കാര്‍ട്ടൂണ്‍ കൊള്ളാം, പക്ഷേ, വൈസ്രോയിയുടെ മൂക്കത്ര വലുപ്പമില്ല!
കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ 119-ാം ജന്‍മദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ആദരം. അദ്ദേഹത്തിന്റെ ജീവിതം പറയുന്ന 'കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍: കല, കാലം, ജീവിതം' എന്ന പുസ്തകത്തിന്റെ വായന. കെ. പി റഷീദ് എഴുതുന്നു
ഇങ്ങനെയൊക്കെയായിരുന്നു ആ ഇതിഹാസപുരുഷന്റെ അവസാന വേനലുകളെന്ന് പറയുന്നു, ഈ പുസ്തകം. ഒപ്പം, മറവി വിഴുങ്ങിയ ആ വലിയ മനുഷ്യനെ ഓര്‍മ്മകളില്‍നിന്നും ഊതിത്തെളിച്ചെടുക്കുന്നു. ശങ്കറിന്റെ ജീവിതത്തെക്കുറിച്ച് മുമ്പെഴുതപ്പെട്ട വാക്കുകള്‍, ആ ജീവിതത്തിന്റെ തീയും പുകയുമറിഞ്ഞവര്‍, കയറ്റിറക്കങ്ങള്‍ ശങ്കറിന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളുടെ സാക്ഷിപത്രങ്ങള്‍....അങ്ങനെ കിട്ടാവുന്ന വഴികളിലൂടെയൊക്കെ പില്‍ക്കാലത്ത് ഒരു മനുഷ്യന്‍ ശങ്കറിനെ തേടി നടത്തിയ യാത്രയാണിത്. അടുത്തറിയാവുന്നവര്‍ ബോധപൂര്‍വ്വം മറന്നുകളഞ്ഞ ഒരു ജീവിതത്തെ തിരിച്ചെടുക്കുക എന്നതുമാത്രമല്ല, എന്തൊക്കെ കാരണങ്ങളാണ് ആ മറവിയിലേക്ക് നയിച്ചത് എന്നാരായുക കൂടിയായിരുന്നു ഇതെഴുതിയ സുധീര്‍നാഥ്.
കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍: കല, കാലം, ജീവിതം' എന്ന പുസ്തകം, സുധീര്‍ നാഥ്
''കാര്‍ട്ടൂണൊക്കെ കൊള്ളാം. രസമുണ്ട്, ചിരിയും വരും. പക്ഷേ, അതിലൊരു കുഴപ്പമുണ്ട്.''
കാര്‍ട്ടൂണിസ്റ്റ് ശങ്കറിനെ മുന്നില്‍ നിര്‍ത്തി ലേഡി വെല്ലിംഗ്ടണ്‍ പറഞ്ഞു. അതു കേട്ടതും ശങ്കര്‍ ഒന്നമ്പരന്നു.
പറയുന്നത് ലേഡി വെല്ലിംഗ്ടണാണ്. അന്നത്തെ ബ്രിട്ടീഷ് വൈസ്രോയി വെല്ലിംഗ്ടണ്‍ പ്രഭുവിന്റെ പത്‌നി. അന്ന് ഹിന്ദുസ്ഥാന്‍ ടൈംസില്‍ ജോലി ചെയ്യുകയായിരുന്ന ശങ്കറിനെ വൈസ്രോയി വിളിപ്പിച്ചതാണ്. കാരണമുണ്ട്, വൈസ്രോയിയെ കളിയാക്കി ഒരു കാര്‍ട്ടൂണ്‍ വരച്ചു. മണിക്കൂറുകള്‍ക്കകം, വീട്ടിലെത്തി തന്നെ കാണണമെന്ന് വൈസ്രോയിയുടെ ഉത്തരവുവന്നു. പറഞ്ഞ സമയത്ത് തന്നെ സൈക്കിള്‍ചവിട്ടി അവിടെ എത്തിയതായിരുന്നു ശങ്കര്‍. അന്നേരമാണ്, കാര്‍ട്ടൂണില്‍ കുഴപ്പമുണ്ടെന്ന് പറഞ്ഞ്, വൈസ്രോയിയുടെ ഭാര്യയുടെ രംഗപ്രവേശം.
ആശ്ചര്യവും ആധിയും കലര്‍ന്ന മുഖത്തോടെ ശങ്കര്‍ വെല്ലിംഗ്ടണ്‍ പ്രഭ്വിയെ നോക്കി.
