6.61 കോടി വിലയുള്ള ഇന്ത്യൻ സൈനികരുടെ പെയിന്‍റിംഗിന് ബ്രിട്ടന്‍റെ കയറ്റുമതി വിലക്ക്
ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളില്‍ തങ്ങള്‍ക്ക് വിജയിക്കാന്‍ നിര്‍ണ്ണായകമായ സഹായം നല്‍കിയ ഇന്ത്യ അടക്കമുള്ള കോളനികളിലെ സൈനികര്‍ക്ക് ബ്രിട്ടന്‍ ഇതുവരെയും അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയിട്ടില്ല. അതിനിടെയാണ് തങ്ങള്‍ തന്നെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഒരു ജൂത ചിത്രകാരന്‍റെ ഇന്ത്യന്‍ സൈനീകരുടെ ചിത്രത്തിന്‍റെ വില്‍പ്പന ബ്രിട്ടന് തടഞ്ഞത്.
ഒന്നാം ലോക മഹായുദ്ധത്തിലും രണ്ടാം ലോക മഹയുദ്ധത്തിലും ബ്രിട്ടന് സൈനികമായ എന്തെങ്കിലും നേട്ടം അവകാശപ്പെടാനുണ്ടെങ്കില്‍ അവയിലെല്ലാം നിര്‍ണ്ണായകമായത് ബ്രിട്ടന്‍റെ അക്കാലത്തെ കോളനികളില്‍ നിന്നുള്ള സൈനികരുടെ പോരാട്ടമായിരുന്നു. ഇതില്‍ ഏറ്റവും പ്രധാനം ഇന്ത്യയില്‍ നിന്നുള്ള സൈനീകരായിരുന്നു. എന്നാല്‍ ബ്രിട്ടന്‍റെ യുദ്ധ ചരിത്രത്തില്‍ ഇത്തരം കോളനികളില്‍ നിന്നുള്ള സൈനീകരുടെ യുദ്ധ വിജയങ്ങള്‍ അത്രപ്രധാന്യത്തോടെ എഴിതിച്ചേര്‍ക്കപ്പെട്ടിട്ടില്ലെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഈ ആരോപണങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ഇതിന് കാരണമായതാകട്ടെ ഒന്നാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടന് വേണ്ടി ഫ്രാന്‍സില്‍ പോരാടി മരിച്ച രണ്ട് ഇന്ത്യന് സൈനികരുടെ ഛായാചിത്ര വില്‍പ്പനയുമായി ബന്ധപ്പെട്ടാണ്.
ഒന്നാം ലോകമഹായുദ്ധ സമയത്ത് ഏകദേശം 15 ലക്ഷം ഇന്ത്യക്കാരാണ് ബ്രിട്ടന് വേണ്ടി യുദ്ധത്തിന്‍റെ മുന്‍നിരയില്‍ നിന്ന് പോരാടിയത്. ഫ്രാൻസിലേക്ക് കിടങ്ങിൽ യുദ്ധം ചെയ്യാൻ പോകുന്നതിന് രണ്ട് മാസം മുമ്പ് ബ്രിട്ടീഷ് ഇന്ത്യൻ ആർമിയുടെ പര്യവേഷണ സേനയിലെ ജൂനിയർ ട്രൂപ്പ് കമാൻഡർമാരും കുതിരപ്പടയാളുകളായ റിസാൽദാർ ജഗത് സിംഗ്, റിസാൽദാർ മാൻ സിംഗ് എന്നിരുടെ ഛായാ ചിത്രം വരയ്ക്കപ്പെട്ടിരുന്നു. ആംഗ്ലോ-ഹംഗേറിയൻ ചിത്രകാരൻ ഫിലിപ്പ് ഡി ലാസ്‌ലോ സ്വന്തം ശേഖരത്തിന് വേണ്ടിയാണ് ഈ ചിത്രം വരച്ചതെന്നാണ് കരുതപ്പെടുന്നത്. 1937-ൽ അദ്ദേഹം മരിക്കുന്നതുവരെ അത് അദ്ദേഹത്തിന്‍റെ സ്റ്റുഡിയോയിൽ തന്നെ ഉണ്ടായിരുന്നു. ഈ ഛായാചിത്രത്തിന്‍റെ കയറ്റുമതിയാണ് ഇപ്പോള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തടഞ്ഞത്.
