ലോകമെമ്പാടും ആളുകളേറ്റെടുത്ത ഈ ചിത്രങ്ങൾക്ക് പിന്നിലെ കലാകാരൻ
20 വർഷം മുമ്പ് നട്ടുവളർത്തിയ ഒരു അസെറോള മരത്തിൽ നിന്നാണ് തനിക്ക് ഈ രീതിയിൽ ചിത്രം വരക്കാനുള്ള പ്രചോദനം ലഭിച്ചതെന്ന് കലാകാരൻ തന്റെ ഇൻസ്റ്റാഗ്രാമിൽ പേജിൽ പറഞ്ഞിട്ടുണ്ട്.
കാടെല്ലാം നാടായപ്പോൾ മനുഷ്യവും, പ്രകൃതിയും തമ്മിലുള്ള അന്തരം കൂടിവരുന്നു. എന്നാൽ, ബ്രസീലിയൻ കലാകാരനായ ഫെബിയോ ഗോംസ് ട്രിൻഡേഡ് തന്റെ ചിത്രവരയിലൂടെ ആ അന്തരം കുറയ്ക്കാനും, പ്രകൃതിയെയും മനുഷ്യനെയും തമ്മിൽ ബന്ധിപ്പിക്കാനും ഒരു ശ്രമം നടത്തുകയാണ്. വർണ്ണാഭമായ ചുവർച്ചിത്രങ്ങളിലൂടെ അദ്ദേഹം പ്രകൃതിയുടെ വശ്യതയും, നിഗൂഢതയും ഒപ്പിയെടുക്കുന്നു. ഒരു തെരുവ് കലാകാരനാണ് അദ്ദേഹം. സ്ത്രീകളുടെ ശിരസ്സിൽ നിന്ന് വളർന്ന് വരുന്ന മരക്കൊമ്പുകളാണ് അദ്ദേഹത്തിന്റെ സൃഷ്ടികളിൽ ഏറ്റവും വ്യത്യസ്തമായത്. തലയോട് ചേർന്നിരിക്കുന്ന മരം തലമുടി പോലെ തോന്നിക്കുന്നു. തലയുടെ ഒരു ഭാഗം മാത്രം അദ്ദേഹം വരയ്ക്കുമ്പോൾ, ഛായാചിത്രത്തിന്റെ ബാക്കി പ്രകൃതി പൂർത്തിയാക്കുന്നു. വർണ്ണാഭമായ പൂച്ചെടികളും പച്ച ഇലകളും ചേരുമ്പോൾ, ഛായാചിത്രത്തിന് പൂർണ്ണതയും, മനോഹാരിതയും ലഭിക്കുന്നു. നഗര പരിതസ്ഥിതിയെ പ്രകൃതിയുമായി സംയോജിപ്പിക്കാനുള്ള ബുദ്ധിപരവും ആകർഷകവുമായ മാർഗമാണിത്.
മരങ്ങളുടെയും കുറ്റിക്കാടുകളുടെയും ശാഖകൾ ധരിക്കുന്ന സ്ത്രീകളെയും, കുട്ടികളെയും അദ്ദേഹം തെരുവിലെ ചുവരുകളിൽ വരച്ചപ്പോൾ, ആ ചിത്രങ്ങൾ ബ്രസീലിനെ ഇളക്കി മറിച്ചു. ഇപ്പോൾ ഇത് ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയയിൽ വ്യാപിക്കുന്നു. ഈജിപ്ത് സറായി എന്ന കുട്ടി മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് അതിലൊരു ചിത്രം. കലാകാരൻ രണ്ട് തരത്തിൽ പെൺകുട്ടിയുടെ മുടിയെ അതിൽ ചിത്രീകരിച്ചിരിക്കുന്നു; ഒന്ന് മുടിയുടെ സ്ഥാനത്ത് അദ്ദേഹം വരച്ച പിങ്ക് പൂക്കൾ, മറ്റൊന്ന് തലയ്ക്ക് മുകളിൽ മുടിയായി മാറുന്ന പിങ്ക് പൂക്കളുടെ ഒരു മരം. പ്രശസ്ത ഹോളിവുഡ് നടി വയോള ഡേവിസും ബിയോൺസിന്റെ അമ്മ ടീന നോളസും അദ്ദേഹത്തിന്റെ ചിത്രങ്ങൾ പങ്കിടുകയുണ്ടായി. അതോടെ ഈ ചിത്രങ്ങൾക്ക് കൂടുതൽ പ്രചാരം ലഭിച്ചു.
ചിത്രകാരന്റെ കലാസൃഷ്ടിയുടെ ഫോട്ടോ തന്റെ സോഷ്യൽ മീഡിയയിൽ 'ഇഷ്ടപ്പെട്ടു' എന്ന അടിക്കുറിപ്പോടെയാണ് വയോള പോസ്റ്റ് ചെയ്തത്. അതിനെത്തുടർന്ന്, കലാകാരൻ താരത്തിന് ഒരു ചുമർചിത്രം സമർപ്പിച്ചു. 'നന്ദി (വയോള ഡേവിസ്) എന്റെ ഈ സമ്മാനം സ്വീകരിക്കുക. കാരണം നിങ്ങളുടെ പോസ്റ്റിന് ശേഷം എന്റെ ജീവിതം മെച്ചപ്പെട്ടു, എന്റെ കല കൂടുതൽ അംഗീകരിക്കപ്പെട്ടു' അദ്ദേഹം തന്റെ ചിത്രത്തിന്റെ ഒരു വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകി. ഇന്ന് അദ്ദേഹത്തിന് ചിത്രങ്ങൾക്ക് വലിയ ഡിമാൻഡാണ്. 20 വർഷം മുമ്പ് നട്ടുവളർത്തിയ ഒരു അസെറോള മരത്തിൽ നിന്നാണ് തനിക്ക് ഈ രീതിയിൽ ചിത്രം വരക്കാനുള്ള പ്രചോദനം ലഭിച്ചതെന്ന് കലാകാരൻ തന്റെ ഇൻസ്റ്റാഗ്രാമിൽ പേജിൽ പറഞ്ഞിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ 78 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള കലാകാരനാണ് അദ്ദേഹം.