അവര്‍ തുടര്‍ന്നു:
''കുഴപ്പം എന്താണെന്നോ, മൂക്ക്! എന്റെ ഭര്‍ത്താവിന്റെ മൂക്ക് നിങ്ങള്‍ വരച്ചതുപോലല്ല. അതിനിത്ര വലിപ്പമില്ല!''
ഉള്ളിലുള്ള ഭയം പുറത്തുകാണിക്കാതെ പ്രഭ്വിയെ നോക്കിക്കൊണ്ടിരുന്ന ശങ്കര്‍ അതു കേട്ടതും ചിരിച്ചുപോയി. ശങ്കറിന്റെ അടുത്തിരുന്ന് ചായ കുടിക്കുകയായിരുന്ന വൈസ്രോയിയും ചിരിച്ചു.
''അത് കാര്‍ട്ടൂണ്‍ ആയതു കൊണ്ടാണ്. ''-ശങ്കര്‍ പറഞ്ഞു. ''വ്യക്തികളുടെ പ്രത്യേകതയാണ് കാര്‍ട്ടൂണിന് വേണ്ടത്. വൈസ്രോയിയെ സംബന്ധിച്ച്, മൂക്കാണ് എനിക്കിഷ്ടപ്പെട്ടത്. അതു കൊണ്ടാണ് അതിനത്ര നീളം!''
ശങ്കറിന്റെ മറുപടി കേട്ടതും അവിടെ കൂട്ടച്ചിരിയായി.
ചിരിയിലാണ് ആ സംസാരം തീര്‍ന്നതെങ്കിലും, വൈസ്രോയിയുടെ വസതിയില്‍ ശങ്കര്‍ എത്തിയത് ചിരിച്ചുകൊണ്ടായിരുന്നില്ല. ഓഫീസില്‍നിന്നും അങ്ങോട്ട് സൈക്കിള്‍ ചവിട്ടുമ്പോള്‍ പടപടാ ഇടിക്കുന്നുണ്ടായിരുന്നു ശങ്കറിന്റെ നെഞ്ച്.
കാരണം, വൈസ്രോയിയാണ് വിളിപ്പിച്ചത്. അതും അദ്ദേഹത്തെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് ഒരു മണിക്കൂറിനകം. വൈസ്രോയിക്ക് കാര്‍ട്ടൂണ്‍ കണ്ട് അരിശം വന്നിട്ടുണ്ടാവും എന്നായിരുന്നു ഓഫീസിലുള്ളവര്‍ പറഞ്ഞത്. നാടു ഭരിക്കുന്ന വൈസ്രോയിയെ വിമര്‍ശിച്ചാല്‍ പണി ഉറപ്പാണെന്നും കേട്ടു. എന്തായിരിക്കും ശിക്ഷ എന്നാലോചിച്ച് ഒരെത്തുംപിടിയും കിട്ടാതെയാണ് ശങ്കര്‍ സൈക്കിള്‍ ചവിട്ടിയത്.
എന്നാല്‍, വൈസ്രോയിയെ കണ്ടതും ഭയം തീര്‍ന്നു. കണ്ടപാടെ അദ്ദേഹം കെട്ടിപ്പിടിച്ചു.
''ഞാന്‍ നിങ്ങളുടെ കാര്‍ട്ടൂണ്‍ ആസ്വദിച്ചു. ഗംഭീരമായി അത്''
പാതി വിളറിയ ശങ്കറിന്റെ മുഖത്തേക്ക് നോക്കി വൈസ്രോയി പറഞ്ഞു. അതിനു പിന്നാലെ അദ്ദേഹം ശങ്കറിനെ ചായസല്‍ക്കാരത്തിന് ക്ഷണിച്ചു. ചായ കുടിക്കുമ്പോഴാണ്, ശങ്കറിനെ കാണാന്‍ ഒരാള്‍ കൂടി കാത്തിരിക്കുന്നുണ്ടെന്ന് വൈസ്രോയി പറഞ്ഞത്. ആരാണെന്ന് നോക്കുമ്പോഴേക്കും പരാതിയുമായി ലേഡി വെല്ലിംഗ്ടണ്‍ എത്തുകയായിരുന്നു.
ബ്രിട്ടീഷ് വൈസ്രോയി വെല്ലിംഗ്ടണ്‍ പ്രഭു, ലേഡി വെല്ലിംഗ്ടണ്‍
'കാര്‍ട്ടൂണിനെ ഞാനിന്ന് വെറുക്കുന്നു.'
