സ്ത്രീയെ വെറും ശരീരം മാത്രമായി കാണുന്നു, ഇറ്റലിയിൽ ശിൽപത്തിന് നേരെ വലിയ പ്രതിഷേധം
പാർട്ടിയുടെ ഒരു സെനറ്ററായ മോണിക്ക സിറിൻ, ശിൽപത്തെ 'ചരിത്രത്തിലെ സ്ത്രീകളുടെ മുഖത്ത് കിട്ടിയ അടി' എന്നാണ് വിശേഷിപ്പിച്ചത്.
പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു കവിതയെ ആദരിക്കുന്നതിനായി നിര്‍മ്മിച്ച ഒരു വെങ്കല ശിൽപം ഇപ്പോള്‍ വലിയ വിമര്‍ശനം നേരിടുകയാണ്. രാഷ്ട്രീയക്കാര്‍ പ്രതിമ നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധിക്കുന്നുണ്ട്. ലൈംഗികത ആരോപിച്ചാണ് ശിൽപത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
സപ്രിയിലെ തെക്കൻ പട്ടണത്തിൽ സ്ഥാപിച്ചിരിക്കുന്ന ഈ ശിൽപം 1857 -ൽ ലുയിഗി മെർകാന്റീനി ( Luigi Mercantini ) എഴുതിയ 'ലാ സ്പിഗോലാട്രിസ് ഡി സാപ്രി' (La Spigolatrice di Sapri -The Gleaner of Sapri) എന്ന കവിതയോടുള്ള ആദരവായിട്ടാണ് സ്ഥാപിച്ചിരിക്കുന്നത്. സുതാര്യമായ വസ്ത്രം ധരിച്ച് ഒരു കൈ സ്തനത്തിന് മുകളില്‍ വച്ച് നില്‍ക്കുന്ന സ്ത്രീയുടേതാണ് ശില്‍പം.
കോണ്‍ഗ്രസ് വുമണായ ലോറ ബോള്‍ഡ്രിനി ഈ ശില്‍പം സ്ത്രീകളോടുള്ള അനാദരവാണ് എന്നാണ് പറഞ്ഞത്. "സ്ഥാപനങ്ങൾക്ക് പോലും എങ്ങനെയാണ് സ്ത്രീകളെ ഒരു ലൈംഗികവൽക്കരിക്കപ്പെട്ട ശരീരമായി മാത്രം കാണാൻ കഴിയുന്നത്? ഇറ്റലിയിലെ തിന്മകളിലൊന്നാണ് പുരുഷാധിപത്യം" എന്ന് മധ്യ-ഇടതുപക്ഷ ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നുള്ള ചേംബർ ഓഫ് ഡെപ്യൂട്ടി അംഗം ബോൾഡ്രിനി ട്വിറ്ററിൽ പറയുന്നു.
വിളവെടുക്കുന്നവർ വയലിൽ അവശേഷിപ്പിച്ചിരിക്കുന്ന ധാന്യം ശേഖരിക്കുന്ന ഒരു സ്ത്രീയുടെ കാഴ്ച്ചപ്പാടുകളാണ് 'ലാ സ്പിഗോലാട്രിസ് ഡി സാപ്രി' എന്ന കവിതയിൽ എഴുതിയിരിക്കുന്നത്. നേപ്പിൾസ് രാജ്യത്തിനെതിരായ ഇറ്റാലിയൻ വിപ്ലവകാരി കാർലോ പിസാക്കേയുടെ പര്യവേഷണത്തിൽ ചേരാൻ ആ സ്ത്രീ അവളുടെ ജോലി ഉപേക്ഷിക്കുകയായിരുന്നു. പര്യവേഷണം പരാജയമായിരുന്നു. 300 മരണങ്ങൾക്കാണ് ഈ പര്യവേഷണം കാരണമായത്.
