27 കിമീ മൈലേജ്, വില അഞ്ച് ലക്ഷം; മെഗാഹിറ്റായി പുത്തന്‍ സെലേറിയോ!
മറ്റൊരു കാറിനും അവകാശപ്പെടാന്‍ സാധിക്കാത്ത അമ്പരപ്പിക്കുന്ന മൈലേജാണ് പുത്തന്‍ സെലേറിയോയുടെ ഏറ്റവും വലിയ പ്രത്യേകത. 26.68kpl എന്ന ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയ മൈലേജ് കണക്കുമായിട്ടാണ് പുതിയ സെലേറിയോ എത്തുന്നത്.
രാജ്യത്തെ ഏറ്റവും വലുതും ജനപ്രീതിയില്‍ ഒന്നാം സ്ഥാനക്കാരുമായ വാഹന നിര്‍മ്മാതാക്കളാണ് മാരുതി സുസുക്കി. 2014 ൽ ആണ് കമ്പനി സെലേറിയോ എന്ന ഹാച്ച് ബാക്ക് മോഡൽ ആദ്യമായി വിപണിയില്‍ അവതരിപ്പിക്കുന്നത്. വാഹന വിപണിയില്‍ വലിയ വിപ്ലവവുമായിട്ടായിരുന്നു അന്ന് സെലേരിയോ എത്തിയത്. ഓട്ടമാറ്റിക് മാനുവൽ ട്രാൻസ്‍മിഷൻ എന്ന എഎംടി ഇന്ത്യയിൽ ആദ്യമായി പരീക്ഷിക്കപ്പെട്ടത് സെലേറിയോയിലൂടെ ആയിരുന്നു. നിരത്തിലെത്തിയ അന്നുമുതല്‍ മറ്റേതൊരു മാരുതി മോഡലിനെയും പോലെ വിപണിയിലെ താരമാണ് സെലേരിയോയും. ഇത്ര ചുരുങ്ങിയ സമയത്തിനുള്ളിൽ സെലേറിയോയുടെ ആറ് ലക്ഷത്തില്‍ അധികം യൂണിറ്റുകൾ വിറ്റഴിച്ചുവെന്നാണ് കണക്കുകള്‍.
ഇപ്പോഴിതാ തലമുറ മാറ്റവുമായി പുത്തന്‍ സെലേറിയോയെ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് മാരുതി സുസുക്കി. അവതരിപ്പിച്ച് ഏതാനും ദിവസങ്ങള്‍ കഴിയുമ്പോഴേക്കും വിപണിയില്‍ തംരഗമാകുകയാണ് പുതിയ സെലേറിയോ. രാജ്യത്തെ മറ്റൊരു കാറിനും അവകാശപ്പെടാന്‍ സാധിക്കാത്ത അമ്പരപ്പിക്കുന്ന മൈലേജാണ് പുത്തന്‍ സെലേറിയോയുടെ ഏറ്റവും വലിയ പ്രത്യേകത. ഒപ്പം വാഹനത്തിന്‍റെ മോഹവിലയും സെലേറിയോയിലേക്ക് സാധാരണക്കാരെ ആകര്‍ഷിക്കുന്നു. പുതിയ സെലേരിയോയുടെ ചില വിശേഷങ്ങള്‍ അറിയാം.
ലുക്കില്‍ വന്‍ അഴിച്ചുപണി നടത്തിയാണ് പുതുതലമുറ സെലേറിയോ എത്തിയിരിക്കുന്നത്. മാരുതിയുടെ അഞ്ചാം തലമുറ ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് പുതിയ സെലേറിയോ നിർമിച്ചിരിക്കുന്നത്. 3D ഓർഗാനിക് സ്‌കൾപ്‌റ്റഡ് ഡിസൈൻ ആണ് മറ്റൊരു ആകർഷണം. ഫ്ലാറ്റ് പാനലുകൾക്ക് പകരം വൃത്താകൃതി തീമായ ഡിസൈൻ ആണ് പുത്തൻ സെലേറിയോയ്ക്ക്. ഹെഡ്‍ലാംപ്, ഗ്രിൽ, ടെയിൽ ലാംപ് എന്നിങ്ങനെ എല്ലായിടത്തും ഈ വൃത്താകൃതിയുടെ തീം കാണാം. അതായത് ഉരുളിമകൾക്ക് മുൻഗണന നൽകുന്ന, സ്പോർട്ടി രൂപമാണ് വാഹനത്തിന്.