രസകരമായ ഈ അനുഭവം ഒരു പുസ്തകത്തില്‍നിന്നാണ്. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ ഇന്നലെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പ്രഭാവര്‍മ്മയ്ക്ക് നല്‍കി സ്പീക്കര്‍ എം ബി രാജേഷ് പ്രകാശനം ചെയ്ത കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍: കല, കാലം, ജീവിതം' എന്ന പുസ്തകം. കാര്‍ട്ടൂണിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ സുധീര്‍ നാഥ് എഴുതി, കേരള ലളിത കലാ അക്കാദമി പ്രസിദ്ധീകരിച്ച ഈ പുസ്തകമാകെ, ശങ്കര്‍ കഥകളുടെ ആറാട്ടാണ്. കായംകുളത്തുനിന്നും ദില്ലിയിലേക്ക് വളര്‍ന്ന്, നെഹ്‌റുവും ഇന്ദിരാഗാന്ധിയും അടക്കമുള്ളവരുടെ ഉറ്റമിത്രമായി വളര്‍ന്ന്, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ അന്തംവിടലുകളും കുതിപ്പുകളും അടുത്തു കണ്ട ശങ്കറിന്റെ ജീവിതകഥ.
ഇന്ത്യന്‍ കാര്‍ട്ടൂണിന്റെ പിതാവ് എന്നറിയപ്പെടുന്ന, ലോകോത്തര കലാകാരന്‍മാരില്‍ ഒരാളായി മാറിയ ശങ്കര്‍ കേരളം രാജ്യത്തിനു നല്‍കിയ വലിയ സംഭാവനകളിലൊന്നാണ്. ജീവിച്ചിരിക്കെ ചുറ്റും ആരാധകരുടെ കൂട്ടമുണ്ടായിരുന്ന ശങ്കര്‍ മരിച്ചപ്പോള്‍, യാത്രയയക്കാന്‍ വിരലിലെണ്ണാവുന്ന ആളുകളേ ഉണ്ടായിരുന്നുള്ളൂ. ഭാര്യയുടെ മരണം കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷം, ഒരു ക്രിസ്മസ് ദിനത്തിന്റെ പിറ്റേന്ന് മരിക്കുമ്പോള്‍, മറവി അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളെയാകെ മായ്്ച്ചു കളഞ്ഞിരുന്നു. ഭാര്യ മരിച്ചതുപോലും അറിയാത്ത കിടപ്പായിരുന്നു അത്.
മരിക്കുന്നതിനു മൂന്നു വര്‍ഷം മുമ്പ്, 1986 ഫെബ്രുവരിയില്‍ ശങ്കര്‍ കോട്ടക്കല്‍ ആര്യ വൈദ്യശാലയില്‍ ആയുര്‍വേദ ചികില്‍സയ്ക്ക് വന്നിരുന്നു. മാധ്യമപ്രവര്‍ത്തകനായ പി സുജാതനും കാര്‍ട്ടൂണിസ്റ്റും സുഹൃത്തുമായ വൈ എ റഹീമും അന്നദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്യാന്‍ അവിടെ ചെന്നു. കോട്ടക്കല്‍ ജൂബിലി നഴ്‌സിംഗ് ഹോമിന്റെ 38-ാം നമ്പര്‍ മുറിയിലേക്ക് കടന്നു ചെന്ന അവരെ ശങ്കര്‍ സ്വീകരിച്ചത് ഈ വാചകങ്ങളോടെയായിരുന്നുവെന്ന് പുസ്തകം പറയുന്നു:
''കാര്‍ട്ടൂണിസ്‌റ്റോ? ഞാനോ? എന്തിനാണ് എന്നെ അങ്ങനെ വിളിക്കുന്നത്. ഞാനിന്ന് കാര്‍ട്ടൂണിസ്റ്റ് അല്ല. ബ്രഷ് തൊട്ടിട്ട് പത്തുവര്‍ഷമായി. കാര്‍ട്ടൂണിനെ ഞാനിന്ന് വെറുക്കുന്നു.''
ആകെ അന്തം വിട്ടു ഇരുവരും. അന്തരീക്ഷം ഒന്നു മയപ്പെടുത്താന്‍, അവരിലൊരാള്‍ താന്‍ വരച്ച ശങ്കറിന്റെ കാര്‍ട്ടൂണ്‍ അദ്ദേഹത്തെ കാണിച്ചു.
അതു കണ്ടതും അദ്ദേഹം കുപിതനായി.
''എന്തിനാണ് എന്നെ കളിയാക്കാന്‍ നിങ്ങള്‍ കാര്‍ട്ടൂണ്‍ വരച്ചത്? ഞാന്‍ വിഡ്ഡിയാണ്. വിഡ്ഡ്ഡിയായ കുട്ടി.''
