റദ്ദാക്കിയ ടിക്കറ്റ് തുക തിരികെ നൽകാന്‍ മടിച്ച് വിമാനക്കമ്പനികൾ, വയറ്റത്തടിച്ച് യാത്രികര്‍!
മെയ് 3നും പിന്നീട് 17നും ലോക്ഡൗൺ അവസാനിക്കുമെന്ന കണക്കുകൂട്ടലിൽ പല സ്വകാര്യ വിമാന കമ്പനികളും ബുക്കിങ് ആരംഭിച്ചിരുന്നു
രാജ്യത്ത് ലോക്ഡൗൺ 31 വരെ നീട്ടിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആഭ്യന്തര സര്‍വ്വീസ് ഉള്‍പ്പെടെയുള്ള വിമാന സർവീസുകളും ഈ മാസം 31 വരെ നീട്ടിയിരിക്കുന്നു. എന്നിട്ടും യാത്രക്കാർക്കു ടിക്കറ്റ് തുക തിരികെ നൽകുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മെയ് മാസം 3നു ശേഷമുള്ള യാത്രകൾക്കു ടിക്കറ്റെടുത്തവരുടെ കാര്യത്തിൽ മന്ത്രാലയം ഇനിയും തീരുമാനം വ്യക്തമാക്കാത്തതാണു പുതിയ പ്രതിസന്ധിക്കു കാരണം. മെയ് 3നും പിന്നീട് 17നും ലോക്ഡൗൺ അവസാനിക്കുമെന്ന കണക്കുകൂട്ടലിൽ പല സ്വകാര്യ വിമാന കമ്പനികളും ബുക്കിങ് ആരംഭിച്ചിരുന്നു. എന്നാൽ, ലോക്ഡൗൺ നീട്ടുകയും സർവീസ് വിലക്ക് തുടരുകയും ചെയ്തു. പണം നൽകില്ലെന്ന തീരുമാനത്തിൽ വിമാന കമ്പനികൾ ഉറച്ചുനിൽക്കുന്നതും പ്രശ്നപരിഹാരത്തിനു വ്യോമയാന മന്ത്രാലയം നടപടികളെടുക്കാത്തതും യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
മാര്‍ച്ച് 25 മുതൽ 14 തീയതി വരെ ഉള്ള ആദ്യ ലോക്ക് ഡൗൺ ഘട്ടത്തിൽ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തവർക്ക് തുക തിരികെ നൽകണമെന്ന് വ്യോമയാന മന്ത്രാലത്തായിന്റെ നേരത്തെയുള്ള ഉത്തരവും പാലിക്കപ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചില എയർലൈനുകൾ മാത്രമാണ് ഈ ഉത്തരവ് പാലിക്കുന്നത്. ബാക്കിയുള്ളവർ പണത്തിനു പകരം ഒരു വർഷത്തേക്ക് ടിക്കറ്റ് കാലാവധിനീട്ടി നൽകമെന്നാണ് പറയുന്നത് .
മാർച്ച് 25 മുതൽ ഈ മാസം 3 വരെയുള്ള യാത്രകളുടെ ടിക്കറ്റ് തുക തിരികെ നൽകാൻ ഏപ്രിൽ 16ന് ഇറക്കിയ ഉത്തരവിൽ വിമാന കമ്പനികളോട് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ടിക്കറ്റെടുത്തവർക്കു പണം തിരികെ നൽകാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ലെന്നാണു കമ്പനികളുടെ വാദം. സർവീസ് റദ്ദായതോടെ മറ്റൊരു തീയതിയിലേക്കു ടിക്കറ്റ് മാറ്റിയെടുക്കാൻ സൗകര്യമൊരുക്കും എന്നാണ് മെയ് 3നും 17നും ശേഷമുള്ള ടിക്കറ്റ് എടുത്തവരോടും വിമാന കമ്പനികള്‍ പറയുന്നത്. പണത്തിനു പകരം ഒരു വർഷത്തേക്ക് ടിക്കറ്റ് കാലാവധിനീട്ടി നല്‍കുമെന്നാണ് ഇപ്പോഴും പല വിമാനക്കമ്പനികളുടെയും വാദം.