"മുഖത്ത് തറച്ചത് 67 ഗ്ലാസ് കഷണങ്ങൾ, ഇന്നും എന്‍റെ ഒരു കണ്ണ് ചെറുത്" രഹസ്യമാക്കിയ ആ കാറപകടത്തെക്കുറിച്ച് നടി
'ദിൽ ക്യാ കരേ' എന്ന സിനിമയുടെ ചിത്രീകരണത്തിൻ്റെ അവസാന ദിവസം മഹിമ ലൊക്കേഷനിലേക്ക് പോകുമ്പോൾ അവരുടെ കാറിൽ ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ മഹിമയുടെ മുഖത്ത് സാരമായി പരിക്കേറ്റിരുന്നു. 67 ഗ്ലാസ് കഷണങ്ങളാണ് നടിയുടെ മുഖത്തുനിന്നും നീക്കം ചെയ്‍തത്.
ബോളിവുഡ് നടി മഹിമ ചൗധരി തൻ്റെ തിരിച്ചുവരവ് ചിത്രമായ ദി സിഗ്നേച്ചറിൻ്റെ ഒരുക്കങ്ങളുടെ തിരക്കിലാണ്. ഈ ചിത്രത്തിലൂടെ എട്ട് വർഷത്തിന് ശേഷം അവർ സിനിമയിലേക്ക് തിരിച്ചെത്തുന്നു. ഇപ്പോഴിതാ 1999ൽ ദിൽ ക്യാ കരേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ വാഹനാപകടത്തെക്കുറിച്ചുള്ള മഹിമയുടെ വെളിപ്പെടുത്തൽ വൈറലാകുകയാണ്. ഈ അപകട്ടെക്കുറിച്ച് മഹിമ ഒരു അഭിമുഖത്തിലാണ് തുറന്നുപറഞ്ഞത്.
'ദിൽ ക്യാ കരേ' എന്ന സിനിമയുടെ ചിത്രീകരണത്തിൻ്റെ അവസാന ദിവസം മഹിമ ലൊക്കേഷനിലേക്ക് പോകുമ്പോൾ അവരുടെ കാറിൽ ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ മഹിമയുടെ മുഖത്ത് സാരമായി പരിക്കേറ്റിരുന്നു. 67 ഗ്ലാസ് കഷണങ്ങളാണ് നടിയുടെ മുഖത്തുനിന്നും നീക്കം ചെയ്‍തത്. അപകടത്തിന് ശേഷം സഹനടൻ അജയ് ദേവ്ഗണിനോടും സംവിധായകൻ പ്രകാശ് ഝായോടും ഇക്കാര്യം മറച്ചുവയ്ക്കാൻ താൻ അഭ്യർത്ഥിച്ചെന്നും അല്ലാത്തപക്ഷം സിനിമാലോകം തന്നെ ബഹിഷ്‌കരിക്കുമെന്ന് കരുതിയതായും മഹിമ വെളിപ്പെടുത്തുന്നു.
"എനിക്ക് ആ അപകടം സംഭവിച്ചപ്പോൾ, എൻ്റെ മുഖത്ത് എത്ര മുറിവുകളുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു" മഹിമ ഓർക്കുന്നു. "ഞാൻ പ്രകാശ് ഝായോട് പറഞ്ഞിരുന്നു, ഡോക്ടർമാർ എന്നെ പരിശോധിച്ചു കഴിഞ്ഞാൽ നമുക്ക് ഷൂട്ട് ചെയ്യാം എന്ന്. പക്ഷേ അദ്ദേഹം പറഞ്ഞു ഇല്ല, ഇപ്പോൾ കാത്തിരിക്കൂ എന്ന്. അതിനുശേഷം ഒരു ദിവസം ഞാൻ ബാത്ത്റൂം കണ്ണാടിയിൽ എന്നെ കണ്ടു. മുഖത്തേക്ക് നോക്കിയപ്പോൾ എൻ്റെ മുഖം വല്ലാതെ വഷളായി എന്ന് മനസ്സിലായി. അപ്പോൾ ഞാൻ അജയ് ദേവ്ഗണിനോടും പ്രകാശ് ജിയോടും പറഞ്ഞു, ദയവുചെയ്ത് ഇതൊക്കെ എനിക്ക് സംഭവിച്ചെന്ന് ആരോടും പറയരുതെന്ന്. ഇതെല്ലാം എൻ്റെ കരിയറിനെ ബാധിക്കുമെന്നും ഞാൻ പറഞ്ഞു. അവർ ഇക്കാര്യം ആരോടും പറഞ്ഞില്ല, പുറത്തുപോകാതെ സൂക്ഷിക്കുകയും ചെയ്‍തു. 20 വർഷങ്ങൾക്ക് ശേഷം ഞാൻ ഈ കഥ പങ്കുവെച്ചപ്പോഴാണ് ആളുകൾ അറിഞ്ഞത്" മഹിമ ചൌധരി പറയുന്നു.
"അന്ന് ഞാൻ വളരെ ചെറുപ്പമായിരുന്നതിനാൽ അത് വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. ശസ്‌ത്രക്രിയ കഴിഞ്ഞാൽ എല്ലാം ശരിയാകുമെന്ന് അജയ് എന്നോട് വീണ്ടും വീണ്ടും വിശദീകരിച്ചെങ്കിലും ഞാൻ അത് ചെവിക്കൊണ്ടില്ല. മറ്റ് കരിയർ ഓപ്ഷനുകളെക്കുറിച്ചുപോലും ഞാൻ ചിന്തിക്കാൻ തുടങ്ങിയിരുന്നു. ഇന്നും എൻ്റെ ഒരു കണ്ണ് മറ്റൊന്നിനേക്കാൾ ചെറുതാണ്. അന്നുമുതൽ ക്യാമറയെ അഭിമുഖീകരിക്കുമ്പോൾ ഞാൻ എപ്പോഴും എൻ്റെ മുഖം ഏതെങ്കിലും കോണിൽ നിന്ന് മറയ്ക്കാൻ ഞാൻ ശ്രമിക്കുന്നു"
മഹിമയ്ക്ക് 1997 മുതൽ 2002 വരെ മികച്ച കരിയർ ഉണ്ടായിരുന്നു. ഈ കാലയളവിൽ, പർദേസ്, ദാഗ്: ദ ഫയർ, ദഡ്‍കൻ, കുരുക്ഷേത്ര തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിൽ അവർ പ്രവർത്തിച്ചു. എന്നാൽ ഇതിന് ശേഷം മഹിമയുടെ മിക്ക ചിത്രങ്ങളും പരാജയപ്പെട്ടു, 2006 ന് ശേഷം മഹിമ സ്ക്രീനിൽ നിന്ന് അപ്രത്യക്ഷമായി. 2006ൽ ബോബി മുഖർജിയെ വിവാഹം കഴിച്ച മഹിമ 2007ൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ഏകദേശം നാല് വർഷത്തിന് ശേഷം മഹിമയും ബോബിയും വേർപിരിഞ്ഞു.