Navratri 2022 : നവരാത്രിപൂജയും വിദ്യാരംഭവും ; അറിഞ്ഞിരിക്കാം ചിലത്...
നവരാത്രി വ്രതം ആദ്യം അനുഷ്ടിച്ചത് അവതാര പുരുഷനായ സാക്ഷാൽ ശ്രീരാമനാണ്. സീതാപഹരണത്തിനു ശേഷം കിഷ്കിന്ധയിൽ വച്ചാണ് ദാശരഥി വ്രതം ആദ്യം തുടങ്ങിയതെന്ന് ദേവി ഭാഗവതത്തിൽ പരാമർശിക്കുന്നുണ്ട്.
ആ വ്രതം എല്ലാവരും വരും നാളുകളിൽ അനുഷ്ടിക്കണമെന്ന് നിർബന്ധമാക്കിയത് 'സുദർശൻ ''എന്ന രാജാവായിരുന്നുവത്രെ! പലനാമങ്ങളിലായി സരസ്വതി ദേവിയെ ഭക്തർ ഈ ദിവസങ്ങളിൽ ആരാധിക്കാറുണ്ട്.
നവരാത്രി ഒമ്പത് രാത്രി മാത്രമല്ല ഭൂമിയും പ്രകൃതിയും, കാടും, കടലും, നദിയും, ഒക്കെ അമ്മയായി കണ്ട ആ ആദി പരാശക്തിയുടെ മക്കളുടെ സ്വയം സമർപ്പിത ദിനങ്ങളാണവ അത് സ്ത്രീത്വത്തെ,മാതൃത്വത്തെ,യുവതിയെ , ബാലികയെ ,ശിശുവിനെ ആരാധിക്കുന്ന മഹനീയ ദിനരാത്രങ്ങൾ കൂടിയാണ്.
പ്രപഞ്ച കാരണിയായ മൂല പ്രകുതിയെ അടുത്തറിയലാണ്. എല്ലാ പ്രകൃതി പ്രതിഭാസങ്ങളും ആ പ്രജ്ഞയുടെ സത്താണെന്നറിയലാണ്. സകല അറിവും ആ വിദ്യാസരസ്വതിയുടെ ദാനമാണ്. എല്ലാ കർമ്മങ്ങളും ആ ശക്തിസ്വരൂപിണിയുടെ അനുഗ്രഹം കൊണ്ടാണ് ചെയ്യാൻ സാധിക്കുന്നത്.
പ്രപഞ്ചത്തിലെ പഞ്ചഭൂതാത്മകമായ ഏത് വസ്തുവിലും ശക്തിയിലും പ്രാണനിലും എപ്രകാരം ആ ആദിപരാശക്തിയുടെ ചേതന മറഞ്ഞിരിക്കുന്നുവോ, അതേ ചൈതന്യം തന്നിലും കുടിയിരിക്കുന്നുവെന്ന മഹനീയ സത്യം സ്വായത്തമാക്കലാണ് ഈ ആഘോഷം. നവരാത്രി കാലത്ത് മനസ്സം ബുദ്ധിയും ചിന്തയുമെല്ലാം സ്വയം ശുചീകരിക്കാൻ നവീകരിക്കാൻ യജ്ഞിക്കേണ്ട ദിനങ്ങളാണ്.
വിദ്യയില്ലെങ്കിൽ മനുഷ്യർ മൃഗതുല്യരാകും. സകല കലകളുടെയും മൂർത്തി ഭാവമാണ് വിദ്യാകരണിയായ മഹാസരസ്വതി. വിദ്യയുടെ ആരാധനയാണ് നവരാത്രി നാളിൽ നടക്കുന്നത്. മഹാനവമിക്ക് ഉപവാസത്തോടു കൂടി വിദ്യാ വ്യസനികൾ ദേവിയെ പൂജിക്കുന്നു. ദുർഗ്ഗാഷ്ടമി ,മഹാനവമി, വിജയദശമി ,ഈ മൂന്ന് ദിവസങ്ങൾക്കാണ് വിദ്യാ ദേവതയുടെ ആരാധനയിൽ ഏറ്റവും അധികം പ്രാധാന്യം കൽപ്പിക്കപ്പെട്ടുന്നത് . നവരാത്രി കാലത്ത് താന്താങ്ങളുടെ കർമ്മോപകരണങ്ങൾ ഭക്തിയോടെ പൂജിക്കുന്നു.
ഭാരതത്തിലാകെ നവരാത്രി കാലം ദേവി പൂജക്ക് പ്രാധാന്യം കൽപ്പിക്കുന്നു. പല രൂപത്തിലും ഭാവത്തിലുമാണ് വിവിധ ഭാഗങ്ങളിൽ നവരാത്രി കൊണ്ടാടുന്നത്. ദുർഗ്ഗ എന്ന അഭിധാനത്തോടു കൂടി പരാശക്തി ദേവന്മാരുടെ മുമ്പിൽ പ്രത്യക്ഷമായത് അഷ്ടമിക്കാണത്രെ. നവരാത്രിയിലെ എട്ടാം ദിവസമാണിത്. അത് കൊണ്ടു തന്നെ ഈ ദിവസത്തിന് ദുർഗ്ഗാഷ്ടമി എന്നു പേര് വന്നു. ഈ ദിവസമാണ് ഗ്രന്ഥങ്ങൾ, പുസ്തകങ്ങൾ' മുതലായവ പൂജയ്ക്ക് വെക്കുന്നത്. പൂജവെച്ചാൽ എഴുത്തും വായനവും മറ്റു കർമ്മങ്ങളും ദേവി ഉപാസനക്കായി ഒഴിവാക്കുന്നു. വിജയദശമി ദിവസമാണ് വിദ്യാരംഭം.
നവരാത്രി വ്രതം ആദ്യം അനുഷ്ടിച്ചത് അവതാര പുരുഷനായ സാക്ഷാൽ ശ്രീരാമനാണ്. സീതാപഹരണത്തിനു ശേഷം കിഷ്കിന്ധയിൽ വച്ചാണ് ദാശരഥി വ്രതം ആദ്യം തുടങ്ങിയതെന്ന് ദേവി ഭാഗവതത്തിൽ പരാമർശിക്കുന്നുണ്ട്.
ആ വ്രതം എല്ലാവരും വരും നാളുകളിൽ അനുഷ്ടിക്കണമെന്ന് നിർബന്ധമാക്കിയത് 'സുദർശൻ '' എന്ന രാജാവായിരുന്നുവത്രെ! പലനാമങ്ങളിലായി സരസ്വതി ദേവിയെ ഭക്തർ ഈ ദിവസങ്ങളിൽ ആരാധിക്കാറുണ്ട്.
വീണാ സരസ്വതി,താണ്ഡവ സരസ്വതി,ഭാരതി, ബ്രാഹ്മി,വാഗീശ്വരി,ഗായത്രി എന്നത് ചില ഭാവങ്ങളാണ്. മയിൽ വാഹനയായും,ഹംസ വാഹനയായും ദേവിയെ പൂജിക്കാറുണ്ട്. നവരാത്രിക്കാലം സംഗീതാർച്ചന കാലവുമാണ്. ഓരോ ദിവസവും ആലപിക്കേണ്ട കീർത്തനങ്ങൾ ശ്രീ സ്വാതി തിരുനാൾ ചിട്ടപ്പെടുത്തിയതാണ് പിൽ ക്കാലത്ത് ആചാരമായത്.
Read more നവരാത്രി ആഘോഷവും ഐതിഹ്യവും