Asianet News MalayalamAsianet News Malayalam

വില അഞ്ചുലക്ഷത്തിലും കുറഞ്ഞ ഇലക്ട്രിക് കാർ! ശരിക്കും കുറഞ്ഞതോ തട്ടിപ്പോ? ഒരുലക്ഷം കിമീ ഓടിയാൽ എന്തുസഭവിക്കും?

രാജ്യത്തെ ഇലക്ട്രിക് കാർ വിപണിയിൽ ഏറ്റവും കൂടുതൽ വിൽപ്പന വിഹിതമുള്ള ടാറ്റ മോട്ടോഴ്‌സിനെ കാര്യമായി ബാധിച്ചേക്കും എംജിയുടെ ഈ നീക്കമെന്ന് മത്സരാധിഷ്ഠിത വിലനിർണ്ണയത്തിൽ നിന്ന് വ്യക്തമാണ്. എന്നാൽ എങ്ങനെയാണ് കമ്പനി ഇത്രയും കുറഞ്ഞ വിലയ്ക്ക് ഇലക്ട്രിക് കാർ വാഗ്ദാനം ചെയ്യുന്നത്? അതിന് പിന്നിലെ കമ്പനിയുടെ തന്ത്രം എന്താണ്? ഇതിനെക്കുറിച്ച് വിശദമായി അറിയാം.

All you needs to knows about the merit and demerit of MG Baas program
Author
First Published Sep 24, 2024, 2:19 PM IST | Last Updated Sep 24, 2024, 3:34 PM IST

4.99 ലക്ഷം രൂപയ്ക്ക് ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ കോമറ്റ് ഇവി അവതരിപ്പിച്ചുകൊണ്ട് ചൈനീസ് - ബ്രിട്ടീഷ് വാഹന ബ്രാൻഡായ എംജി മോട്ടോർ അടുത്തിടെ ഇന്ത്യൻ വാഹന വിപണിയെ പിടിച്ചുകുലുക്കി. രാജ്യത്തെ ഇലക്ട്രിക് കാർ വിപണിയിൽ ഏറ്റവും കൂടുതൽ വിൽപ്പന വിഹിതമുള്ള ടാറ്റ മോട്ടോഴ്‌സിനെ കാര്യമായി ബാധിച്ചേക്കും എംജിയുടെ ഈ നീക്കമെന്ന് മത്സരാധിഷ്ഠിത വിലനിർണ്ണയത്തിൽ നിന്ന് വ്യക്തമാണ്. എന്നാൽ എങ്ങനെയാണ് കമ്പനി ഇത്രയും കുറഞ്ഞ വിലയ്ക്ക് ഇലക്ട്രിക് കാർ വാഗ്ദാനം ചെയ്യുന്നത്? അതിന് പിന്നിലെ കമ്പനിയുടെ തന്ത്രം എന്താണ്? ഇതിനെക്കുറിച്ച് വിശദമായി അറിയാം.

എംജി മോട്ടോർ അതിൻ്റെ മൂന്ന് ഇലക്ട്രിക് കാറുകളായ കോമറ്റ് ഇവി, വിൻഡ്‍സർ ഇവി, ഇസെഡ്എസ് ഇവി എന്നിവ ഒരു പ്രത്യേക ബാറ്ററി സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാമിന് കീഴിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. അതിനാൽ മൂന്ന് കാറുകളും വളരെ കുറഞ്ഞ വിലയിൽ പുറത്തിറക്കി. ഈ കാറുകളിലെ ബാറ്ററിയുടെ വില കമ്പനി ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ് ഇതിൻ്റെ പ്രത്യേകത.  അതുകൊണ്ടാണ് കാറിൻ്റെ വില കുറഞ്ഞത്. കാർ ഓടിക്കുന്നതിന് ഒരു കിലോമീറ്ററിന് ഉപഭോക്താവിൽ നിന്ന് കമ്പനി തുക ഈടാക്കും. അത് ബാറ്ററി സബ്‌സ്‌ക്രിപ്‌ഷൻ ഫീ ആയിരിക്കും.

യഥാർത്ഥത്തിൽ, ഇലക്ട്രിക് കാറുകളിൽ ഏറ്റവും ചെലവേറിയത് അതിൻ്റെ ബാറ്ററിയാണ്. കാറിൻ്റെ മൊത്തം വിലയുടെ 55 മുതൽ 60 ശതമാനം വരെ വരും ബാറ്ററിയുടെ വില. അതിനാൽ ഇലക്ട്രിക് കാറുകളുടെ വില നിയന്ത്രിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. നിലവിൽ, ഇലക്ട്രിക് കാറുകളുടെ ഉയർന്ന വിലയാണ് അവ വാങ്ങുന്നതിൽ പലർക്കും ഏറ്റവും വലിയ തടസമായി മാറുന്നത്. ഈ പ്രശ്‌നത്തിന് പരിഹാരമായി സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ പ്രകാരം എംജി കാർ പുറത്തിറക്കി. അതിൽ കാർ വാങ്ങുമ്പോൾ ഉപഭോക്താക്കൾ കാറിൻ്റെ വില മാത്രം നൽകിയാൽ മതി. അതേസമയം ബാറ്ററിയുടെ വില കാറിന്‍റെ ഓട്ടത്തിൻ്റെ അടിസ്ഥാനത്തിൽ കണക്കാക്കും. 

