ടാറ്റ മോട്ടോഴ്‌സ് സഫാരി ബ്രാൻഡിന്റെ 27-ാം വാർഷികത്തിൽ സ്റ്റെൽത്ത് എഡിഷൻ പുറത്തിറക്കി. 2,700 യൂണിറ്റുകൾ മാത്രം വിപണിയിലെത്തുന്ന ഈ എഡിഷന് മോണോടോൺ ഫിനിഷും കറുത്ത ലെതറെറ്റ് ഇന്റീരിയറും ഉണ്ട്.

ന്ത്യയിലെ സഫാരി ബ്രാൻഡിന്റെ 27 വർഷത്തെ ആഘോഷത്തിന്റെ ഭാഗമായി ടാറ്റ മോട്ടോഴ്‌സ് ടാറ്റാ സഫാരിയുടെ സ്റ്റെൽത്ത് എഡിഷൻ പുറത്തിറക്കി. പുതിയ ടാറ്റ സഫാരി സ്റ്റെൽത്ത് എഡിഷന് മോണോടോൺ ഫിനിഷുകൾ ലഭിക്കുന്നു. അതേസമയം ടാറ്റാ സഫാരി സ്റ്റെൽത്ത് എഡിഷന്‍റെ വെറും 2,700 യൂണിറ്റുകൾ മാത്രമേ വിപണിയിൽ എത്തുകയുള്ളൂ. 25.74 ലക്ഷം രൂപയാണ് ടാറ്റ സഫാരി സ്റ്റെൽത്ത് എഡിഷന്റെ എക്സ്-ഷോറൂം വില. ആറ് സീറ്റർ, ഏഴ് സീറ്റർ പതിപ്പുകളിൽ ലഭ്യമാണ്. ഒപ്പം ടാറ്റാ ഹരിയറിനും സ്റ്റെൽത്ത് എഡിഷൻ ലഭിക്കുന്നുണ്ട്. 

ഡാർക്ക് എഡിഷനിൽ നിന്ന് വ്യത്യസ്‍തമായി, സഫാരി സ്റ്റെൽത്ത് എഡിഷന് കറുത്ത ലെതറെറ്റ് ഇന്‍റീരിയർ തീമിൽ മാറ്റ് ബ്ലാക്ക് എക്സ്റ്റീരിയർ പെയിന്‍റ് ലഭിക്കുന്നു. കൂടാതെ പാക്കേജിന്റെ ഭാഗമായി, ഫ്രണ്ട് ഫെൻഡറിൽ സ്റ്റെൽത്ത് ബാഡ്‍ജിംഗും അലോയി വീലുകൾക്ക് ഇരുണ്ട നിറവും ലഭിക്കുന്നു. മെക്കാനിക്കൽ വശത്ത്, സഫാരി സ്റ്റെൽത്ത് എഡിഷൻ അതേ 2.0 ലിറ്റർ ഡീസൽ എഞ്ചിനിൽ നിന്നാണ് പവർ എടുക്കുന്നത്. ഇത് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ യൂണിറ്റുമായി ഘടിപ്പിച്ചിരിക്കുന്നു. ഈ മോട്ടോർ 168 ബിഎച്ച്പി പവറും 350 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു.

മാറ്റ് ബ്ലാക്ക് പെയിന്റ് സ്‍കീമിലാണ് ടാറ്റ സഫാരി സ്റ്റെൽത്ത് എഡിഷൻ എത്തുന്നത്. ഇത് അതിന് ഒരു സവിശേഷ സാന്നിധ്യം നൽകുന്നു. സഫാരി സ്റ്റെൽത്ത് എഡിഷൻ പുറത്തിറക്കുന്നതോടെ, വാഹനത്തെ ഒരു സാധാരണ എസ്‌യുവി എന്നതിലുപരി കളക്ടറുടെ ഇഷ്‍ട വാഹനമാക്കി മാറ്റാനാണ് ടാറ്റാ മോട്ടോഴ്സ് ശ്രമിക്കുന്നത്.

ടാറ്റ സഫാരി സ്റ്റെൽത്ത് എഡിഷനിൽ നിരവധി മികച്ച സവിശേഷതകൾ ലഭ്യമാണ്. ഡ്യുവൽ ഡിജിറ്റൽ സ്‌ക്രീനുകൾ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ടെയിൽഗേറ്റ്, ലെവൽ-2 എഡിഎഎസ് തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ട്. സ്റ്റെൽത്ത് എഡിഷൻ എസ്‌യുവിയുടെ ഇന്റീരിയറിൽ കറുത്ത ലെതർ അപ്ഹോൾസ്റ്ററി ഉപയോഗിച്ചിരിക്കുന്നു. ഇത് വളരെ പ്രീമിയം അനുഭവം നൽകുന്നു.

ഇന്ത്യയിലെ എസ്‌യുവി വിഭാഗത്തിൽ ടാറ്റ മോട്ടോഴ്‌സ് വളരെക്കാലമായി മുൻപന്തിയിലാണെന്നും നൂതനത്വം അതിന്റെ ഡിഎൻഎയിൽ ആഴത്തിൽ ഉൾച്ചേർന്നിരിക്കുന്നുവെന്നും ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ വിവേക് ​​ശ്രീവത്സ പറഞ്ഞു. ഇന്ത്യൻ വിപണിയിൽ ഒരു ലൈഫ്‌സ്റ്റൈൽ എസ്‌യുവി എന്ന ആശയം അവതരിപ്പിച്ച ടാറ്റ സഫാരി, മികവിന്റെ ഒരു സാക്ഷ്യമായി നിലകൊള്ളുന്നുവെന്നും 27 വർഷത്തെ അജയ്യമായ പാരമ്പര്യത്തോടെ, ടാറ്റ സഫാരി നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയാണ്, സ്റ്റീൽത്ത് എഡിഷന്റെ ലോഞ്ച് അതിനുള്ള ഒരു സല്യൂട്ട് ആണെന്നും അദ്ദേഹം വ്യക്തമാക്കി.