ചിത്രത്തിലൊളിച്ചിരുന്ന ആ നിഗൂഢസന്ദേശം ആരുടേതായിരുന്നു? ഒടുവിൽ കണ്ടെത്തി
പതിപ്പ് ആദ്യമായി അനാച്ഛാദനം ചെയ്തപ്പോൾ, മഞ്ചിന്റെ മാനസികാരോഗ്യത്തെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകൾക്കൊപ്പം ആ ചിത്രവും കടുത്ത വിമർശനത്തിന് ഇരയായി.
എഡ്വാർഡ് മഞ്ചിന്റെ പ്രസിദ്ധമായ പെയിന്റിംഗ് "ദി സ്‌ക്രീം" -ൽ മറഞ്ഞിരിക്കുന്ന സന്ദേശം ആരുടേതാണ് എന്ന് കണ്ടെത്താൻ കലാലോകം വർഷങ്ങളായി പരിശ്രമിക്കുകയാണ്. എന്നാൽ, ഈ ചിത്രത്തെക്കുറിച്ചുള്ള ഒരു പുതിയ അന്വേഷണത്തിൽ ആ സന്ദേശം കലാകാരൻ തന്നെയാണ് എഴുതിയതെന്ന് കണ്ടെത്തി. ആധുനിക കലയുടെ ഏറ്റവും നിഗൂഢമായ രഹസ്യങ്ങളിലൊന്ന് അങ്ങനെ പരിഹരിക്കപ്പെട്ടു.
പെയിന്റിംഗിന്റെ മുകളിൽ ഇടത് കോണിലായിട്ടാണ് "ഒരു ഭ്രാന്തന് മാത്രമേ ഈ ചിത്രം വരയ്ക്കാൻ കഴിയുകയുള്ളൂ" എന്ന സന്ദേശം എഴുതി വച്ചിരിക്കുന്നത്. ഇത് നഗ്നനേത്രം കൊണ്ട് കാണാൻ പ്രയാസമാണ്. ഈ വാചകം കലാകാരൻ തന്നെയാണോ എഴുതിയത് അതോ പെയിന്റിംഗ് നശിപ്പിക്കാൻ ഏതെങ്കിലും ഒരു കാഴ്ചക്കാരൻ കുത്തിവരച്ചതാണോ എന്നതായിരുന്നു വിദഗ്ദ്ധരുടെ സംശയം. നാഷണൽ മ്യൂസിയം ഓഫ് നോർവെ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് കൈയക്ഷരം വിശകലനം ചെയ്യുകയും, കലാകാരന്റെ കത്തുകളിലും, ഡയറികളിലുമുള്ള കൈയക്ഷരവുമായി അത് താരതമ്യപ്പെടുത്തുകയും ചെയ്‌തു. പരിശോധനകൾക്ക് ഒടുവിൽ ഈ വാക്കുകൾ കലാകാരൻ തന്നെ എഴുതിയതാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. “ഈ എഴുത്ത് മഞ്ചിന്റെതാണെന്നതിൽ സംശയമില്ല. കൈയക്ഷരവും, 1895 -ൽ സംഭവിച്ച കാര്യങ്ങളും, നോർവേയിൽ ആദ്യമായി ഈ ചിത്രം പ്രദർശിപ്പിച്ച സമയവും എല്ലാം ഒരേ ദിശയിലേക്കാണ് വിരൽ ചൂണ്ടുന്നത്” മ്യൂസിയം ക്യൂറേറ്റർ മൈ ബ്രിറ്റ് ഗുലെംഗ് പറഞ്ഞു.
കലാകാരൻ ദി സ്‌ക്രീമിന്റെ നാല് പതിപ്പുകൾ സൃഷ്ടിച്ചു, രണ്ടെണ്ണം പെയിന്റിലും, രണ്ടെണ്ണം പാസ്റ്റലിലും. പിന്നീട് അതിന്റെ നിരവധി പ്രിന്റുകൾ നിർമ്മിച്ചു. പതിപ്പ് ആദ്യമായി അനാച്ഛാദനം ചെയ്തപ്പോൾ, മഞ്ചിന്റെ മാനസികാരോഗ്യത്തെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകൾക്കൊപ്പം ആ ചിത്രവും കടുത്ത വിമർശനത്തിന് ഇരയായി. ആളുകളുടെ വിമർശനത്തിൽ മനം നൊന്ത കലാകാരൻ ആദ്യ എക്സിബിഷനുശേഷം ഈ വാക്യങ്ങൾ പെയിന്റിംഗിൽ എഴുതി ചേർത്തുവെന്ന് വിശ്വസിക്കപ്പെടുന്നു. 1908 -ൽ nervous breakdown -നെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2022 മുതൽ പുതുതായി നിർമ്മിച്ച നാഷണൽ മ്യൂസിയം ഓഫ് നോർവേയിൽ മഞ്ചിന്റെ മറ്റ് നിരവധി കൃതികൾക്കൊപ്പം സ്‌ക്രീമും പ്രദർശിപ്പിക്കും. 2012 ൽ ന്യൂയോർക്കിൽ നടന്ന സോഥെബിയുടെ ലേലത്തിൽ ഈ പെയിന്റിംഗിന്റെ ഒരു പാസ്റ്റൽ പതിപ്പ് 120 മില്യൺ ഡോളറിനാണ് വിറ്റത്. അക്കാലത്ത് അത് ഒരു ലോക റെക്കോർഡായിരുന്നു.