ഒന്നല്ല, അണിയറയിൽ ഒരുങ്ങുന്നത് എണ്ണംപറഞ്ഞ രണ്ട് മോഡലുകൾ! ഇലക്ട്രിക് വാഹനലോകത്തെ ഞെട്ടിക്കാൻ തയാറായി ഏഥർ
വിലയുടെ കാര്യത്തിൽ 125 സിസി മുതൽ 300 സിസി വരെയുള്ള മോട്ടോർസൈക്കിളുകളുമായി മത്സരിക്കുന്ന ഇ-ബൈക്കുകളെ പിന്തുണയ്ക്കുന്നതിനാണ് സെനിത്ത് ആർക്കിടെക്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ബംഗളൂരു ആസ്ഥാനമായുള്ള ഇലക്‌ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഏഥർ ഇലക്ട്രിക്ക് സെനിത്ത്, ഇഎൽ എന്നിങ്ങനെ രണ്ട് പുതിയ ഇലക്ട്രിക് ഇരുചക്രവാഹന പ്ലാറ്റ്‌ഫോമുകളുടെ പണിപ്പുരയിലാണെന്ന് റിപ്പോര്‍ട്ട്. ആദ്യത്തേത് ബ്രാൻഡിൻ്റെ വരാനിരിക്കുന്ന ഇലക്ട്രിക് മോട്ടോർസൈക്കിളുകൾക്കായി ഉപയോഗിക്കുമെങ്കിലും രണ്ടാമത്തേത് ഭാവിയിലെ ഏഥർ ഇ-സ്കൂട്ടറുകൾക്ക് അടിസ്ഥാനമിടും.
വിലയുടെ കാര്യത്തിൽ 125 സിസി മുതൽ 300 സിസി വരെയുള്ള മോട്ടോർസൈക്കിളുകളുമായി മത്സരിക്കുന്ന ഇ-ബൈക്കുകളെ പിന്തുണയ്ക്കുന്നതിനാണ് സെനിത്ത് ആർക്കിടെക്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആഭ്യന്തര, ആഗോള വിപണി ആവശ്യകതകൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന, ചെലവ് കുറഞ്ഞ ഒന്നിലധികം ഏഥർ സ്‌കൂട്ടറുകൾക്കായി ഇഎൽ പ്ലാറ്റ്‌ഫോം ഉപയോഗിക്കും.
ഏഥറിന്റെ ഈ പുതിയ ഇലക്ട്രിക് പ്ലാറ്റ്‌ഫോമുകളെ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള കമ്പനിയുടെ വരാനിരിക്കുന്ന പ്ലാൻ്റിൽ നിർമ്മിക്കും. 2026 മെയ് മുതൽ ഘട്ടം ഘട്ടമായി നിർമ്മാണം ആരംഭിക്കും. നിലവിൽ പ്രതിവർഷം 4.2 ലക്ഷം യൂണിറ്റ് ശേഷിയുള്ള തമിഴ്‌നാട്ടിലെ ഹൊസൂരിൽ ഏഥറിന് രണ്ട് ഉൽപ്പാദന പ്ലാൻ്റുകളുണ്ട്. വരാനിരിക്കുന്ന ഇലക്ട്രിക് ബൈക്കുകളുടെയും പുതിയ സ്കൂട്ടറുകളുടെയും ലോഞ്ച് ടൈംലൈൻ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഈ സമയത്ത് ഇവയുടെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല. എന്നാൽ ഇവി ഇരുചക്രവാഹന നിർമ്മാതാവ് വൻതോതിലുള്ള വിപണിയെ ലക്ഷ്യമിട്ട് ചെറിയ ബാറ്ററി ശേഷിയുള്ള ഒരു ഇലക്ട്രിക് ബൈക്ക് പുറത്തിറക്കുമെന്ന് വിവിധ റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ഹീറോ എക്സ്‍ട്രീം 125R, ടിവിഎസ് റൈഡർ 125 എന്നിവയുമായി ഈ മോഡൽ മത്സരിക്കാൻ സാധ്യതയുണ്ട്. വലിയ ബാറ്ററിയുള്ള ഏഥറിന്റെ ഇലക്ട്രിക് ബൈക്ക് പിന്നീടുള്ള ഘട്ടത്തിൽ എത്തിയേക്കും. വിലയുടെ കാര്യത്തിൽ, 150 സിസിക്കും 300 സിസിക്കും ഇടയിലുള്ള ഐസിഇ പവർ ബൈക്കുകളുമായി ഇത് മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.