ഓവൽ ഹെഡ്‌ലാംപുകള്‍, ക്രോം ലൈനുള്ള കറുത്ത സ്പോർട്ടി ഗ്രില്‍ തുടങ്ങിയവ പ്രത്യേകതകളാണ്. കറുത്ത നിറമുള്ള കണ്‍സോളിലാണ് ഫോഗ് ലാംപുകള്‍. മസ്കുലറായ വീൽ ആർച്ചുകൾ, ഡ്രോപ്‌ലെറ്റ് രൂപകൽപനയിൽ ടെയിൽ ലാംപ്, ഹണികോമ്പ് ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഗ്രില്ല്, രണ്ട് ഹെഡ്‌ലൈറ്റുകളെയും ബന്ധിപ്പിക്കുന്ന ക്രോമിയം ലൈന്‍, പുതിയ ഡിസൈനിലുള്ള ഹെഡ്‌ലാമ്പ് ക്ലസ്റ്റര്‍, ക്ലാഡിങ്ങ് അകമ്പടിയില്‍ നല്‍കിട്ടുള്ള ഫോഗ്‌ലാമ്പ്, ഷാര്‍പ്പ് എഡ്‍ജുകളുള്ള ബമ്പര്‍ തുടങ്ങിയവയാണ് സെലേറിയോയ്ക്ക് പുതുതലമുറ ഭാവം നല്‍കുന്നത്. മുന്‍ മോഡലില്‍ നിന്ന് ബോണറ്റില്‍ ഉള്‍പ്പെടെ വേറെയും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
ഏറെ പുതുമയുള്ളതാണ് വശങ്ങളിലെ ഡിസൈനും. 15 ഇഞ്ച് വലിപ്പമുള്ള ബ്ലാക്ക് ഫിനിഷിലുള്ള അലോയ് വീലാണ് മറ്റൊരു പ്രധാന പുതുമ. ഇന്‍ഡിക്കേറ്റര്‍ കൂടിയുള്ള റിയര്‍വ്യൂ മിറര്‍, ബ്ലാക്ക് ഫിനീഷിങ്ങിലുള്ള ബി പില്ലര്‍ എന്നിവയാണ് വശങ്ങളിലെ മാറ്റം. പിന്‍ഭാഗത്തും ഏറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ടെയ്ല്‍ലാമ്പ് പുതിയ ഡിസൈനിലാണ്. ഹാച്ച്‌ഡോറില്‍ പ്രത്യേകമായി റിയര്‍വ്യൂ ക്യാമറ നല്‍കിയിട്ടുണ്ട്. എന്നാൽ ഹാച്ച്‌ഡോര്‍ ഹാന്‍ഡില്‍ മുന്‍ മോഡലിന് സമാനമാണ്.
കറുപ്പിനു പ്രാമുഖ്യമുള്ള ഇന്‍റീരിയര്‍ പൂര്‍ണമായും പുതുമയോടെ രൂപകല്‍പ്പന ചെയ്‍തിരിക്കുന്നു. പ്രീമിയം ഹാച്ചായ ഇഗ്നിസിലെ പല ഫീച്ചറുകളും പുത്തന്‍ സെലേറിയോയെയും പ്രീമിയമാക്കുന്നു. പുതിയ ഡിസൈനിലുള്ളതാണ് ഡാഷ്‌ബോര്‍ഡ്. ഉയര്‍ന്ന വേരിയന്‍റില്‍ മാരുതിയുടെ സ്‍മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭ്യമാണ്. അനലോഗ്, ഡിജിറ്റൽ കോംബിനേഷനുള്ള മീറ്റർ കൺസോൾ, ഡ്രൈവര്‍ സീറ്റ് ഹൈറ്റ് അഡ്‍ജസ്റ്റ്മന്റ്, മള്‍ട്ടി ഫങ്ങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍ എന്നിവയും പുതിയ സെലേറിയോയെ ആകർഷണീയമാക്കുന്നു. താഴ്ന്ന വേരിയന്റില്‍ യു.എസ്.ബി. സപ്പോള്‍ട്ട് ചെയ്യുന്ന മ്യൂസിക് സിസ്റ്റം ഉള്‍പ്പെടെയുള്ള ഫീച്ചറുകളുണ്ട്.
