത്തിന്‍റെ ഗൗരവം പല രക്ഷിതാക്കള്‍ക്കും അറിയാത്തതാണ് ഇതിനൊക്കെ കാരണം. ഈ അശ്രദ്ധയ്‍ക്കും അജ്ഞതയ്ക്കുമൊക്കെ വലിയ വില കൊടുക്കേണ്ടി വരും.
അവ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം
കുഞ്ഞുങ്ങളെ വാഹനങ്ങളിൽ തനിച്ചാക്കി വാഹനം പൂട്ടി പുറത്തുപോകുമ്പോൾ കാറിനുള്ളില്‍ ആവശ്യമായ ഓക്സിജൻ ലഭിക്കില്ല. മാത്രമല്ല പൂട്ടിയിട്ട ഒരു കാറിനുള്ളില്‍ 10 മിനിട്ടിനുള്ളില്‍ 20 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഉണ്ടാകുന്നത്. ഒരു മണിക്കൂറിനുള്ളില്‍ ഇത് 40 ഡിഗ്രി ആയി ഉയരും. പുറത്തെ ചൂട് 70 ഡിഗ്രി ഫാരന്‍ ഹീറ്റിന് മുകളിലാണെങ്കില്‍ തന്നെ മനുഷ്യ ശരീരത്തിന് അപകടകരമാണ്. അപ്പോള്‍ മുതിര്‍ന്നവരുടെ ശരീരത്തേക്കാള്‍ മൂന്നുമുതല്‍ അഞ്ചിരട്ടിവരെ വേഗതയില്‍ ശരീരം ചൂടാകുന്ന കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തിലാകാന്‍ അധികം സമയം വേണ്ടെന്നു ചുരുക്കം. ചൂടുമൂലമുണ്ടാകുന്ന സ്ട്രോക്ക് തലച്ചോറിനെ തകരാറിലാക്കിയാണ് ഇത്തരം ശിശുമരണങ്ങളിലധികവും സംഭവിക്കുന്നത്.
മാത്രമല്ല വാഹനത്തിനകത്ത് കുട്ടികളെ ഒറ്റയ്ക്കിരുത്തി പോകുമ്പോൾ, അബദ്ധത്തിൽ വാഹനം സ്റ്റാർട്ട് ആയാലുള്ള അപകട സാധ്യതയുമുണ്ട്. ഇത് വന്‍ദുരന്തത്തിന് ഇടയാക്കും. അപ്പോള്‍ അബദ്ധത്തില്‍ വാഹനങ്ങളിൽ കുട്ടികളെ ഒറ്റയ്ക്കിരുത്തി പുറത്തു പോകുന്ന രക്ഷിതാക്കള്‍ രണ്ടുവട്ടം ചിന്തിക്കുക. നിങ്ങളുടെ കുഞ്ഞിന്‍റെ വിലപ്പെട്ട ജീവനൊപ്പം അനേകരുടെ ജീവനും കൂടിയാവും നിങ്ങള്‍ അപകടത്തിലാക്കുന്നത്.