'ഷോർട്സ്, കീറിയ ജീൻസ്, സ്ലീവ് ലെസ് ഔട്ട്', ഡ്രസ് കോഡ് നടപ്പിലാക്കാനൊരുങ്ങി ഒഡിഷയിലെ ജഗന്നാഥ ക്ഷേത്രം
സ്ലീവ് ലൈസ് വസ്ത്രങ്ങള്‍, കീറിയ ജീന്‍സ്, ഹാഫ് പാന്‍റ്സ്, ഷോർട്സ് എന്നിവയെല്ലാം ധരിച്ച് കടല്‍ത്തീരത്തോ ബീച്ചിലോ പോകുന്നത് പോലെയാണ് ചിലര്‍ ക്ഷേത്ര സന്നിധിയിലേക്ക് എത്തുന്നത്. ക്ഷേത്രം വിനോദത്തിന് വേണ്ടിയുള്ള ഇടമല്ലെന്ന് ജഗന്നാഥ ക്ഷേത്രം അഡ്മിനിസ്ട്രേഷന്‍
പുരി: ക്ഷേത്ര സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ഡ്രസ് കോഡ് നടപ്പിലാക്കാനൊരുങ്ങി ഒഡിഷയിലെ ജഗന്നാഥ ക്ഷേത്രം. ക്ഷേത്രത്തിനുള്ളില്‍ മാന്യതയ്ക്ക് നിരക്കാത്ത വസ്ത്രം ധരിച്ച് ആളുകള്‍ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് നിതീ സബ് കമ്മിറ്റിയുടെ തീരുമാനം. ജനുവരി 1 മുതല്‍ തീരുമാനം നടപ്പിലാകും. ക്ഷേത്ര അന്തരീക്ഷത്തിന് ബുദ്ധിമുട്ട് വരുന്ന രീതിയിലുള്ള സംഭവങ്ങള്‍ ഒഴിവാക്കാനാണ് നീക്കം.
മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ വസ്ത്രം ധരിച്ച് ചിലര്‍ ക്ഷേത്ര സന്ദര്‍ശനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതായും ഇത് പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് ക്ഷേത്രാധികാരികള്‍ വിശദമാക്കി. സ്ലീവ് ലൈസ് വസ്ത്രങ്ങള്‍, കീറിയ ജീന്‍സ്, ഹാഫ് പാന്‍റ്സ്, ഷോർട്സ് എന്നിവയെല്ലാം ധരിച്ച് കടല്‍ത്തീരത്തോ ബീച്ചിലോ പോകുന്നത് പോലെയാണ് ചിലര്‍ ക്ഷേത്ര സന്നിധിയിലേക്ക് എത്തുന്നത്. ക്ഷേത്രം വിനോദത്തിന് വേണ്ടിയുള്ള ഇടമല്ലെന്ന് ജഗന്നാഥ ക്ഷേത്രം അഡ്മിനിസ്ട്രേഷന്‍ ചീഫ് രഞ്ജന്‍ കുമാര്‍ ദാസ് ദേശീയ മാധ്യമങ്ങളോട് വിശദമാക്കി.
എത്തരത്തിലുള്ള വസ്ത്രമാകും ക്ഷേത്രത്തില്‍ അനുവദിക്കുകയെന്ന് ഉടന്‍ വ്യക്തമാക്കും. പ്രധാന കവാടത്തില്‍ ഡ്രസ് കോഡ് ഉറപ്പാക്കാനായി സുരക്ഷാ ജീവനക്കാരെ ചുമതലപ്പെടുത്തുമെന്നും ക്ഷേത്ര ഭാരവാഹികള്‍ വ്യക്തമാക്കി. ചൊവ്വാഴ്ച മുതല്‍ ഭക്തര്‍ക്ക് ഡ്രസ് കോഡ് സംബന്ധിയായ ബോധവല്‍ക്കരണം ആരംഭിക്കുമെന്നും ക്ഷേത്ര ഭാരവാഹികള്‍ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം