വണ്ടി വിറ്റുതുടങ്ങും മുമ്പേ പെട്ടിയിൽ വന്നുവീണത് 31,730 കോടി! ആനന്ദലബ്‍ദിയിൽ ആനന്ദ് മഹീന്ദ്ര
ബുക്കിംഗിലൂടെ പുതിയ ഥാർ റോക്സ് മാത്രം 31,730 കോടി രൂപ സമാഹരിച്ചു എന്നാണ് കണക്കുകൾ. അതായത് ആദ്യ മണിക്കൂറില്‍ മഹീന്ദ്ര സ്വന്തമാക്കിയ റോക്‌സിന്റെ ബുക്കിംഗ് മൂല്യം 31,730 കോടി രൂപ വരും
രാജ്യത്തെ ഏറ്റവും വലിയ എസ്‍യുവി നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര കമ്പനിയുടെ കാറുകൾക്ക് ഇന്ത്യയിൽ വലിയ ആരാധകവൃന്ദമുണ്ട്. ആവശ്യാനുസരണം കമ്പനി തങ്ങളുടെ വാഹനങ്ങൾ അപ്ഡേറ്റ് ചെയ്യുന്ന പ്രക്രിയ തുടരുന്നു. ഇതാണ് മഹീന്ദ്ര കമ്പനിയുടെ കാറുകൾ ദിനംപ്രതി വൻതോതിൽ വിറ്റഴിയാൻ കാരണം. പുതുതായി പുറത്തിറക്കിയ മഹീന്ദ്ര ഥാർ റോക്‌സിനും വൻ ആരാധകരുണ്ട്.
മഹീന്ദ്ര ഥാർ റോക്‌സിൻ്റെ ബുക്കിംഗ് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ആരംഭിച്ചത്. ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് പുതിയ അഞ്ച് ഡോർ ഥാർ റോക്സിന് ലഭിക്കുന്നത്. ഒക്ടോബർ മൂന്നിന് രാവിലെ 11 മണി മുതലാണ് പുതിയ ഥാർ റോക്സ് ബുക്കിംഗ് മഹീന്ദ്ര ആരംഭിച്ചത്. ബുക്കിംഗ് ആരംഭിച്ച് 60 മിനിറ്റിനുള്ളിൽ 1.76 ലക്ഷം ബുക്കിംഗ് കമ്പനിക്ക് ലഭിച്ചു. അതായത് വെറും 60 മിനിറ്റിനുള്ളിൽ 1,76,218 ഥാർ റോക്ക്‌സ് എസ്‌യുവികൾ ബുക്ക് ചെയ്യപ്പെട്ടു. ഇതോടെ വാഹന വിപണിയുടെ ചരിത്രത്തിൽ മഹീന്ദ്ര പുതിയ റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ്. അങ്ങനെ ബുക്കിംഗിലൂടെ മാത്രം ഥാർ 31,730 കോടി രൂപ സമാഹരിച്ചു എന്നാണ് കണക്കുകൾ. അതായത് ആദ്യ മണിക്കൂറില്‍ മഹീന്ദ്ര സ്വന്തമാക്കിയ റോക്‌സിന്റെ ബുക്കിങ് മൂല്യം 31,730 കോടി രൂപ വരും എന്നാണ് ജാറ്റോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. മഹീന്ദ്ര കമ്പനിയുടെ ഈ കാർ ബുക്ക് ചെയ്യണമെങ്കിൽ 21,000 രൂപ ബുക്കിംഗ് തുക നൽകണം. ബുക്കിംഗ് ആരംഭിച്ചതോടെ ഈ വാഹനത്തിൻ്റെ ടെസ്റ്റ് ഡ്രൈവും കമ്പനി ആരംഭിച്ചിട്ടുണ്ട്.
മഹീന്ദ്ര ഥാർ റോക്ക്സിൽ അഞ്ച് പേർക്ക് സുഖമായി ഇരിക്കാം. അവധിക്കാലത്ത് കൂടുതൽ ലഗേജുകൾ കൊണ്ടുപോകാൻ 447 ലിറ്റർ ബൂട്ട് സ്പേസ് ഉണ്ട്. ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം (10.25 ഇഞ്ച്), ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സൺറൂഫ് തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിലുണ്ട്. സുരക്ഷയ്ക്കായി 6-എയർബാഗുകൾ, ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) എന്നിവയുൾപ്പെടെ വിവിധ സുരക്ഷാ ഫീച്ചറുകളുമായാണ് വരുന്നത്. അടുത്തിടെ മഹീന്ദ്ര ഥാർ റോക്ക്‌സ് 4WD വേരിയൻ്റുകളുടെ വില വെളിപ്പെടുത്തിയിരുന്നു. ഇത് ഡീസൽ എഞ്ചിനുമായി മാത്രം വരുന്നു . അടിസ്ഥാന മോഡലിന് 12.99 ലക്ഷം മുതൽ ടോപ്പ് എൻഡ് 4WD ഓട്ടോമാറ്റിക് പതിപ്പിന് 22.49 ലക്ഷം രൂപവരെയാണ് വാഹനത്തിന്‍റെ എക്സ്-ഷോറൂം വില. ഒക്ടോബര്‍ 12 മുതല്‍ ഥാര്‍ റോക്‌സിന്റെ ഡെലിവറി ആരംഭിക്കും. ഓഫ്-റോഡ് എസ്‌യുവി സെഗ്‌മെൻ്റിൽ അഞ്ച് ഡോർ ഫോഴ്‌സ് ഗൂർഖ, മാരുതി സുസുക്കി ജിംനി എന്നിവയുമായാണ് മഹീന്ദ്ര ഥാർ റോക്‌സ് മത്സരിക്കുന്നത്.