ശില്പ വിവാദം; വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമ നടപടിയെന്ന് സംഗീത നാടക അക്കാദമി സെക്രട്ടറി

വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് അക്കാദമിക്കെതിരെയും കലാകാരന്മാര്‍ക്കെതിരെയും പൊതുജനവികാരം ഇളക്കിവിടാനുള്ള ഗൂഢശ്രമമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും കരിവെള്ളൂര്‍ മുരളി ആരോപിച്ചു. 
 

Sangeetha Nataka Akademi that legal action will be taken against fake campaigns in Sculpture Controversy bkg


ടനും കേരള സംഗീത നാടക അക്കാദമി ചെയര്‍മാനുമായിരുന്ന മുരളിയുടെ വെങ്കല ശില്പ വിവാദത്തില്‍, അക്കാദമിക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി. നടന്‍ മുരളിയുടെ വെങ്കല ശില്പ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെയാണ് കരിവെള്ളൂര്‍ മുരളി അക്കാദമിയുടെ നിലപാട് അറിയിച്ച് രംഗത്തെത്തിയത്. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് അക്കാദമിക്കെതിരെയും കലാകാരന്മാര്‍ക്കെതിരെയും പൊതുജനവികാരം ഇളക്കിവിടാനുള്ള ഗൂഢശ്രമമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും കരിവെള്ളൂര്‍ മുരളി ആരോപിച്ചു. 

നടന്‍ മുരളിയുടെ വെങ്കല ശില്പ നിര്‍മ്മാണത്തിന് ശില്പി വില്‍സണ്‍ പൂക്കോയിയെ അക്കാദമി കരാര്‍ എല്‍പ്പിച്ചിരുന്നു. പിന്നീട് ഈ ശില്പ നിര്‍മ്മാണത്തില്‍ നിന്ന് അക്കാദമി പിന്നോട്ട് പോയി. തുടര്‍ന്ന് ശില്പ നിര്‍മ്മാണത്തിനായി മുന്‍ കൂറായി വാങ്ങിയ 5,70,000 രൂപ തിരിച്ചടയ്ക്കാന്‍ അക്കാദമി, വില്‍സണ്‍ പൂക്കോയിയോട് ആവശ്യപ്പെട്ടു. സാംസ്കാരിക മന്ത്രിക്കും അക്കാദമി സെക്രട്ടറിക്കും തന്‍റെ മോശം സാമ്പത്തികാവസ്ഥ ചൂണ്ടിക്കാട്ടി പണം തിരിച്ചടയ്ക്കുന്നത് ഒഴിവാക്കണമെന്ന് വില്‍സണ്‍ നിവേദനം നല്‍കി. കഴിഞ്ഞ ദിവസം പണം അടയ്ക്കണമെന്ന ഉത്തരവ് സര്‍ക്കാര്‍ എഴുതിത്തള്ളുകയും ഈ ബാധ്യത അക്കാദമി വഹിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളിലും ചില പ്രധാന പത്രങ്ങളിലും ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നു. എന്നാല്‍, ഈ വാര്‍ത്തകളില്‍ ഉപയോഗിച്ചിരുന്ന ചിത്രങ്ങള്‍ ഈ പദ്ധതിയുമായി ബന്ധമില്ലാതിരുന്ന മറ്റൊരു ശില്പ ചെയ്ത ശില്പമായിരുന്നു. തെറ്റായ ചിത്രവും വച്ചുള്ള വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതിലുള്ള വിവാദത്തിന് വഴി തെളിച്ചു. 

കൂടുതല്‍ വായനയ്ക്ക്: മുരളിയുടെ വെങ്കല ശില്പ വിവാദം; 'മൂന്ന് തവണ മാറ്റി ചെയ്യിച്ചു. ഒടുവില്‍ അക്കാദമി തന്നെ ഉപേക്ഷിച്ചു' ശില്പി വില്‍സണ്‍ പൂക്കോയി
 

ഇതിന് പിന്നാലെയാണ് വിശദീകരണവുമായി അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി രംഗത്തെത്തിയത്. 2010 ല്‍ കവി രാവുണ്ണി സെക്രട്ടറിയായിരുന്ന കാലത്ത്  തൃശ്ശൂരിലെ ശില്പി രാജന്‍റെ അഭ്യര്‍ത്ഥനയനുസരിച്ച് അദ്ദേഹം നിര്‍മ്മിച്ച നടന്‍ മുരളിയുടെ അഭിനയിച്ച നാടക കഥാപാത്രമായ ലങ്കാലക്ഷമിയിലെ രാവണന്‍റെ ഒരു ഭാവരൂപമായിരുന്നു മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന ചിത്രം. മുരളിയുടെ വിയോഗത്തിന് ശേഷം അദ്ദേഹം അവതരിപ്പിച്ച രാവണവേഷം കരിങ്കലില്‍ നിര്‍മ്മിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ശില്പി രാജന്‍ അക്കാദമിക്ക് കത്ത് നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ കഥാപാത്രത്തിന്‍റെ ശില്പം എന്ന ആശയം അംഗീകരിച്ച് അതിന് അനുമതി നല്‍കിയത്. ലങ്കാലക്ഷ്മി നാടകത്തിലെ ചിത്രം നോക്കിയാണ് രാജന്‍ ഈ ശില്പം ചെയ്തത്. നടന്‍ മുരളിയുടെ ശില്പം എന്നല്ല രാവണന്‍റെ ശില്പം എന്നാണ് ഫലകത്തില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ  12 വര്‍ഷമായി ഈ ശില്പം അക്കാദമി തിയറ്ററിന്‍റെ മുന്നില്‍ തന്നെയുണ്ട്. ഈ യാഥാര്‍ത്ഥ്യത്തെ മറച്ച് വച്ച് സാമൂഹ്യമാധ്യമങ്ങളില്‍ അക്കാദമിക്കെതിരെ കുപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി കൈകൊള്ളുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പതിമൂന്നാമത് ഇറ്റ്‌ഫോക്കിന്‍റെ വിജയത്തില്‍ നില്‍ക്കുന്ന സംഗീത നാടക അക്കാദമിയെ കരിവാരിത്തേക്കുന്നതിനുള്ള പരിശ്രമം കൂടി ഈ വ്യാജപ്രചരണങ്ങള്‍ക്ക് പിന്നിലുണ്ട്. വസ്തുതകള്‍ തിരിച്ചറിഞ്ഞ് സത്യത്തോടൊപ്പം നില്‍ക്കണമെന്നും വ്യാജവാര്‍ത്തകള്‍ ആരും പങ്കുവയ്ക്കരുതെന്നും സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു. 
 

Latest Videos
Follow Us:
Download App:
  • android
  • ios