ബാറ്ററിക്കായുള്ള കമ്പനിയുടെ പ്രത്യേക പ്ലാൻ
'ബാറ്ററി ആസ് എ സർവീസ്' അതായത് BaaS എന്നു പേരുള്ള ഒരു പ്ലാനിന് കീഴിലാണ് കോമറ്റ് ഇവി, വിൻഡ്‌സർ ഇവി, ഇസഡ്എസ് ഇവി എന്നിവ കമ്പനി പുറത്തിറക്കിയത്. അതായത് ഉപഭോക്താവ് കാറിൻ്റെ വില മാത്രം ഒറ്റത്തവണയായി നൽകിയാൽ മതി. അങ്ങനെ എംജി കോമറ്റ് ഇവിയുടെ പ്രാരംഭ എക്‌സ്-ഷോറൂം വില 4.99 ലക്ഷം രൂപയായി നിലനിർത്തി. ഇതിൽ കിലോമീറ്ററിന് 2.5 രൂപ ബാറ്ററി വാടകയായി നൽകണം. അതേ സമയം, എംജി ഇസെഡ് എസ് ഇവിയുടെ പ്രാരംഭ എക്സ്-ഷോറൂം വില 13.99 ലക്ഷം രൂപയും അതോടൊപ്പം കിലോമീറ്ററിന് 4.5 രൂപ ബാറ്ററി വാടകയും നിശ്ചയിച്ചിട്ടുണ്ട്. എംജി വിൻഡ്‌സർ 9.99 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിൽ പുറത്തിറക്കിയപ്പോൾ ബാറ്ററിയുടെ സബ്‌സ്‌ക്രിപ്‌ഷൻ ചാർജ് കിലോമീറ്ററിന് 3.5 രൂപയാണ്.

ലൈഫ് ടൈം വാറൻ്റിയും അഷ്വേർഡ് ബൈ-ബാക്ക്
എംജി മോട്ടോഴ്‌സും തങ്ങളുടെ ആദ്യ ഉപഭോക്താക്കൾക്ക് ഇലക്ട്രിക് കാറുകൾക്ക് ലൈഫ് ടൈം വാറൻ്റി നൽകുന്നു. ഇതിന് പുറമെ മൂന്ന് കാറുകളിലും ഒരു വർഷത്തേക്ക് സൗജന്യ ബാറ്ററി ചാർജിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. എങ്കിലും, ഇതിനായി കമ്പനി ചില നിബന്ധനകളും വ്യവസ്ഥകളും വെച്ചിട്ടുണ്ട്. BaaS പ്ലാൻ പ്രകാരം ഉപഭോക്താക്കൾക്ക് അവരുടെ എംജി കാർ മൂന്ന് വർഷത്തെ ഉടമസ്ഥതയ്ക്ക് ശേഷം കമ്പനിക്ക് തിരികെ വിൽക്കാൻ കഴിയുമെന്ന് കമ്പനി പറയുന്നു. ഇതിനായി കാറിൻ്റെ വിലയുടെ 60 ശതമാനം മൂല്യം കമ്പനി നൽകും.

1,00,000 കിലോമീറ്റർ ഓടിക്കാൻ എത്ര ചിലവാകും?
ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ട കാര്യം പുതിയ പ്ലാൻ പ്രകാരം വാങ്ങിയ കാർ ഓടിക്കാൻ എത്ര ചിലവാകും എന്നതാണ്. എംജിയുടെ ഈ ഇലക്ട്രിക് കാറുകളിൽ സൗജന്യ പബ്ലിക് ചാർജിംഗ് ഒരു വർഷത്തേക്ക് മാത്രമാണ്. അതിനുശേഷം താരിഫ് നിരക്ക് അനുസരിച്ച് ഉപഭോക്താവ് ചാർജിംഗ് ഫീസ് നൽകേണ്ടിവരും. കോമറ്റ് ഇവിയെക്കുറിച്ച് പറയുകയാണെങ്കിൽ, നിങ്ങൾ ഈ കാർ 1,00,000 കിലോമീറ്റർ ഓടിക്കുകയാണെങ്കിൽ, ഒരു കിലോമീറ്ററിന് 2.5 രൂപ നിരക്കിൽ BaaS പ്രകാരം 2,50,000 രൂപ നൽകണം. അതായത് ഒരു ലക്ഷം കിലോമീറ്റർ കഴിഞ്ഞാൽ കോമറ്റ് ഇവിക്കുള്ള നിങ്ങളുടെ മൊത്തം ചെലവ് 7,50,000 രൂപയാകും. കോമറ്റ് ഇവിയുടെ ചാർജ്ജിംഗ് ചെലവ് കൂടി ചേർത്താൽ, ഈ ഇലക്ട്രിക് കാറിൻ്റെ മൊത്തം ഉടമസ്ഥാവകാശ തുക ഇനിയും വർദ്ധിക്കും. സാധാരണയായി ഒരു ഇലക്ട്രിക് കാറിൻ്റെ ഒരു കിലോമീറ്ററിന് റണ്ണിംഗ് ചിലവ് ഒരുരൂപയാണ്. ഇങ്ങനെ കണക്കാക്കിയാൽ ഒരു ലക്ഷം കിലോമീറ്റർ കാർ ചാർജ് ചെയ്യാൻ ഒരു ലക്ഷം രൂപയോളം വരും. ഈ ചാർജ് കൂടി ചേർത്താൽ കാറിൻ്റെ മൊത്തം ഉടമസ്ഥാവകാശം 8,50,000 രൂപയാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios