കൊവിഡ് കാല വിനോദം റഹ്സാനയ്ക്ക് നേടിക്കൊടുത്തത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അവാര്‍ഡ്

ഇന്ത്യയില്‍ പല മേഖലകളില്‍ പ്രശസ്തരായ 22 വനിതകളുടെ ചിത്രം  24 മണിക്കൂർ കൊണ്ട് ലീഫ് ആര്‍ട്ട് ചെയ്തതിലൂടെയാണ് റഹ്സാനയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അവാര്‍ഡ് ലഭിച്ചത്. 

Rahsana gets India Book of Records award


തിരുവനന്തപുരം: കൊവിഡ് കാലത്തെ ഹോബി റഹ്സാനയ്ക്ക് നേടിക്കൊടുത്തത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അവാര്‍ഡ്. രാജ്യം കണ്ട 22 വനിതാ പ്രതിഭകളെ ഇലയിൽ കൊത്തിയെടുത്താണ് കൊച്ചുമിടുക്കി അവര്‍ഡിന് അര്‍ഹയായത്. തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ രണ്ടാം വർഷ എം.എ  വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് വിദ്യാർത്ഥിനിയും കിഴിശ്ശേരി തവനൂർ പോത്തുവെട്ടി പാറ കുന്നുമ്മൽ കുന്നത്ത് ഇബ്രാഹിം കുട്ടിയുടെയും ആയിഷ ബീവിയുടെയും മകൾ റഹ്സാന നാടിനും ക്യാമ്പസിനും ഇന്ന് അഭിമാനമാണ്. 

കാലിഗ്രാഫിയിലും കഴിവ് തെളിയിച്ച റഹ്സാന കോവിഡ് കാലത്ത് സോഷ്യൽ മീഡിയ വഴിയാണ് ചിത്രം വര പഠിച്ചത്. 2020 ജൂലൈ മാസത്തിൽ കോവിഡ് ലോക്ക് ഡൗൺ കാലത്ത് ലീഫ് ആർട്ട് പരിശീലിച്ച് തുടങ്ങി. 2020 ഒകോബർ 7ന് 24 മണിക്കൂർ കൊണ്ടാണ് റഹ്സാന പ്രശസ്തരായ 22 വനിതകളുടെ മുഖം ഇലയിൽ സുന്ദരമായി രൂപപ്പെടുത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ അയച്ചു. ഇന്ദിരഗാന്ധി, കൽപ്പനചൗള, പ്രതിഭാ പാട്ടീൽ, മദർ തരേസ, സാനിയ മിർസ, സൈന നെഹ് വാൾ, ജസിറ്റിസ് എം. ഫാത്തിമ ബീവി, ബോക്സിങ് താരം മേരികോം, അഞ്ജലി ഗുപ്ത, കിരൺ ബേദി തുടങ്ങി രാജ്യം ബഹുമാനിക്കുന്ന വനിതകളെയാണ് റഹ്സാന പ്ലാവിലയിൽ  രൂപപ്പെടുത്തിയത്. 

ഇവർക്ക് പുറമെ ചെഗുവരയുടെ ചിത്രവും റക്സാന ഇലയിൽ കൊത്തിവച്ചു. യഥാർത്ഥ ചിത്രത്തിൽ നോക്കി ഇലയിൽ ആദ്യമായി പേന കൊണ്ട് വരയ്ക്കും. പിന്നീട് വരച്ചു വച്ച രൂപം കത്തി ഉപയോഗിച്ച്  മുറിച്ചെടുക്കും. പ്ലാവിലയ്ക്ക് പുറമേ ആലില കൊണ്ടും, തെങ്ങിന്‍റെ ഓലയിലും വിസ്മയം തീർത്തിരിക്കുകയാണ് ഈ കലാകാരി. ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ്സിന് പുറമേ ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡും ഈ കലാകാരിയെ തേടിയെത്തി. കാര്യവട്ടം ക്യാമ്പസാണ് തന്‍റെ  കഴിവുകളെ കൂടുതലായി തുറന്ന് കാട്ടാൻ സഹായിച്ചതെന്ന് റഹ്സാന പറയുന്നു. സഹപാഠികളും സുഹൃത്തുകളും കോളേജ് യൂണിയനും പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്. തന്‍റെ കോളേജ് ജീവിതത്തിലെ പഠനത്തിനും ചിലവിനുമുള്ള പണം റഹ്സാന ലീഫ് ആർട്ടിലൂടെയും ചിത്രം വരയിലൂടെയും ആണ് കണ്ടെത്തുന്നത്. ആവശ്യക്കാർക്ക് അവർ ആവശ്യപ്പെടുന്ന ചിത്രങ്ങൾ ഇലയിൽ കൊത്തിക്കൊടുക്കാറുണ്ട്. വിവാഹം കഴിച്ച് കുടുംബ ജീവിതം തുടരുന്നതിലല്ല മറിച്ച് സ്ത്രീകൾ ആദ്യം സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാകണമെന്ന് റഹ്സാന പറയുന്നു. 
 

Latest Videos
Follow Us:
Download App:
  • android
  • ios