ആശുപത്രി മുറിയില്‍ കൂടെയുണ്ടായിരുന്ന ഭാര്യ തങ്കം ഉടനെ ഇടപെട്ടു. 'മൂഡ് മാറി, ഇനിയൊന്നും സംസാരിക്കേണ്ട'-അവര്‍ അതിഥികളോടയി പറഞ്ഞു.
ഇങ്ങനെയൊക്കെയായിരുന്നു ആ ഇതിഹാസപുരുഷന്റെ അവസാന വേനലുകളെന്ന് പറയുന്നു, ഈ പുസ്തകം. ഒപ്പം, മറവി വിഴുങ്ങിയ ആ വലിയ മനുഷ്യനെ ഓര്‍മ്മകളില്‍നിന്നും ഊതിത്തെളിച്ചെടുക്കുന്നു. ശങ്കറിന്റെ ജീവിതത്തെക്കുറിച്ച് മുമ്പെഴുതപ്പെട്ട വാക്കുകള്‍, ആ ജീവിതത്തിന്റെ തീയും പുകയുമറിഞ്ഞവര്‍, കയറ്റിറക്കങ്ങള്‍ ശങ്കറിന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളുടെ സാക്ഷിപത്രങ്ങള്‍....അങ്ങനെ കിട്ടാവുന്ന വഴികളിലൂടെയൊക്കെ പില്‍ക്കാലത്ത് ഒരു മനുഷ്യന്‍ ശങ്കറിനെ തേടി നടത്തിയ യാത്രയാണിത്. അടുത്തറിയാവുന്നവര്‍ ബോധപൂര്‍വ്വം മറന്നുകളഞ്ഞ ഒരു ജീവിതത്തെ തിരിച്ചെടുക്കുക എന്നതുമാത്രമല്ല, എന്തൊക്കെ കാരണങ്ങളാണ് ആ മറവിയിലേക്ക് നയിച്ചത് എന്നാരായുക കൂടിയായിരുന്നു ഇതെഴുതിയ സുധീര്‍നാഥ്. അതിന്റെ സത്യസന്ധത ഈ കടലാസുകളെ തെളിമയുള്ളതാക്കുന്നു. ശങ്കര്‍ എന്ന ഇതിഹാസത്തെ പൊതിഞ്ഞുനിന്ന നല്ലതും ചീത്തയുമായ വശങ്ങള്‍ ഈ പുസ്തകം അടയാളപ്പെടുത്തുന്നു. പ്രതിഭയും പ്രശസ്തിയും അധികാരവും വേണ്ടുവോളം ഉണ്ടായിട്ടും ആര്‍ക്കും വേണ്ടാത്ത ഒരാളായി അവസാനകാലത്ത് അതുപോലൊരു മഹാനായ കലാകാരന്‍ മാറിയത് എങ്ങനെയെന്ന് കൂടി, അത്ര തെളിയിച്ചിട്ടല്ലാതെ പറയുന്നുണ്ട് ഇതില്‍.
''ശങ്കര്‍ പണ്ടേ എനിക്കൊരത്ഭുതമായിരുന്നു. ഇന്ത്യന്‍ കാര്‍ട്ടൂണിന്റെ പിതാവ് കായംകുളംകാരനാണ് എന്ന അറിവ്. ദില്ലിയില്‍ അദ്ദേഹം കൈവരിച്ച നേട്ടങ്ങള്‍. കേരളത്തില്‍നിന്നും അത്ര ഉയരത്തിലെത്തിയ മറ്റൊരു കാര്‍ട്ടൂണിസ്റ്റില്ല. ഇങ്ങനെയൊക്കെയായ ശങ്കറിനെ ഞാന്‍ ഒരിക്കലും കണ്ടിട്ടേയില്ല. അതിനാല്‍, ദില്ലിയില്‍ ചെല്ലുന്നതിനു മുമ്പേ അദ്ദേഹത്തെക്കുറിച്ചുള്ള കഥകള്‍ കേള്‍ക്കാന്‍ ഞാന്‍ ഏറെ താല്‍പ്പര്യപ്പെട്ടിരുന്നു. കിട്ടാവുന്ന പുസ്തകങ്ങള്‍ വായിച്ചു. ബന്ധമുള്ള ആളുകളെ കണ്ടെത്തി. ശങ്കറിനെ കുറിച്ചുള്ള ഡോക്യുമന്ററികള്‍ കണ്ടെത്തി. ഒരുപാടു കാലമായി ഞാന്‍ ഇവ സൂക്ഷിക്കുന്നുണ്ടായിരുന്നു. അതൊക്കെയാണ് സത്യത്തില്‍ ഈ പുസ്തകമായി മാറിയത്. ''-പുസ്തകമെഴുതിയ കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറയുന്നു.