മുൻ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ ഉൾപ്പെടെ പ്രാദേശിക, ദേശീയ രാഷ്ട്രീയക്കാർ പങ്കെടുത്ത ചടങ്ങിൽ ഞായറാഴ്ചയാണ് ശില്‍പം അനാച്ഛാദനം ചെയ്തത്. ഡെമോക്രാറ്റിക് പാർട്ടിയുടെ പലേർമോ യൂണിറ്റിലെ ഒരു കൂട്ടം വനിതാ രാഷ്ട്രീയക്കാർ പ്രതിമ നീക്കാന്‍ ആവശ്യപ്പെട്ടു. "ഒരിക്കൽ കൂടി, സ്വത്വമില്ലാത്ത, ലൈംഗികവൽക്കരിക്കപ്പെട്ട വെറും ശരീരത്തിന്‍റെ രൂപത്തിൽ സ്വയം പ്രതിനിധാനം ചെയ്യപ്പെടുന്നതിന്റെ അപമാനം ഞങ്ങൾ അനുഭവിക്കേണ്ടിവരും. കഥയുടെ സാമൂഹികവും രാഷ്ട്രീയവുമായ പ്രാധാന്യത്തെ കുറിച്ച് യാതൊരു ബന്ധവുമില്ലാതെയാണ് ശില്‍പം നിര്‍മ്മിച്ചിരിക്കുന്നത്" എന്ന് പ്രസ്താവനയിൽ അവർ കുറ്റപ്പെടുത്തി.
പാർട്ടിയുടെ ഒരു സെനറ്ററായ മോണിക്ക സിറിൻ, ശിൽപത്തെ 'ചരിത്രത്തിലെ സ്ത്രീകളുടെ മുഖത്ത് കിട്ടിയ അടി' എന്നാണ് വിശേഷിപ്പിച്ചത്. സ്ത്രീകളെ ഇപ്പോഴും വെറും ശരീരം മാത്രമായിട്ടാണ് സമൂഹം കാണുന്നത് എന്നും അവര്‍ പറയുന്നു. "ബോർബൺ അടിച്ചമർത്തലിനെതിരെ നിലകൊള്ളാൻ ജോലിക്ക് പോകരുതെന്ന് തീരുമാനിച്ച ഒരു സ്ത്രീയുടെ സ്വയം നിർണ്ണയത്തെക്കുറിച്ച് ഈ ശില്‍പം ഒന്നും പറയുന്നില്ല" എന്നും അവർ ട്വിറ്ററിൽ പറഞ്ഞു.
എന്നാൽ, സാപ്രി മേയർ, അന്റോണിയോ ജെന്റൈൽ, ശില്‍പത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളെ ഫേസ്ബുക്കിൽ പ്രതിരോധിച്ചു. ഇത് കലാകാരനായ ഇമാനുവേൽ സ്റ്റിഫാനോയുടെ "നൈപുണ്യവും കഴിവുമുപയോഗിച്ച് കുറ്റമറ്റ രീതിയില്‍ നിര്‍മ്മിച്ചതാണ്. അദ്ദേഹത്തിന്റെ നഗരം അതിന്റെ മൂല്യങ്ങളും തത്വങ്ങളും പാരമ്പര്യങ്ങളും ചോദ്യം ചെയ്യാൻ തയ്യാറല്ല" എന്നാണ് അദ്ദേഹം കുറിച്ചത്.
ഫെയ്സ്ബുക്കിലും, വിമർശനങ്ങളിൽ താൻ പരിഭ്രമിക്കുകയും നിരാശപ്പെടുകയും ചെയ്തുവെന്ന് സ്റ്റിഫാനോ പറഞ്ഞു. ലിംഗഭേദമില്ലാതെ തന്റെ കൃതികളിൽ ശരീരത്തെ കഴിയുന്നത്ര ചെറുതായി മറയ്ക്കാൻ എപ്പോഴും ശ്രമിക്കാറുണ്ട് എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ശിൽപത്തെ ചൊല്ലിയുള്ള വിമർശനങ്ങളെ പ്രതിരോധിച്ചു. ഒരു സ്ത്രീയുടെ ആദർശത്തെ പ്രതിനിധാനം ചെയ്യുക, അവളുടെ അഭിമാനം ഉണർത്തുക, അവബോധം ഉണർത്തുക എന്നതാണ് ശില്‍പത്തിലൂടെ ഉദ്ദേശിച്ചത്. ഈ ഡിസൈൻ അധികാരികൾ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.