അന്ന് ടിം പേജ് പറഞ്ഞു, 'ഏറ്റവും നല്ല യുദ്ധഫോട്ടോ ഏറ്റവും നല്ല യുദ്ധവിരുദ്ധഫോട്ടോയുമാകും.'
വിയറ്റ്നാം യുദ്ധകാലത്തെ കെടുതികളും വിനാശവും വേദനയും കഷ്ടപ്പാടുമെല്ലാം ഫോട്ടോകളിലൂടെ ലോകത്തെ അറിയിച്ച വിശ്രുത ഫോട്ടോഗ്രാഫര്‍ ടിം പേജ് ഇന്നലെ ലോകത്തോട് വിടപറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ ഒരു യാത്ര. പി ആര്‍ വന്ദന എഴുതുന്നു
യുദ്ധവും സംഗീതവും, തികച്ചും സമാന്തരമായ രണ്ട് ലോകത്തെ അനുഭവങ്ങളിലൂടെ ആര്‍ജിച്ച അറിവും തിരിച്ചറിവും ടിം പേജ് പുസ്തകങ്ങളിലൂടെ ലോകവുമായി പങ്കുവെച്ചു. ഓര്‍മിക്കേണ്ടതും ഓര്‍മകളില്‍ നിന്ന് പഠിക്കേണ്ടതും പറയാന്‍ വേണ്ടി ഫോട്ടോ പ്രദര്‍ശനങ്ങള്‍ നടത്തി. ബ്രിസ്‌ബേനിലെ ഗ്രിഫിത്ത് സര്‍വകലാശാലയില്‍ ഫോട്ടോ ജേണലിസം പഠിപ്പിക്കാനും ടിം പേജ് എത്തി. കുടത്തില്‍ വെച്ച വിളക്കായിരുന്നില്ല അദ്ദേഹം.
ഒരു ചിത്രം പറയുന്ന കഥയാണ് വാക്കുകളേക്കാള്‍ വേഗത്തില്‍ ഹൃദയത്തില്‍ തൊടുക. അത് പകരുന്ന വേദന, അത് നല്‍കുന്ന സന്തോഷം. കെവിന്‍ കാര്‍ട്ടറുടെ ഫോട്ടോയും (The vulture and the little girl/ The Struggling Girl) നിക്ക് ഉട്ടിന്റെ ഫോട്ടോയും (The Terror of War) സ്വയം ഒരു കഥയാകുന്നതും കണ്ണുതുറപ്പിക്കലാകുന്നതും ഓര്‍മപ്പെടുത്തലാകുന്നതും അങ്ങനെയാണ്.
സുഡാനിലെ പട്ടിണിക്കോലമായ കുട്ടിയും നാപാം ബോംബ് ആക്രമണത്തിലേറ്റ പൊള്ളലുമായി പായുന്ന കുട്ടിയും ഫോട്ടോകളിലൂടെ നമ്മുടെ മനസ്സില്‍ പതിഞ്ഞ ചരിത്രമാണ്. പുലിറ്റ്‌സര്‍ സമ്മാനപ്പട്ടികയില്‍ ഇടം നേടിയ മികച്ച ഫോട്ടോകള്‍ ആയതു കൊണ്ടല്ല, വെറും ചിത്രങ്ങളല്ലാത്തതു കൊണ്ടാണ് അവ നമ്മുടെ ഉള്ളില്‍ ഇപ്പോള്‍ ചോര കിനിയുന്ന ഓര്‍മ്മയാവുന്നത്.