വല്യമ്മാവനും ശങ്കറും. പില്‍ക്കാലത്ത് ശങ്കര്‍ വരച്ചത്.
അമ്മാവനെപ്പോലായി മാറിയ അനന്തരവന്‍
അച്ഛനമ്മമാര്‍ ഉണ്ടായിട്ടും അനാഥനായി ജീവിച്ചൊരു കുട്ടിക്കാലമായിരുന്നു ശങ്കറിന്‍േറത്. മാതാപിതാക്കള്‍ ഇരുവരും വെവ്വേറെ വിവാഹം ചെയ്തുപോയതിനാല്‍, കണിശക്കാരനായ വല്യമ്മാവന്‍ ഇല്ലിക്കുളം നാരായണപ്പിള്ളയുടെ കൂടെയായിരുന്നു താമസം. പെട്ടെന്ന് ദേഷ്യം വരുന്ന, എല്ലാത്തിലും പ്രമാണിത്തം കാണിച്ചിരുന്ന, സ്‌നേഹമൊട്ടും പ്രകടിപ്പിക്കാത്ത ഒരാളായിരുന്നു അമ്മാവന്‍. അധ്യാപകരുടെ ചിത്രം വരച്ചും വികൃതി കാണിച്ചും സ്‌നേഹമുള്ള ചിലരുടെ സാമീപ്യം കൊണ്ടുമൊക്കെയാണ് ആ കുട്ടി വളര്‍ന്നത്.
കുറച്ചു വലുതായ ശേഷം, 1839-ല്‍ മാവേലിക്കരയിലെ ആംഗ്ലോ വെര്‍ണാകുലര്‍ സ്‌കൂളില്‍ പഠിക്കാന്‍ പോയ ശങ്കര്‍, അതിനടുത്ത് മറ്റൊരു ബന്ധത്തിലുണ്ടായ മക്കള്‍ക്കൊപ്പം താമസിച്ചിരുന്ന അമ്മയുടെ കൂടെയാണ് കഷ്ടിച്ച് ഒരു വര്‍ഷം താമസിച്ചത്. അമ്മയുടെ സ്‌നേഹം പ്രതീക്ഷിച്ച തനിക്ക് അതൊന്നും കിട്ടിയില്ലെന്നും നിവൃത്തിയില്ലാതെ, സ്‌കൂളിനടുത്ത് ഒരു വീടെടുത്ത് താമസിക്കുകയായിരുന്നുവെന്നും ശങ്കര്‍ എഴുതിയിട്ടുണ്ട്. കായംകുളത്തെ വീട്ടില്‍ വേലയ്ക്കു വന്നിരുന്ന കുഞ്ഞിക്കച്ചോത്തി എന്ന ദലിത് സ്ത്രീയില്‍നിന്നാണ് അമ്മയുടെ സ്‌നേഹം തനിക്ക് ലഭിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
കുട്ടിക്കാലത്തെ ഈ അരക്ഷിതാവസ്ഥയും ഏകാന്തതയുമൊക്കെയാവണം ജീവിതാവസാനത്തിലും അദ്ദേഹത്തെ തേടിയെത്തിയത്. അതിനു കാരണം പക്ഷേ, മറ്റൊന്നായിരുന്നു. വളര്‍ന്നുവലുതായി വലിയ നിലയില്‍ എത്തിയപ്പോള്‍, ശങ്കറിന്റെ ലോകം മാറി. വമ്പന്‍മാരായി സമ്പര്‍ക്കം. ആ ജീവിതശ്രേണിയ്ക്ക് താഴെയുള്ളവരെയൊന്നും അദ്ദേഹം ഗൗനിച്ചിരുന്നില്ലെന്ന് അടുത്തറിയാവുന്ന പലരെയും ഉദ്ധരിച്ച് ഈ പുസ്തകം പറയുന്നു. വളര്‍ന്നപ്പോള്‍ സ്വന്തം വല്യമ്മാവനെപ്പോലെയായി മാറിയത്രെ അദ്ദേഹം. ആ മയമില്ലായ്മ, ആ പ്രമാണിത്തം, ആ ഫ്യൂഡല്‍ ചിന്തകള്‍, ആ കാര്‍ക്കശ്യം. കൂടെയുണ്ടായിരുന്നവരില്‍ പലരും പില്‍ക്കാലത്ത് വിട്ടുപോയതിനു പിന്നില്‍ ഈ കാരണമുണ്ടെന്ന് ജീവചരിത്രം പറഞ്ഞുവെക്കുന്നു.