“ഒന്നാം ലോക മഹായുദ്ധത്തില്‍ കിടങ്ങുകളിൽ പോരാടുന്നതിനായി ലോകമെമ്പാടുമുള്ള സൈനികരെത്തിയതിനാല്‍ അത്ഭുതകരവും സെൻസിറ്റീവുമായ ഈ ഛായാചിത്രം നമ്മുടെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷത്തെ പകർത്തുന്നു. ഇന്ത്യക്കാരായ സൈനികരുടെ കഥയും സഖ്യകക്ഷികളുടെ വിജയത്തിന് അവരും മറ്റ് പലരും നൽകിയ സംഭാവനകളും പറയാൻ സഹായിക്കുന്നതിന് ഈ ഗംഭീരമായ പെയിന്റിംഗ് യുകെയിൽ തുടരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.” യുകെ കലാ-പൈതൃക മന്ത്രി ലോർഡ് സ്റ്റീഫൻ പാർക്കിൻസൺ പറഞ്ഞു. ഛായാചിത്രത്തിന്‍റെ കയറ്റുമതി തടയാനുള്ള യുകെ സര്‍ക്കാറിന്‍റെ തീരുമാനം കലാസൃഷ്ടികളുടെയും സാംസ്കാരിക താൽപ്പര്യമുള്ള വസ്തുക്കളുടെയും കയറ്റുമതിയെക്കുറിച്ചുള്ള അവലോകന സമിതിയുടെ (RCEWA) ഉപദേശത്തെ തുടർന്നായിരുന്നു.
“ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ ബ്രിട്ടനിലെ ഏറ്റവും വിശിഷ്ടമായ സമൂഹ ഛായാ ചിത്രകാരന്മാരിൽ ഒരാളായിരുന്നു ഫിലിപ്പ് ഡി ലാസ്ലോ. എന്നാൽ ഈ സെൻസിറ്റീവ് ഛായാചിത്രം, പൂർത്തിയാകാത്തതിനാൽ കൂടുതൽ ശക്തമാണ്. മഹാരാജാക്കന്മാരുടെയോ ജനറൽമാരുടെയോ അല്ല, സോം യുദ്ധത്തിന്‍റെ ഭീകരതയ്ക്കായി പുറപ്പെടാൻ പോകുന്ന രണ്ട് 'സാധാരണ' മധ്യനിര സിഖ് സൈനികരുടെ അസാധാരണമായ അപൂർവ കാഴ്ചയാണ് നൽകുന്നത്, ”ആർസിഇഡബ്ല്യുഎ അംഗം പീറ്റർ ബാർബർ പറഞ്ഞു. “1914 നും 1918 നും ഇടയിൽ ബ്രിട്ടന്‍റെ യുദ്ധശ്രമങ്ങൾക്ക് അവരും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരും നൽകിയ മഹത്തായ സംഭാവനകൾ അടുത്തിടെ വരെ അവഗണിക്കപ്പെട്ടു. ഡി ലാസ്ലോയുടെ സിറ്റർമാരുടെ ജീവിത കഥകൾ അനാവരണം ചെയ്യപ്പെടാൻ അവശേഷിക്കുന്നു.'ബ്രിട്ടീഷ്' എന്ന ഛായാചിത്രം നിരവധി, കൂടുതൽ പ്രാധാന്യമുള്ള തലങ്ങളിൽ അവതരിപ്പിക്കുന്നു, ” ബാര്‍ബര്‍ പറഞ്ഞു.
“പുറത്തുനിന്നുള്ളവർ തങ്ങളുടെ സാമ്രാജ്യത്വ യജമാനനെ വിശ്വസ്തതയോടെ സേവിക്കുന്നതും ബ്രിട്ടീഷ് ഉന്നത സമൂഹത്തിലെ ദേശസ്‌നേഹിയായ ഒരു അംഗമായി സ്വയം പുനർനിർമ്മിച്ച , എളിമയോടെ ജീവിച്ച ഹംഗേറിയൻ ജൂതൻ എന്ന നിലയിൽ താനും തമ്മിലുള്ള സമാനതകൾ ഡി ലാസ്‌ലോയ്ക്ക് കാണാൻ കഴിയുമായിരുന്നു." ബാർബർ കൂട്ടിച്ചേർത്തു. എന്നാല്‍ ചിത്രം പൂര്‍ത്തിയാക്കും മുമ്പ് ഫിലിപ്പ് ഡി ലാസ്ലോ എന്ന ജൂത വംശജനായ ചിത്രകാരന്‍ ഒരു വിദേശ ഏജന്‍റാണെന്ന് ആരോപിച്ച് ബ്രിട്ടീഷ് ഭരണകൂടം അദ്ദേഹത്തെ ഒരു വര്‍ഷം തടവില്‍ പാര്‍പ്പിച്ചു. തടവില്‍ വച്ച് ക്രൂരമായ പീഢനത്തിന് വിധേയനായ ഡി ലാസ്ലോ പിന്നീട് നാഡീ തകരാറ് ബാധിച്ച് അവശനായി മരിക്കുകയായിരുന്നു.
മെട്രോ ട്രെയിനിൽ സീറ്റ് കിട്ടുന്നില്ല; വീട്ടിൽ നിന്ന് സോഫയുമായെത്തി യുവാവ് !