എന്തൊക്കെയാണ് 'നല്ല അമ്മ'യുടെ ലക്ഷണങ്ങള്‍? എല്ലാവരും നല്ല അമ്മമാരാണ്; ഈ ചിത്രങ്ങള്‍ പറയുന്നു
എങ്ങനെ നല്ല അമ്മയാവാം എന്ന് ഗൂഗിളിലും മറ്റും നോക്കി തളരുന്നവരുണ്ട്. അതുപോലെ സോഷ്യല്‍ മീഡിയയില്‍ കുഞ്ഞിന്‍റെ ഓരോ മാറ്റങ്ങളും പോസ്റ്റ് ചെയ്യുന്നവരുണ്ട്. പക്ഷേ, അമ്മയായിരിക്കുക എന്നത് അത്ര എളുപ്പമല്ല. അതിന് എന്തുമാത്രം ബുദ്ധിമുട്ടുണ്ട് എന്നത് നാം ചര്‍ച്ച ചെയ്യുന്നേയില്ല.
പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ സ്ത്രീകളിലേറെപ്പേരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‍നമാണ്. ചിലര്‍ അതിനെ അതിജീവിക്കും, ചിലരില്‍ ഏറെക്കാലം ഉണങ്ങാത്ത മുറിവ് പോലെ അതങ്ങനെ കിടക്കും. അതിന്‍റെ കൂടെയായിരിക്കും തന്നെ ഒന്നിനും കൊള്ളില്ലെന്നും മറ്റുമുള്ള തോന്നല്‍. അതിന്‍റെ കൂടെ 'നല്ല അമ്മയ്ക്ക് വേണ്ട ഗുണങ്ങള്‍' എന്ന തരത്തില്‍ സമൂഹത്തിന്‍റെ കാഴ്ചപ്പാടുകള്‍ വേറെയും. അതില്‍ ഭൂരിഭാഗത്തിനും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്താണെന്ന് ഒരു ധാരണയുമില്ലതാനും. ജാമിന ബോണ്‍ തന്‍റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയപ്പോഴും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍റെ ബുദ്ധിമുട്ടുകള്‍ അതിഭീകരമായി അനുഭവിച്ച ഒരാളാണ്.
കുട്ടികളുണ്ടാവുന്നതിന് മുമ്പ് ഒരു സ്പെഷ്യല്‍ ഇന്‍സ്ട്രക്റ്ററായി ജോലി നോക്കുകയായിരുന്നു ജാമിന. കുഞ്ഞുങ്ങളുണ്ടായിക്കഴിഞ്ഞാല്‍ എന്തൊക്കെ ചെയ്യണമെന്നും എങ്ങനെയൊക്കെ അവരെ നോക്കണമെന്നും പരിപാലിക്കണമെന്നുമെല്ലാം അവള്‍ നേരത്തെ തീരുമാനിച്ചു വച്ചിട്ടുണ്ടായിരുന്നു. എന്നാല്‍, പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ഇവയെല്ലാം തന്നെ തകിടം മറിച്ചുകളഞ്ഞു. താനാകെ തകര്‍ന്നിരിക്കുന്നതായി ജാമിനയ്ക്ക് തോന്നി. തന്നെ ഒന്നിനും കൊള്ളില്ലെന്നും താനൊരു നല്ല അമ്മയല്ലെന്നുമൊക്കെയുള്ള തോന്നല്‍ അവരെ ആകെ ഉലച്ചു കളഞ്ഞു. ഇതില്‍ നിന്നെല്ലാം ഓടിയൊളിക്കാനും അവര്‍ ആഗ്രഹിച്ചു. ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് മുതല്‍ കുഞ്ഞിനെന്തെങ്കിലും സംഭവിക്കുമോ എന്നുവരെയുള്ള കാര്യങ്ങള്‍ അവരുടെ മനസിലെത്തുകയും അവരെ ഭീകരമായ വേദനയ്ക്കും വിഷാദത്തിനും അടിമയാക്കുകയും ചെയ്തു. ഉറക്കക്കുറവും തനിച്ചു കഴിയേണ്ടി വന്നതുമെല്ലാം അതിനു കാരണങ്ങളായി. ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ജാമിനയുടെ അമ്മായിഅമ്മ കാന്‍സറിനെ തുടര്‍ന്ന് മരിക്കുന്നത്. അതെല്ലാം അവളെ കൂടുതലായി വേദനിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തു തുടങ്ങിയത് പക്ഷേ അവരുടെ പ്രസവശേഷം മാത്രമാണ്.