Also Read: എന്നിട്ടും ഇവിടെയുള്ളവര്‍ എന്നെ വിളിക്കുന്നത് എഴുപതുകാരനെന്നാണ്- നിക്ക് ഉട്ടിനോട് മമ്മൂട്ടി
ഫോട്ടോഗ്രാഫര്‍ ടിം പേജ്
അതുപോലെ മറ്റൊരു ഫോട്ടോഗ്രാഫറെക്കുറിച്ചാണ് ഇനി പറയുന്നത്. വിയറ്റ്‌നാം യുദ്ധകാലത്തെ കെടുതികളും വിനാശവും വേദനയും കഷ്ടപ്പാടുമെല്ലാം ഫോട്ടോകളിലൂടെ ലോകത്തെ അറിയിച്ച വിശ്രുത ഫോട്ടോഗ്രാഫര്‍ ടിം പേജ്. അദ്ദേഹം ഇന്നലെ ലോകത്തോട് വിടപറഞ്ഞു. കരളിനെ ബാധിച്ച അര്‍ബുദവുമായുള്ള പോരാട്ടത്തിനൊടുവിലാണ് യുദ്ധഭൂമികള്‍ പലതുകണ്ട, അതിജീവിച്ച പേജിന്റെ നിര്യാണം. ബ്രിട്ടനില്‍ ജനിച്ച് പല നാടുകള്‍ സഞ്ചരിച്ച് അനേകം കാഴ്ചകള്‍ ലോകത്തിന് കാട്ടിക്കൊടുത്ത് ഒടുവില്‍ ഓസ്‌ട്രേലിയയിലാണ് ടിം പേജ് വിശ്രമജീവിതത്തിനെത്തിയത്. സമാന്തര സാംസ്‌കാരിക ലോകത്തിന്റെയും ഭാഗമായിരുന്ന ടിം പേജ് എഴുത്തുകാരനുമായിരുന്നു.
വിവിധ വാര്‍ത്താഏജന്‍സികള്‍ക്ക് വേണ്ടിയും പ്രസിദ്ധീകരണങ്ങള്‍ക്ക് വേണ്ടിയും ടിം പേജിന്റെ ക്യാമറ ചിത്രങ്ങള്‍ പകര്‍ത്തി. അറുപതുകളിലും എഴുപതുകളിലും വിയറ്റ്‌നാമിന് പുറമേ ലാവോസിലേയും കംബോഡിയയിലേയും സംഘര്‍ഷഭൂമികളിലും അലഞ്ഞ് നടന്ന് പേജ് ചിത്രങ്ങളെടുത്തു. സ്വന്തം സുരക്ഷയെ കുറിച്ച് വലിയ ആലോചനയൊന്നുമില്ലാത്ത അലച്ചിലുകള്‍. നാലുതവണയാണ് പേജിന് ജോലിക്കിടെ ഗുരുതരമായി പരിക്കുപറ്റിയത്. പോരാളികളേയും പലായനം ചെയ്യുന്നവരെയും ഒരു പോലെ കണ്ടു, പേജിന്റെ ക്യാമറ. യുദ്ധത്തിന്റെ ആവേശവും അതുണ്ടാക്കുന്ന ദുരന്തവും ഒപ്പിയെടുത്തു. അഫ്ഗാനിസ്ഥാനിലും ഇസ്രായേലിലും ബോസ്‌നിയയിലും കിഴക്കന്‍ തിമൂറിലുമെല്ലാം ആ ക്യാമറയുടെ കണ്ണുകളെത്തി. ലോകത്തിന് തിരിച്ചറിവിനുള്ള കാഴ്ചകളെത്തിച്ചു. പേജിന്റെ വാക്കുകള്‍ കടമെടുത്താല്‍ 'ഏറ്റവും നല്ല യുദ്ധഫോട്ടോ ഏറ്റവും നല്ല യുദ്ധവിരുദ്ധഫോട്ടോയുമാകും.'