മികച്ച സുരക്ഷ ഉറപ്പാക്കുന്നതിനായി പന്ത്രണ്ടില്‍ അധികം സേഫ്റ്റി ഫീച്ചറുകളാണ് പുതിയ സെലേറിയോയില്‍ മാരുതി സുസുക്കി കൊണ്ടുവന്നിരിക്കുന്നത്. ഡ്യുവല്‍ എയര്‍ബാഗ്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, എ.ബി.എസ്. വിത്ത് ഇ.ബി.ഡി, ബ്രേക്ക് അസിസ്റ്റ്, സ്പീഡ് അലേര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിങ്ങ് സെന്‍സര്‍, സ്പീഡ് സെന്‍സിറ്റീവ് ഡോര്‍ ലോക്ക്, പ്രീ-ടെന്‍ഷനര്‍ ആന്‍ഡ് ഫോഴ്‌സ് ലിമിറ്റര്‍, ചൈല്‍ഡ് സേഫ്റ്റി ലോക്ക് തുടങ്ങിയ ഫീച്ചറുകള്‍ സുരക്ഷ ഉറപ്പാക്കും. സെന്റർ കൺസോളിലാണ് മുൻ പവർ വിൻഡോ സ്വിച്ചുകൾ. മുൻ സീറ്റുകൾക്ക് ഇടയിലായാണ് പിൻ പവർ വിൻഡോ സ്വിച്ചുകൾ. എഎംടി മോഡലിന്റെ ഗിയർ നോബ് വ്യത്യസ്തമാണ്. പിൻ നിരയിലും മികച്ച ലെഗ്–ഹെഡ് റൂമുമായാണ് പുത്തൻ സെലേറിയോ എത്തിയിരിക്കുന്നത് . 60, 40 അനുപാതത്തിൽ സ്പ്ലിറ്റ് ചെയ്യാവുന്ന രീതിയിലാണ് പിൻസീറ്റ് എന്നതിനാൽ ലഗേജ് സ്‌പേസിനും കുറവ് വരുന്നില്ല.
നിലവിലെ പഴയ മോഡലിനേക്കാൾ അളവുകളിലും വളർന്നിട്ടുണ്ട് പുത്തന്‍ സെലേറിയോ. 3695 എം.എം. നീളവും 1655 എം.എം. വീതിയും 1555 എം.എം. ഉയരത്തിനുമൊപ്പം 2435 എം.എം. വീല്‍ ബേസുമാണ് പുതിയ മോഡലിന് ഉള്ളത്. 170 എം.എമ്മാണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 313 ലിറ്റര്‍ എന്ന സെഗ്മെന്റിലെ തന്നെ ഏറ്റവും മികച്ച ബൂട്ട് സ്‌പേസും സെലേറിയോയുടെ സവിശേഷതയാണ്.
26.68kpl എന്ന ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയ മൈലേജ് കണക്കുമായിട്ടാണ് പുതിയ സെലേറിയോ എത്തുന്നത്. ഇതു തന്നെയാണ് പുതിയ സെലേറിയോയുടെ ഏറ്റവും വലിയ പ്രത്യേകത. മാരുതിയുടെ പുതിയ 1.0 ഡ്യുവൽജെറ്റ് എഞ്ചിനാണ് ഈ ഉയര്‍ന്ന മൈലേജിനു പിന്നില്‍. കെ 10 സി എന്നറിയപ്പെടുന്ന ഈ എഞ്ചിന്‍ ബലെനോയ്ക്കും സ്വിഫ്റ്റിനും കരുത്ത് പകരുന്ന 1.2 ഡ്യുവൽ ജെറ്റിന് ശേഷം ഇന്ത്യയിൽ വിൽക്കപ്പെടുന്ന രണ്ടാമത്തെ ഡ്യുവൽ ജെറ്റ് എഞ്ചിനാണ്. അഞ്ച് സ്‍പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്‍പീഡ് AMT ഗിയർബോക്‌സുമായിട്ടാണ് സെലേറിയോ എത്തുന്നത്. എന്നാൽ ഈ 1.0 ഡ്യുവൽജെറ്റ് എഞ്ചിൻ, ഡയറക്ട് ഇഞ്ചക്ഷനോ ടർബോചാർജിംഗോ ഉപയോഗിക്കുന്നില്ല. എന്നിട്ടും ARAIയുടെ മൈലേജ് ടെസ്റ്റിംഗില്‍ 26.68kpl എന്ന റെക്കോര്‍ഡ് മൈലേജ് കൈവരിക്കാൻ ഈ എഞ്ചിന് സാധിച്ചു.
LXi, VXi, ZXi, ZXi+ എന്നീ നാല് വേരിയന്‍റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന്‍റെ മറ്റൊരു വലിയ പ്രത്യേകത സാധാരണക്കാരന് താങ്ങാൻ ആകുന്ന വിലയാണ്. അതായത് ഇന്ധന വില കത്തിക്കയറുമ്പോഴും സാധാരണക്കാരന്‍റെ പോക്കറ്റ് ചോരാതിരിക്കാൻ മാരുതി ശ്രദ്ധിക്കുന്നു എന്ന് ചുരുക്കം.