പക്ഷേ, സമയം കടന്നുപോയപ്പോള്‍ അവള്‍ പതുക്കെ ഇതില്‍നിന്നെല്ലാം വിടുതല്‍ നേടുക തന്നെ ചെയ്തു. ഇപ്പോള്‍ രണ്ട് കുട്ടികളുടെ അമ്മയായ ജാമിന സമൂഹത്തിന്‍റെ കണ്ണില്‍ അത്ര 'പെര്‍ഫെക്ട'ല്ലാത്ത അമ്മമാര്‍ക്കുവേണ്ടി സംസാരിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയുമാണ്. അതിന്‍റെ ഭാഗമായി ഇങ്ങനെയുള്ള അമ്മമാര്‍ക്ക് കടന്നുപോവേണ്ടി വരുന്ന ഓരോ അനുഭവങ്ങളും വരയ്ക്കുകയാണ് ജാമിന. അതിലൂടെ അവള്‍ സമൂഹത്തെ ഓര്‍മ്മപ്പെടുത്താന്‍ ശ്രമിക്കുന്നത് താന്‍ ചെയ്യുന്നതില്‍ സംശയങ്ങളുണ്ടാവാം, എങ്കിലും അങ്ങനെയൊക്കെയാണെങ്കിലും ഒരുവള്‍ നല്ല അമ്മയല്ലാതാവുന്നില്ല എന്നാണ്. ചിലപ്പോള്‍ താന്‍ അമ്മയെന്ന രീതിയില്‍ വേണ്ടതൊന്നും ചെയ്യുന്നില്ലെന്ന് തോന്നിയേക്കാം അപ്പോഴും അവള്‍ ഒരു നല്ല അമ്മ തന്നെയാണ്. സമൂഹത്തിന്‍റെ കണ്ണില്‍ നല്ല അമ്മ പട്ടം കിട്ടാനായി താന്‍ താനല്ലാതെയാവരുതെന്നും അവനവനായിരിക്കുക എന്നത് പ്രധാനമാണ് എന്ന് കൂടി ജാമിന ഓര്‍മ്മിപ്പിക്കുന്നു.
എങ്ങനെ നല്ല അമ്മയാവാം എന്ന് ഗൂഗിളിലും മറ്റും നോക്കി തളരുന്നവരുണ്ട്. അതുപോലെ സോഷ്യല്‍ മീഡിയയില്‍ കുഞ്ഞിന്‍റെ ഓരോ മാറ്റങ്ങളും പോസ്റ്റ് ചെയ്യുന്നവരുണ്ട്. പക്ഷേ, അമ്മയായിരിക്കുക എന്നത് അത്ര എളുപ്പമല്ല. അതിന് എന്തുമാത്രം ബുദ്ധിമുട്ടുണ്ട് എന്നത് നാം ചര്‍ച്ച ചെയ്യുന്നേയില്ല. അത് സംസാരിക്കാന്‍ നാം മറന്നുപോവുന്നു എന്നും ജാമിന പറയുന്നു. തന്‍റെ ശരീരവും മനസുമെല്ലാം പലപ്പോഴും സ്ത്രീകള്‍ക്ക് കുട്ടികള്‍ക്കായി പൂര്‍ണമായും സമര്‍പ്പിക്കേണ്ടി വരുന്നുണ്ട്. വിഷാദത്തിലായാലാവട്ടെ സമൂഹം നിങ്ങളെ മര്യാദയില്ലാത്തവരും സ്വാര്‍ത്ഥരുമായിക്കാണും എന്നും ജാമിന പറയുന്നു. പല അമ്മമാരും പിന്നീട് തങ്ങളെ തന്നെ ശ്രദ്ധിക്കാതെ ജീവിക്കാറാണ്. തന്‍റെ അമ്മയും അങ്ങനെയായിരുന്നു. അത് മാറണം. തനിക്കാകട്ടെ ഡിപ്രഷന്‍ വിളിക്കാതെ വന്ന അതിഥിയായിരുന്നു. അതിനെ മറികടക്കാന്‍ ഒരുപാട് ബുദ്ധിമുട്ടി. തെറാപ്പി ചെയ്തു, ഡോക്ടര്‍മാരെക്കണ്ടു, സമൂഹത്തിന്‍റെയും ബന്ധുക്കളുടെയും പ്രതീക്ഷയില്‍നിന്നും മാറിനിന്നുവെന്നും ജാമിന പറയുന്നു.
ഇപ്പോള്‍ അതിനെയെല്ലാം മറികടക്കാനും തന്‍റെ അനുഭവങ്ങളില്‍ നിന്നും പഠിച്ച പാഠങ്ങള്‍ മറ്റുള്ളവര്‍ക്കായി പറഞ്ഞുകൊടുക്കുകയും ചെയ്യുകയാണ് ജാമിന. അതിനായി ചെറിയ ചെറിയ വിജയങ്ങള്‍ വരെ ആഘോഷിക്കണമെന്ന് ജാമിന പറയുന്നു. അതിനായി ഓണ്‍ലൈന്‍ ക്വിസ് പോലുള്ള പരിപാടികള്‍ നടത്തുന്നു. എങ്കിലും ജാമിനയുടെ ചിത്രങ്ങള്‍ അമ്മമാര്‍ക്കിടയില്‍ ചെലുത്തിയ സ്വാധീനം വലുതാണ്. അമ്മയായിട്ടുള്ള ജീവിതത്തിനിടയിലെ മുഹൂര്‍ത്തങ്ങളെ മറ്റ് സ്ത്രീകള്‍ക്ക് എളുപ്പത്തില്‍ താരതമ്യപ്പെടുത്താവുന്ന രീതിയിലാണ് ജാമിന വരച്ചിരിക്കുന്നത്.
ജാമിനയുടെ ചിത്രങ്ങള്‍ കാണാം: