Masyanya VS Putin : പുടിനോട് 'പോയി ചത്തൂടെ' എന്ന് പറഞ്ഞ് റഷ്യന്‍ കാര്‍ട്ടൂണ്‍, കലിയിളകി അധികൃതര്‍!

24-മണിക്കൂറിനകം അഞ്ച് ലക്ഷത്തിലേറെ പേര്‍ കണ്ട സീരീസ് പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുമായാണ് താരതമ്യപ്പെടുത്തുന്നത്. 

Russian media regulator bans Cartoon criticizing Putin on Ukraine war

യുക്രൈന്‍ ആക്രമണത്തില്‍ ലോകമാകെ പ്രതിഷേധം വ്യാപിക്കുന്നതിനിടെ, യുദ്ധവിവരങ്ങള്‍ പുറത്തറിയാതിരിക്കാന്‍ കിണഞ്ഞുശ്രമിക്കുന്ന റഷ്യന്‍ അധികാരികള്‍ക്ക് തലവേദനയായി കാര്‍ട്ടൂണ്‍ സീരീസ്. റഷ്യയില്‍ സൂപ്പര്‍ഹിറ്റായി മാറിയ കാര്‍ട്ടൂണ്‍ സീരീസിന്റെ പുതിയ ലക്കമാണ് പുടിനെയും കൂട്ടരെയും വിറളി പിടിപ്പിച്ചത്. യുക്രൈന്‍ ആക്രമണം പ്രതിപാദിക്കുന്ന കാര്‍ട്ടൂണ്‍ റഷ്യയില്‍ നിരോധിച്ചിരിക്കുകയാണ്. ഒപ്പം, വിവാദ ലക്കം ഉടനടി നീക്കം ചെയ്യണമെന്ന് റഷ്യന്‍ മാധ്യമ നിയന്ത്രണ ഏജന്‍സി കാര്‍ട്ടൂണ്‍ സീരീസ് നിര്‍മാതാക്കളോട് ഉത്തരവിടുകയും ചെയ്തു. ഇതിനു പിന്നാലെ, കാര്‍ട്ടൂണ്‍ സീരീസിന്റെ വെബ്‌സൈറ്റിനു നേര്‍ക്ക് വന്‍ സൈബറാക്രമണവും നടന്നു. തനിക്ക് വെബ്‌സൈറ്റില്‍ പ്രവേശിക്കാനാവാത്ത സ്ഥിതിയാണെന്ന് കാര്‍ട്ടൂണ്‍ ശില്‍പിയായ ഒലേഗ് കുവായേവ് മാധ്യമങ്ങളോട് പറഞ്ഞു. 

മസ്യാന എന്ന ജനപ്രിയ കാര്‍ട്ടൂണ്‍ സീരീസാണ് വിവാദത്തിലായത്. യുക്രൈന്‍ യുദ്ധത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും റഷ്യയില്‍ എത്താതിരിക്കാന്‍ മാധ്യമങ്ങളുടെ മേല്‍ റഷ്യന്‍ അധികൃതര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതിനിടെ മാര്‍ച്ച് 22-നാണ് റഷ്യന്‍ സൈന്യം യുക്രൈനില്‍ നടത്തുന്ന ക്രൂരമായ അതിക്രമങ്ങളെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ എപ്പിസോഡ് പുറത്തുവന്നത്. 24-മണിക്കൂറിനകം അഞ്ച് ലക്ഷത്തിലേറെ പേര്‍ കണ്ട സീരീസ് പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുമായാണ് താരതമ്യപ്പെടുത്തുന്നത്. റഷ്യന്‍ സൈന്യം നടത്തുന്ന ആക്രമണങ്ങളില്‍ തകര്‍ന്നടിഞ്ഞ യുക്രൈനിലെ കെട്ടിടങ്ങളും കാര്‍ട്ടൂണ്‍ സീരീസില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സീരീസിലെ നായികയായ മസ്യാന ഒരു ജപ്പാന്‍ സമുറായി വാള്‍ പുടിന് നല്‍കുന്ന രംഗവും കാര്‍ട്ടൂണിലുണ്ട്. ജപ്പാനിലെ സമുറായികള്‍ ഹരാകിരി എന്നറിയപ്പെടുന്ന ആത്മഹത്യ ചെയ്യാന്‍ ഉപയോഗിക്കുന്ന വാള്‍ പുടിന് നല്‍കിയതിന്റെ അര്‍ത്ഥം,  'പോയി ചത്തൂടേ' എന്നാണെന്നാണ് വിമര്‍ശനമുയര്‍ന്നത്. ശക്തമായ സ്വരത്തില്‍ റഷ്യന്‍ അധിനിവേശത്തെ എതിര്‍ക്കുന്ന കാര്‍ട്ടൂണ്‍ സീരീസ്, പുറത്തിറങ്ങിയതിനു പിന്നാലെ ചര്‍ച്ചയായിരുന്നു. തുടര്‍ന്നാണ് മാധ്യമനിയന്ത്രണത്തിനുള്ള റഷ്യന്‍ ഏജന്‍സി കാര്‍ട്ടൂണിന് എതിരെ തിരിഞ്ഞത്.  