സംഗീത ലോകത്തിന്റെ നിറപ്പകിട്ട്
റോളിങ് സ്റ്റോണ്‍, ക്രോഡാഡി പോലെയുള്ള സംഗീതമാസികകള്‍ക്ക് വേണ്ടി പേജ് ഫ്രീലാന്‍സ് ആയി ജോലി ചെയ്തു. അതുവരെ എടുത്തുവന്ന ഫോട്ടോകളുടെ, മേഖലകളുടെ തികച്ചും വിഭിന്നമായ ഒന്ന്. വെടിയൊച്ചകളുടേയും രോദനങ്ങളുടേയും ഇടയില്‍ നിന്ന് സംഗീതലോകത്തെ നിറപ്പകിട്ടിലേക്ക് സ്വയം പറിച്ചുനടാന്‍ പേജിന് വലിയ ബുദ്ധിമുട്ടൊന്നുമുണ്ടായില്ല. മാത്രമല്ല അമേരിക്കയില്‍ അറുപതുകളില്‍ സജീവമായിരുന്ന ലഹരി സംസ്‌കാരത്തിലും പേജ് നന്നായി ലയിച്ചുചേര്‍ന്നു. ഒരിത്തിരി വട്ടും പരമ്പരാഗത വ്യവസ്ഥിതികളോട് കുറച്ചധികം എതിര്‍പ്പും പുച്ഛവും പിന്നെ കുറേ പ്രതിഭയും ഒത്തുചേര്‍ന്ന ചില കൂട്ടുകാരു കൂടിയായപ്പോള്‍ അത് മറ്റൊരു തരം സംഘര്‍ഷവേദിയായിരുന്നു പേജിന്. ജിം മോറിസണിന്റെ ഒപ്പമുള്ള അറസ്റ്റും ഹണ്ടര്‍ എസ് തോംപ്‌സണുമായി ചേര്‍ന്നുള്ള വര്‍ക്കും എല്ലാം പേജിന്റെ ജീവിതത്തിലെ നിറപ്പകിട്ടുള്ള അധ്യായങ്ങള്‍.
യുദ്ധവും സംഗീതവും, തികച്ചും സമാന്തരമായ രണ്ട് ലോകത്തെ അനുഭവങ്ങളിലൂടെ ആര്‍ജിച്ച അറിവും തിരിച്ചറിവും ടിം പേജ് പുസ്തകങ്ങളിലൂടെ ലോകവുമായി പങ്കുവെച്ചു. ഓര്‍മിക്കേണ്ടതും ഓര്‍മകളില്‍ നിന്ന് പഠിക്കേണ്ടതും പറയാന്‍ വേണ്ടി ഫോട്ടോ പ്രദര്‍ശനങ്ങള്‍ നടത്തി. ബ്രിസ്‌ബേനിലെ ഗ്രിഫിത്ത് സര്‍വകലാശാലയില്‍ ഫോട്ടോ ജേണലിസം പഠിപ്പിക്കാനും ടിം പേജ് എത്തി. കുടത്തില്‍ വെച്ച വിളക്കായിരുന്നില്ല അദ്ദേഹം.
തലയെടുപ്പുള്ള ചലച്ചിത്രകാരന്‍ ഫ്രാന്‍സിസ് കപ്പോളോയുടെ സിനിമയാണ് 'അപോകാലിപ്‌സ് നൗ' (Apocalypse Now). വിയറ്റ്‌നാം യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തില്‍ അമേരിക്കന്‍ ഫോട്ടോ ജേര്‍ണലിസ്റ്റിന് ടിം പേജുമായി സാമ്യം വന്നത് വെറുതെയല്ല. പേജിന്റെ ജീവിതവും കര്‍മവും തന്നെയായിരുന്നു കഥാപാത്രസൃഷ്ടിക്ക് പ്രചോദനം. (ഡെന്നിസ് ഹൂപ്പര്‍ ആണ് കഥാപാത്രത്തെ അവതരിപ്പിച്ചത്). ക്യാമറ ദൃശ്യങ്ങളിലൂടെ ലോകത്തെ വാര്‍ത്തയറിയിച്ച മനുഷ്യസ്‌നേഹിക്കുള്ള ആദരം കൂടിയാണത്.