അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ വേദനകളെ വരച്ചു ചേർത്ത കലാകാരി, ഷംസിയ ഹസാനി സുരക്ഷിതയാണോ?
അവളുടെ കഥാപാത്രങ്ങൾ ചിലപ്പോൾ ഒരു യോദ്ധാവായും, മറ്റ് ചിലപ്പോൾ പ്രതീക്ഷയില്ലാത്ത ഒരു അഭയാർഥിയായും ഒക്കെ വേഷം മാറും. ഈ ചുവർച്ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ ഗാലറി പ്രദർശനങ്ങളിൽ പങ്കെടുക്കാൻ വടക്കേ അമേരിക്കൻ, യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യാൻ അവൾക്ക് ഭാഗ്യം ലഭിച്ചു.
അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാ ഗ്രാഫിറ്റി, സ്ട്രീറ്റ് ആർട്ടിസ്റ്റാണ് ഷംസിയ ഹസ്സാനി. സ്ത്രീകൾക്ക് വേണ്ടി ശബ്ദമുയർത്തിയ അവർ അന്താരാഷ്ട്ര തലത്തിൽ വളരെയധികം ശ്രദ്ധിക്കപ്പെടുന്ന ഒരു കലാകാരിയാണ്. ഇപ്പോൾ താലിബാൻ അഫ്ഗാനിൽ അധികാരം പിടിച്ചെടുത്തതോടെ, സോഷ്യൽ മീഡിയ ഹസ്സാനിയുടെ കലാസൃഷ്ടികൾ കൂടുതലായി ചർച്ച ചെയ്യുന്നു.
ചിലപ്പോൾ ക്യാൻവാസിൽ, ചിലപ്പോൾ ജീർണിച്ച കെട്ടിടത്തിന്റെ ചുമരിൽ അവർ അഫ്ഗാനിലെ സ്ത്രീകളുടെ ജീവിതം വരച്ചിട്ടു. പുരുഷന്മാർക്ക് മാത്രം അധികാരമുള്ള ഒരു സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന യാതനകൾ അവർ ചിത്രങ്ങളിലൂടെ വെളിച്ചത്ത് കൊണ്ടുവന്നു. താലിബാൻ അധികാരത്തിൽ വന്നശേഷം സ്ത്രീകളുടെ അവസ്ഥയെ കുറിക്കുന്ന അവരുടെ ചിത്രങ്ങളാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുന്നത്. തിളങ്ങുന്ന നീലനിറത്തിലുള്ള ഹിജാബ് ധരിച്ച പെൺകുട്ടികളെ ഇരുണ്ട തോക്കുധാരികളായ പോരാളികൾ ഭീഷണിപ്പെടുത്തുന്ന ചിത്രമാണ് ഒന്ന്. തീവ്രമായ ഭയം, നിരാശ, അക്രമാസക്തമായ അടിച്ചമർത്തൽ എന്നിവ അഫ്ഗാൻ സ്ത്രീകൾ ഇപ്പോൾ അഭിമുഖീകരിക്കുന്നുവെന്ന് അവരുടെ ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഇൻസ്റ്റാഗ്രാമിൽ ആ ചിത്രങ്ങൾക്ക് പതിനായിരക്കണക്കിന് ലൈക്കുകളും, ഫേസ്ബുക്കിൽ ആയിരക്കണക്കിന് ഷെയറുകളും ലഭിച്ചു.
ഇന്ന് പല കലാകാരന്മാരും ഭയം മൂലം തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുകയാണ്. കാബൂൾ താലിബാൻ ഏറ്റെടുത്തതിനുശേഷം, ഹസ്സാനിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടും കുറച്ച് ദിവസത്തേക്ക് നിശബ്ദമായിരുന്നു. അവളുടെ സുരക്ഷയെക്കുറിച്ച് ആരാധകർ ആശങ്കപ്പെട്ടു. എന്നാൽ, കുറച്ച് ദിവസത്തിന് ശേഷം വീണ്ടും അവൾ തന്റെ സൃഷ്ടികൾ പങ്കുവയ്ക്കാൻ തുടങ്ങി.