വര മാറിയ വിധം
ഇന്ത്യയിലെ എക്കാലത്തെയും ഗംഭീര ജേണലിസ്റ്റുകളില്‍ ഒരാളായ പോത്തന്‍ ജോസഫാണ് ബോംബെയില്‍ ഒരു മാര്‍വാഡി കോടീശ്വരന്റെ സെക്രട്ടറിപ്പണിയും കാര്‍ട്ടൂണ്‍ വരയുമായി കഴിഞ്ഞുപോന്ന ശങ്കറിനെ ദില്ലിയിലേക്ക് എത്തിക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസിലേക്കുള്ള വഴി തുറക്കുന്നത് അദ്ദേഹമാണ്. അതില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണുകളാണ് ബ്രിട്ടീഷുകാരുടെ കാലത്തും അതിനുശേഷവുമുള്ള വമ്പന്‍മാെരു ശങ്കറിലേക്ക് എത്തിച്ചത്. അക്കാദമിക്കായി ചിത്രംവര പഠിക്കാത്ത ശങ്കര്‍ അവിടെനിന്നാണ് കമ്പനിച്ചെലവില്‍ ലണ്ടനില്‍ ഒരു വര്‍ഷത്തേക്ക് വര പഠിക്കാന്‍ പോവുന്നത്. ശങ്കറിന്റെ വര മാറുന്നത് അവിടെവെച്ചാണ്. രേഖാധിക്യങ്ങളില്‍നിന്നും ശങ്കറിന്റെ ചിത്രങ്ങള്‍ കുതറിമാറുന്നതും.
കാര്‍ട്ടൂണിസ്റ്റുകളെ ആശയങ്ങളിലേക്ക് മാറ്റിപ്പണിയുന്ന എഡിറ്റര്‍മാരായിരുന്ന പോത്തന്‍ ജോസഫും ചലപതി റാവുവും അടക്കമുള്ള പ്രതിഭകളാണ് വാര്‍ത്തയുടെ മര്‍മ്മത്തടിക്കാന്‍ ശങ്കറിനെ പഠിപ്പിച്ചത്. അവിടെനിന്നും മറ്റു പലയിടങ്ങളിലേക്കുള്ള പടിയിറക്കങ്ങള്‍ക്കു ബലമായതും അത്തരം ചില മാധ്യമപ്രതിഭകളാണ്. അവിടെനിന്നും, സംരംഭകന്‍ എന്ന നിലയിലേക്ക് ചുവടുമാറിയ ശങ്കര്‍, ശങ്കേഴ്‌സ് വീക്കിലിയിലൂടെ പുതിയ ആകാശങ്ങള്‍ വെട്ടിപ്പിടിച്ചു. കാര്‍ട്ടൂണ്‍ മാത്രമായിരുന്നില്ല വീക്കിലിയിലുണ്ടായിരുന്നത്. മികച്ച ജേണലിസ്റ്റുകളെഴുതിയ തീമുനയുള്ള എഡിറ്റോറിയലും അളന്നുമുറിച്ച വാര്‍ത്താ വിശകലനങ്ങളും കീറിമുറിക്കുന്ന കുറിപ്പുകളുമൊക്കെ ശങ്കേഴ്‌സ് വീക്കിലിയെ ഉശിരന്‍ പ്രസിദ്ധീകരണമാക്കി മാറ്റി.
ഗാന്ധിജിയുടെ ഇടപെടലുകള്‍
നെഹ്‌റുവും ഇന്ദിരയുമായുള്ള ശങ്കറിന്റെ കൊടുക്കല്‍ വാങ്ങുകള്‍ പ്രശസ്തമാണ്. എന്നാല്‍, അധികം ചര്‍ച്ച ചെയ്യപ്പെടാത്തതാണ് ശങ്കറിന്റെ ജീവിതത്തിലെ മഹാത്മാ ഗാന്ധിജിയുടെ ഇടപെടലുകള്‍. അവയില്‍ ചില രസകരമായ സംഭവങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. അതിലേറ്റവും കൗതുകമുള്ള ഒന്ന്, ജിന്നയ്ക്കു വേണ്ടി ഗാന്ധിജി ശങ്കറിനോട് നടത്തിയ ഏറ്റുമുട്ടലായിരുന്നു. വിഷയം കാര്‍ട്ടൂണ്‍ തന്നെ.
സ്വാതന്ത്ര്യ സമരത്തിനെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണയ്ക്കുന്ന കാര്‍ട്ടൂണുകളായിരുന്നു ശങ്കര്‍ അക്കാലത്ത് വരച്ചിരുന്നത്. എന്നാല്‍ പിന്നീട് 1939-ല്‍ പുറത്തുവന്ന അത്തരം ചില കാര്‍ട്ടൂണുകള്‍ മുഹമ്മദലി ജിന്നയെ മോശമായി ചിത്രീകരിക്കുന്നതായിരുന്നു. ഗാന്ധിജി ഉടനെ ശങ്കറിന് കത്തയച്ചു-കാര്‍ട്ടൂണൊക്കെ കൊള്ളാം, പക്ഷേ, മറ്റുള്ളവരെ അധിക്ഷേപിക്കരുത്!''
ശങ്കര്‍ അതു കേട്ടോ, അധിക്ഷേപം നിര്‍ത്തിയോ എന്നൊന്നും പുസ്തകം പറയുന്നില്ല.
മറ്റൊന്ന്, ഓള്‍ ഇന്ത്യാ വിമന്‍സ് കോണ്‍ഫ്രന്‍സ് അധ്യക്ഷ ആയിരുന്ന സ്വാതന്ത്ര്യ സമരസേനാനി രാജ്കുമാരി അമൃത്കൗര്‍ ശങ്കറിനെതിരെ പരാതിയുമായി ഗാന്ധിജിയെ കാണാന്‍ പോയതാണ്. ദില്ലിയിലെ പ്രശസ്തമായ ലേഡി ഇര്‍വിന്‍ കോളജിലെ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി പോയ ശങ്കര്‍ അവിടത്തെ പെണ്‍കുട്ടികളുടെ ലിപ്‌സ്റ്റിക്കും ആധുനിക വേഷധാരണവും കണ്ട് കലിപൂണ്ട് ഹിന്ദുസ്ഥാന്‍ ടൈംസില്‍ വരച്ച കാര്‍ട്ടൂണിന് എതിരെയാണ് കൗര്‍ ഗാന്ധിജിയെ കണ്ടത്.
ശങ്കറിന്റെ കാര്‍ട്ടൂണ്‍ സ്ത്രീവിരുദ്ധമാണെന്നായിരുന്നു അവരുടെ പരാതി. അത് സ്ത്രീ സമൂഹത്തെ തന്നെ അപമാനിക്കുന്നതാണ്, ലേഡി ഇര്‍വിന്‍ കോളജിനെയും ശങ്കര്‍ അപമാനിച്ചു എന്നിങ്ങനെ വേറെയും പരാതികള്‍. ശങ്കറിനെ പിരിച്ചുവിട്ട് പത്രം മാപ്പെഴുതണം എന്ന ആവശ്യം മാനേജ്‌മെന്റ് പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് കൗര്‍ ഗാന്ധിയെ കണ്ടത്.
ഇരുവരെയും ഒന്നിച്ചിരുത്തി ഗാന്ധിജി വിഷയം കേട്ടു. കൗര്‍ പരാതി ശക്തമായി ഉന്നയിച്ചു. കുട്ടികള്‍ മഞ്ഞയും പിങ്കും വെള്ളയും കറുപ്പുമൊക്കെ ലിപ്‌സ്റ്റിക്ക് ഇട്ടതാണ് തന്നെ പ്രകോപിച്ചതെന്ന് തന്റെ ഊഴം വന്നപ്പോള്‍ ശങ്കര്‍ പറഞ്ഞു. നല്ല നിറം തെരഞ്ഞെടുക്കാന്‍ പഠിക്കാത്തതിനെയാണ് വിമര്‍ശിച്ചതെന്നും വാദിച്ചു.
സ്വാഭാവികമായും ശങ്കറിനൊപ്പമായിരുന്നു ഗാന്ധിജി. ''വെറുതെ വിട്ടിരിക്കുന്നു'' എന്നു പറഞ്ഞ് അദ്ദേഹം കേസ് തള്ളിക്കളഞ്ഞുവെന്ന് പുസ്തകം പറയുന്നു.
ഹിന്ദുസ്ഥാന്‍ ടൈംസില്‍നിന്നുള്ള ശങ്കറിന്റെ പുറത്തുപോക്കിന്റെ കഥയിലുമുണ്ട് ഗാന്ധി. സി രാജഗോപാലാചാരിയുടെ മകള്‍ ലക്ഷ്മി ആയിരുന്നു അന്നത്തെ എഡിറ്റര്‍ ദേവദാസ് ഗാന്ധിയുടെ ഭാര്യ. അദ്ദേഹത്തിനെതിരെ ശങ്കര്‍ ഹിന്ദുസ്ഥാന്‍ ടൈംസിലൂടെ നിശിതമായ കാര്‍ട്ടൂണ്‍ ആക്രമണം തന്നെ നടത്തി. തന്റെ പിതാവിനെ അപമാനിക്കരുതെന്ന് ലക്ഷ്മി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. പത്രത്തേക്കാള്‍ വലുതായി മാറിയ ശങ്കറിനെ തിരുത്താന്‍ ആവില്ലെന്നറിഞ്ഞ എഡിറ്റര്‍ സമയമെടുത്ത് ശങ്കറിനെ പുകച്ചു പുറത്തുചാടിച്ചു.
ഈ പ്രശ്‌നത്തിലും ഗാന്ധിജി ഇടപെട്ടിരുന്നു. രാജാജിയുടെ പ്രശ്‌നം ആ വഴിക്കു പരിഹരിക്കുക, എഡിറ്ററുടെ കുടുംബപ്രശ്‌നം വേറെ വഴിക്ക് പരിഹരിക്കുക എന്ന പ്രയോഗിക മാര്‍ഗം ഗാന്ധിജി പരീക്ഷിച്ചോ എന്നറിയില്ല, സംഭവം കുളമായി. ജിന്നയുടെ സ്വന്തം പത്രമായ ഡോണിലെ കാര്‍ട്ടൂണിസ്റ്റിനെ ഹിന്ദുസ്ഥാന്‍ ടൈംസിലെ ശങ്കറിന്റെ മുറിയില്‍ ഇരുത്തി പ്രകോപനമുണ്ടാക്കി. അങ്ങനെ ശങ്കറിനെ കൂളായി പുറത്തുചാടിച്ചു.
അവിടെനിന്നും ചെന്നെത്തിയത് ദി ഇന്ത്യന്‍ ന്യൂസ് േക്രാണിക്കിള്‍ എന്ന പത്രത്തില്‍. അവിടെ എഡിറ്ററായിരുന്ന ശങ്കര്‍ കുറേക്കാലത്തിനുശേഷം പുറത്തായതിനു പിന്നിലും സമാനമായ കഥയുണ്ട്. പത്രമുതലാളിയായ രാമകൃഷ്ണ ഡാല്‍മിയയുടെ ഭാര്യയുടെ, എഡിറ്റോറിയല്‍ വിഭാഗത്തിലുള്ള ഇടപെടലുകള്‍. സ്വന്തം രാഷ്ട്രീയം വ്യക്തമാക്കുന്ന ലേഖനങ്ങളുമായി ഡാല്‍മിയയുടെ ഭാര്യ നിരന്തരം എഡിറ്റോറിയലിലെത്തി. കുറേ കഴിഞ്ഞപ്പോള്‍ ഈ പണി നടക്കില്ലെന്ന് ന്യൂസ് എഡിറ്റര്‍ എടത്തട്ട നാരായണന്‍ മുതലാളിയുടെ ഭാര്യയോട് തുറന്നുപറഞ്ഞു. പരാതിയായി.
ഭാര്യയുടെ ലേഖനം ഉടനടി പ്രസിദ്ധീകരിക്കാന്‍ സാക്ഷാല്‍ മുതലാളി എഡിറ്റര്‍ക്ക് കുറിപ്പ് കൊടുത്തു. ന്യൂസ് എഡിറ്ററാണ് ശരി എന്നായിരുന്നു ശങ്കറിന്റെ നിലപാട്. അടുത്ത പടി, മുതലാളി ഇടപെട്ടു. ശങ്കര്‍ പുറത്തായി. അവിടെനിന്നുപോവാതെസ്വന്തം തട്ടകം തിരിച്ചുപിടിച്ചു, ശങ്കര്‍, ശങ്കേഴ്‌സ് വീക്കിലിയിലൂടെ.
രസച്ചേരുവകളുടെ ജീവിതം
കഥകളിങ്ങനെ പലതുണ്ട്. ആ കഥകളിലേക്ക്, കണ്ണുകളില്‍ നിറയെ കൗതുകം നിറച്ച ഒരു കുട്ടിയെപ്പോലെ ഒരു മനുഷ്യന്‍ നടന്നുചെന്നതിന്റെ ബാക്കിപത്രമാണ് ഈ പുസ്തകം. അതിന്റെ എല്ലാ രസച്ചേരുവകളും ഇതിലുണ്ട്. അതുതന്നെയാവണം, ആത്മകഥയെഴുതാത്ത, നല്ലൊരു ജീവചരിത്രം പോലുമില്ലാതിരുന്ന ശങ്കറിന്റെ ജീവിതകഥ ഒറ്റശ്വാസത്തില്‍ വായിക്കാനാവുന്നതും.