 

 

റോസ്‌കോനാദ്‌സര്‍ എന്നറിയപ്പെടുന്ന മാധ്യമ നിയന്ത്രണ ഏജന്‍സി ഉടന്‍ തന്നെ ഈ എപ്പിസോഡ് നീക്കം ചെയ്യാന്‍ നിര്‍മാതാക്കളോട് ആവശ്യപ്പെടുകയായിരുന്നു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു, റഷ്യന്‍ സൈന്യത്തെ അപമാനിച്ചു, 'യുക്രൈനിലെ രണ്ട് പ്രവിശ്യകളെ പ്രതിരോധിക്കാന്‍ റഷ്യ നടത്തുന്ന മാനുഷിക ഇടപെടലുകളെ' തെറ്റായി വ്യാഖ്യാനിക്കുന്നു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഇതു മാത്രമല്ല, നിയന്ത്രണം മറികടക്കുന്നതിന് തങ്ങളുടെ വെബ്‌സൈറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് പതിപ്പ് പുറത്തിറക്കി നിര്‍മാതാക്കള്‍ അതില്‍ വിവാദ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തതായും ഏജന്‍സി കുറ്റപത്രത്തില്‍ വ്യക്തമാക്കി. അടിയന്തിരമായി കാര്‍ട്ടൂണ്‍ നീക്കം ചെയ്തില്ലെങ്കില്‍, വെബ്‌സൈറ്റ് പൂര്‍ണ്ണമായും നിരോധിക്കുമെന്നും ഇതുവരെയുള്ള മുഴുവന്‍ കാര്‍ട്ടൂണുകളും ആര്‍ക്കും കാണാനാവാത്ത വിധത്തിലേക്ക് മാറ്റുമെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കി. 

എന്നാല്‍, മിറര്‍ വെബ്‌സൈറ്റിലൂടെ കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ചത് തങ്ങളല്ല എന്നാണ് കാര്‍ട്ടൂണ്‍ നിര്‍മാതാക്കള്‍ വ്യക്തമാക്കിയത്. റഷ്യന്‍ ഏജന്‍സികളുടെ നിരോധന ഉത്തരവ് പുറത്തിറങ്ങിയതിനു പിന്നാലെ ഹാക്കര്‍മാര്‍ വെബ്‌സൈറ്റിനെതിരെ ആക്രമണം നടത്തിയതായി അവര്‍ പറയുന്നു. വെബ്‌സൈറ്റിന്റ നിയന്ത്രണം ഏറ്റെടുത്ത ഹാക്കര്‍മാര്‍ മറ്റൊരു സൈറ്റുണ്ടാക്കി അതിലൂടെ കാര്‍ട്ടൂണ്‍ പ്രചരിപ്പിക്കുന്നതായും കാര്‍ട്ടൂണ്‍ ശില്‍പ്പിയായ ഒലേഗ് കുവായേവ് പറയുന്നു. വെബ്‌സൈറ്റിനു മുകളില്‍ തങ്ങള്‍ക്കിപ്പോള്‍ നിയന്ത്രണമില്ലെന്നും അവര്‍ അറിയിക്കുന്നു. 

 

 

എന്നാല്‍, ഇത് തട്ടിപ്പാണെന്നും നിര്‍മാതാക്കള്‍ തന്നെയാണ് വിവാദ കാര്‍ട്ടൂണ്‍ പ്രചരിപ്പിക്കുന്നതെന്നുമാണ് റഷ്യന്‍ അധികൃതര്‍ പറയുന്നത്. കാര്യം എന്തായാലും, പുടിന് പുതിയ തലവേദന ഉണ്ടാക്കിയിരിക്കുകയാണ് ഈ കാര്‍ട്ടൂണ്‍ സീരീസ്.

Latest Videos
Follow Us:
Download App:
  • android
  • ios