1988 -ൽ ഇറാനിൽ അഫ്ഗാൻ അഭയാർത്ഥികളുടെ മകളായി ഷംസിയ ഹസ്സാനി ജനിച്ചു. 2005 -ൽ അവൾ മാതാപിതാക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങി. കാബൂൾ യൂണിവേഴ്സിറ്റിയിൽ നിന്ന് ചിത്രകലയിലും ഫൈൻ ആർട്ടിലും ബിരുദം നേടിയ ശേഷം ഹസ്സാനി കാബൂൾ യൂണിവേഴ്സിറ്റിയിലെ ഫൈൻ ആർട്സ് പ്രൊഫസറായി. 2010 - ബ്രിട്ടീഷ് കലാകാരനായ CHU നടത്തിയ ഗ്രാഫിറ്റി വർക്ക്‌ഷോപ്പിൽ പങ്കെടുത്ത ശേഷമാണ് അവൾക്ക് ചുവർ ചിത്രങ്ങളോട് കമ്പം തോന്നിയത്. അങ്ങനെ പൊതുഇടങ്ങളിൽ ചിത്രങ്ങൾ വരക്കാൻ തുടങ്ങി. അന്നുമുതൽ, പുരുഷ മേധാവിത്വമുള്ള അഫ്ഗാൻ സമൂഹത്തിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനിശ്ചിതാവസ്ഥയാണ് അവളുടെ ചിത്രങ്ങളുടെ പ്രധാന വിഷയം. ഇത് അവളുടെ ട്വിറ്റർ ഹാൻഡിൽ "ഡാം ദി വാർ" എന്ന് അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്യപ്പെട്ടു.
താലിബാനും മറ്റ് തീവ്രവാദ ഗ്രൂപ്പുകളും നടത്തുന്ന ആക്രമണങ്ങളോട് നേരിട്ട് പ്രതികരിക്കാൻ ഹസ്സാനി തന്റെ കലയെ ഉപയോഗിച്ചു. കാബൂളിലെ തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ടതും യുദ്ധം തകർത്തതുമായ കെട്ടിടങ്ങളിൽ ചിത്രം വരച്ചുകൊണ്ടാണ് അവൾ തന്റെ കലാജീവിതം ആരംഭിച്ചത്. ഒരു ഗ്യാലറിയോ മ്യൂസിയമോ സന്ദർശിക്കാൻ അവസരമില്ലാത്ത ആളുകൾക്ക് കലയെ പരിചയപ്പെടുത്താനുള്ള നല്ലൊരു മാർഗമാണിതെന്ന് ഹസ്സാനി കരുതി. ബുള്ളറ്റ് തുളകൾക്കും വിള്ളലുകൾക്കും പകരം പുതിയ കാഴ്ചകൾ കാണാൻ ആളുകളെ ഇത് അനുവദിച്ചു. അവളുടെ ചിത്രങ്ങളിലെ വർണങ്ങൾ നഗരത്തിന്റെ ചുവരുകളിലെ യുദ്ധകഥകളെ മായ്ച്ചു.
അവളുടെ കഥാപാത്രങ്ങൾ ചിലപ്പോൾ ഒരു യോദ്ധാവായും, മറ്റ് ചിലപ്പോൾ പ്രതീക്ഷയില്ലാത്ത ഒരു അഭയാർഥിയായും ഒക്കെ വേഷം മാറും. ഈ ചുവർച്ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ ഗാലറി പ്രദർശനങ്ങളിൽ പങ്കെടുക്കാൻ വടക്കേ അമേരിക്കൻ, യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യാൻ അവൾക്ക് ഭാഗ്യം ലഭിച്ചു. എന്നാൽ, ഇപ്പോൾ താലിബാൻ അധികാരത്തിൽ വന്നതോടെ അവൾ എവിടെയാണെന്നും, എന്താണ് ചെയ്യുന്നതെന്നും ആർക്കും അറിയില്ല. അതേസമയം, അവൾ ഒരു രഹസ്യകേന്ദ്രത്തിൽ സുരക്ഷിതയാണെന്ന് അവളുടെ മാനേജർ അന്താരാഷ്ട്ര മാധ്യമമായ ഡ്യൂഷെ വെല്ലെയോട് പറഞ്ഞു. ഇപ്പോഴും അവളുടെ കൃതികൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തെ സ്പർശിക്കുന്നു. അഫ്ഗാൻ സ്ത്രീയുടെ വിധിയെക്കുറിച്ച് ഓർത്ത് കണ്ണീരണിയാൻ ആ ചിത്രങ്ങൾ കാരണമാകുന്നു. നൂറുകണക്കിന് ഫോള്ളോവേഴ്സ് അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്കും കാബൂൾ ആസ്ഥാനമായുള്ള ഹസ്സാനിയുടെ സുരക്ഷയ്ക്കും വേണ്ടി ആശങ്കപ്പെടുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.