Anand Mahindra : അമ്പരപ്പിച്ച് ഭിന്നശേഷിക്കാരന്‍ ഡ്രൈവര്‍, ജോലി വാഗ്‍ദാനവുമായി മഹീന്ദ്ര മുതലാളി!
കൈകാലുകള്‍ ഇല്ലെങ്കിലും റിക്ഷയോടിച്ച് കുടുംബം പുലര്‍ത്തി യുവാവ്. വൈറല്‍ വീഡിയോ പങ്കുവച്ച് ഒപ്പം യുവാവിന് ജോലിയും വാഗ്‍ദാനം ചെയ്‍ത് ആനന്ദ് മഹീന്ദ്ര
സോഷ്യല്‍ മീഡിയയിലെ (Social Media) ഇടപെടലുകളിലൂടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും ഏറെ ശ്രദ്ധേയനായ ഇന്ത്യന്‍ വ്യവസായിയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (Mahindra And Mahindra) ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര (Anand Mahindra). നിരവധി വേറിടട് വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന അദ്ദേഹം ഇപ്പോൾ ഏറെ പ്രചോദനാത്മകമായ മറ്റൊരു വിഡിയോ പങ്കുവച്ചിരിക്കുകയാണ്. ഒരു പ്രത്യേക റിക്ഷ ഓടിച്ച് കുടുംബം പുലര്‍ത്തുന്ന ദില്ലിയിലെ ഒരു ഭിന്നശേഷിക്കാരനായ യുവാവിന്‍റെ ഒരു ഹ്രസ്വ വീഡിയോ ആണ് മഹീന്ദ്ര തലവന്‍ ട്വിറ്ററില്‍ പങ്കിട്ടിരിക്കുന്നത്. ആ യുവാവിന്‍റെ കഴിവുകളിൽ ആകൃഷ്‍ടനായ ആനന്ദ് മഹീന്ദ്ര അദ്ദേഹത്തിന് ഒരു ജോലി വാഗ്‍ദാനം ചെയ്‍തതായും കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓക്സിജന്‍ ക്ഷാമം, കൈത്താങ്ങുമായി മഹീന്ദ്ര, കയ്യടിച്ച് രാജ്യം!
ഇരുകാലിനും കൈകൾക്കും അവശത അനുഭവിക്കുന്ന ഒരു യുവാവ് സ്വയം വാഹനം ഓടിച്ച് കുടുംബം പോറ്റുന്ന വിഡിയോ ആണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്‍തത്. ഇപ്പോള്‍ തന്‍റെ ട്വിറ്റർ ടൈംലൈനിൽനിന്ന് ലഭിച്ചതാണെന്ന് പറഞ്ഞാണ് അദ്ദേഹം ഈ വീഡിയോ പങ്കുവച്ചത്.
''ഇന്ന് എന്റെ ടൈംലൈനിൽ ഈ വീഡിയോ ലഭിച്ചു. ഇതിന് എത്ര പഴക്കമുണ്ടെന്നോ എവിടെ നിന്നാണെന്നോ അറിയില്ല. പക്ഷേ, ഈ നല്ല മനുഷ്യനെക്കണ്ട് അന്തംവിട്ടിരിക്കുകയാണ് ഞാൻ. സ്വന്തം വൈകല്യങ്ങളെ നേരിടുക മാത്രമല്ല, സ്വന്തമായുള്ളതിനെല്ലാം നന്ദിയുള്ളയാൾ കൂടിയാണ് അദ്ദേഹം..'' വീഡിയോ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര ട്വീറ്ററിൽ കുറിച്ചു. മഹീന്ദ്രയുടെ ലോജിസ്റ്റിക്‌സ് വിഭാഗത്തെ ഈ വീഡിയോ ടാഗ് ചെയ്‍ത് യുവാവിന് കമ്പനിയുടെ ഹോംഡെലിവറി വിഭാഗത്തിൽ ബിസിനസ് അസോഷ്യേറ്റായി ജോലി നൽകാൻ ആനന്ദ് മഹീന്ദ്ര ശുപാർശ ചെയ്‍തിട്ടുണ്ടെന്നും കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കൈകാലുകള്‍ തീരെ ചെറുതായ അവസ്ഥയിലുള്ള ഒരു യുവാവിനെയാണ് ട്വിറ്ററിലെ വീഡിയോ കാണിക്കുന്നത്. ഇരുകൈകളും മുട്ടിനു താഴോട്ട് പൂർണമായും ഇല്ല. കാലുകളും സമാനമാണ്. എന്നാൽ, അവശതകൾ പറഞ്ഞ് വീട്ടിലിരിക്കാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. അവശതകളൊരു ശേഷിയാക്കി മാറ്റുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരന്‍ വാഹനം ഓടിക്കുന്നത് കണ്ട വഴിയാത്രക്കാരിൽ ചിലർ അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. അപ്പോള്‍ അദ്ദേഹം ഹോണ്ട ബൈക്കില്‍ നിന്ന് എഞ്ചിൻ ഘടിപ്പിച്ച തന്‍റെ റിക്ഷ എങ്ങനെ പ്രവർത്തിപ്പിക്കുന്നുവെന്ന് കാണിക്കുന്നു. ആക്സിലറേറ്ററും ബ്രേക്കുകളും എങ്ങനെ പ്രവർത്തിപ്പിക്കുന്നുവെന്നും വാഹനം തിരിക്കാൻ തന്റെ നെഞ്ച് എങ്ങനെ ഉപയോഗിക്കുന്നതും അദ്ദേഹം കാണിക്കുന്നു. അഞ്ചുവർഷത്തോളമായി തന്റെ ഉപജീവനമാർഗമാണിതെന്ന് വിഡിയോയിൽ അദ്ദേഹം പറയുന്നുണ്ട്.
ഈ വണ്ടിക്കമ്പനി മുതലാളിയില്‍ നിന്ന് താൻ പഠിച്ച പാഠം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര!
രണ്ടു മക്കളും പ്രായമായ പിതാവും ഭാര്യയുമടങ്ങുന്നതാണ് കുടുംബമെന്ന് വിഡിയോയിൽ യുവാവ് പറയുന്നുണ്ട്. ഇവരെയെല്ലാം പോറ്റുന്നത് അദ്ദേഹമൊറ്റയ്ക്കാണ്. എല്ലാം ദൈവത്തിന്റെ കാരുണ്യമെന്നും വിശ്വസിക്കുന്നു. വിഡിയോയുടെ ഒടുവിൽ മറ്റുള്ളവരെപ്പോലെത്തന്നെ അനായാസം കൂളായി വണ്ടിയോടിച്ച് പോകുകയാണ് യുവാവ്.
അതേസമയം ഇതാദ്യമായല്ല ആനന്ദ് മഹീന്ദ്ര ഇത്തരമൊരു കാര്യം ചെയ്യുന്നത്. മുൻകാലങ്ങളില്‍ രസകരമായ വാഹനങ്ങളും മോഡിഫിക്കേഷനുകളും ഉണ്ടാക്കിയ ആളുകൾക്ക് ജോലിയും വാഹനങ്ങളും പോലും അദ്ദേഹം വാഗ്‍ദാനം ചെയ്‍തിട്ടുണ്ട് അദ്ദേഹം. അടുത്തിടെ, വ്യത്യസ്ത വാഹനങ്ങളിൽ നിന്ന് 'ജുഗാദ്' കാർ നിർമ്മിച്ച ഒരാൾക്ക് മഹീന്ദ്ര ബൊലേറോ പ്രഖ്യാപിച്ചിരുന്നു. മഹീന്ദ്ര റിസർച്ച് വാലിയിൽ ജോലി ചെയ്യുന്നവർക്ക് പ്രചോദനമായി ഡ്രൈവർ സൃഷ്ടിച്ച ‘ജുഗാദ്’ പ്രദർശനത്തിൽ സൂക്ഷിക്കുമെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു. കുറഞ്ഞ വിഭവങ്ങളും പരിമിതമായ വൈദഗ്ധ്യവും ഉപയോഗിച്ച് എങ്ങനെ ഫലപ്രദമായ പരിഹാരം ഉണ്ടാക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇത്തരമൊരു ‘ജുഗാദ്’ എന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്‍റെ അഭിമാനം വാനോളം ഉയര്‍ത്തുന്ന കായിക താരങ്ങൾക്കും ക്രിക്കറ്റ് ടീമുകൾക്കുമൊക്കെ കാറുകളും സമ്മാനങ്ങളും പതിവായി സമ്മാനിക്കാറുണ്ട് ആനന്ദ് മഹീന്ദ്ര. ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരയിലെ എല്ലാ അരങ്ങേറ്റക്കാർക്കും അദ്ദേഹം ഒരു പുതിയ മഹീന്ദ്ര ഥാർ സമ്മാനിച്ചിരുന്നു. അത്ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യ ഒളിമ്പിക് സ്വർണ ജേതാവായ നീരജ് ചോപ്രയ്ക്ക് കസ്റ്റമൈസ്‍ഡ് മഹീന്ദ്ര XUV700ഉം മഹീന്ദ്ര സമ്മാനമായി നല്‍കിയിരുന്നു.
പുത്തന്‍ വണ്ടിയുടെ ആദ്യ യൂണിറ്റ് നീരജ് ചോപ്രയ്ക്ക്, ഇത് മഹീന്ദ്രയുടെ വാക്ക്!
മഹീന്ദ്ര കമ്പനിയെപ്പറ്റി പറയുകയാണെങ്കില്‍ 2020-ൽ പുറത്തിറങ്ങിയ പുതിയ മഹീന്ദ്ര ഥാറിന്‍റെ വമ്പൻ ജനപ്രീതിക്ക് ശേഷം, മഹീന്ദ്ര ഈ വർഷം പുതിയ XUV700 പുറത്തിറക്കി. ഇതും ബ്രാൻഡിന് വലിയ വിജയമായി മാറി. പുതിയ മഹീന്ദ്ര XUV700, മഹീന്ദ്ര ഥാര്‍ എന്നിവയ്ക്ക് ഒരു വർഷത്തില്‍ അധികം കാത്തിരിപ്പ് കാലയളവുണ്ട്. അടുത്ത വർഷം, മഹീന്ദ്ര ഏറ്റവും പുതിയ സ്കോർപിയോയുമായി വരാന്‍ ഒരുങ്ങുകയാണ്. അതും ഥാറിനേയും XUV700നേയും പോലെ വൻ വിജയം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സ്വര്‍ണം പൂശിയ കാറുമായി യുവാവ്; ഇത്രയും ആഡംബരം വേണോ എന്ന് ആനന്ദ് മഹീന്ദ്ര; വീഡിയോ വൈറല്‍