ആർട്ട് ഗാലറിക്കുള്ളിൽ കുടുങ്ങിയ യുവതിയെ രക്ഷിക്കാൻ വാതിൽ തകർത്ത് പൊലീസ്, എന്നാൽ പിന്നീട് സംഭവിച്ചത്
ഗാലറിയിലെ ജീവനക്കാരി ചായ കുടിക്കാൻ പോയതിനാലാണ് ഗാലറി പൂട്ടിയിട്ടിരുന്നത്. ബഹളം കേട്ട് ജീവനക്കാരിയായ ഹന്ന എത്തിയപ്പോൾ ക്രിസ്റ്റീനയ്ക്ക് അരികിൽ അമ്പരന്നു നിൽക്കുന്ന പൊലീസുകാരെയാണ് കണ്ടത്.
നവംബർ 25 -ന് വൈകുന്നേരം ആയിരുന്നു ലണ്ടനിലെ മെട്രോ പൊളിറ്റൻ പൊലീസ് സ്റ്റേഷനിലേക്ക് ആ കോൾ വന്നത്. ലണ്ടൻ ഗാലറിക്കുള്ളിൽ ഒരു യുവതി കുടുങ്ങി കിടപ്പുണ്ടെന്നും ബോധരഹിതയായ അവസ്ഥയിലാണോ യുവതി ഉള്ളതെന്ന് സംശയമുണ്ടെന്നും എത്രയും വേഗത്തിൽ അവളെ രക്ഷിക്കണമെന്നുമായിരുന്നു ആ ഫോൺ സന്ദേശം. ഉടൻതന്നെ പൊലീസ് ഉദ്യോഗസ്ഥർ ആർട്ട് ഗാലറിയ്ക്ക് മുൻപിൽ എത്തി. ലഭിച്ച ഫോൺ സന്ദേശം ശരി വെക്കുന്ന തരത്തിലായിരുന്നു ഗാലറിക്കുള്ളിലെ കാഴ്ച. ജനാലയോട് ചേർന്ന് ഒരു യുവതി ബോധരഹിതയായി തല മുൻവശത്ത് ഇരിക്കുന്ന മേശയിലേക്ക് കുമ്പിട്ട നിലയിൽ ഗാലറിക്കുള്ളിൽ അകപ്പെട്ടു കിടക്കുന്നത് ഉദ്യോഗസ്ഥർ കണ്ടു.
വാതിൽ പുറത്തുനിന്ന് തുറക്കാൻ ശ്രമിച്ചെങ്കിലും പൊലീസുകാർക്ക് സാധിച്ചില്ല. കാരണം അത് അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പിന്നെ അമാന്തിച്ചില്ല പൊലീസ് ഉദ്യോഗസ്ഥർ ഗാലറിയുടെ വാതിൽ ചവിട്ടി തകർത്തു. അകത്തു കയറിയ പൊലീസ് ഉദ്യോഗസ്ഥർ ബോധരഹിതയായി കിടക്കുന്ന യുവതിയെ കണ്ടതും ഞെട്ടി. കാരണം അതൊരു ആർട്ട് ഇൻസ്റ്റാളേഷനായിരുന്നു. ക്രിസ്റ്റീന എന്ന് വിളിപ്പേരുള്ള ആ ഇൻസ്റ്റലേഷൻ പാക്കിംഗ് ടേപ്പും ഫോം ഫില്ലറും ഉപയോഗിച്ചാണ് നിർമ്മിച്ചിരുന്നത്.
ഗാലറിയിലെ ജീവനക്കാരി ചായ കുടിക്കാൻ പോയതിനാലാണ് ഗാലറി പൂട്ടിയിട്ടിരുന്നത്. ബഹളം കേട്ട് ജീവനക്കാരിയായ ഹന്ന എത്തിയപ്പോൾ ക്രിസ്റ്റീനയ്ക്ക് അരികിൽ അമ്പരന്നു നിൽക്കുന്ന പൊലീസുകാരെയാണ് കണ്ടത്.
അമേരിക്കൻ കലാകാരൻ മാർക്ക് ജെങ്കിൻസിന്റെതാണ് ഈ റിയലിസ്റ്റിക് ശിൽപം. ഇതാദ്യമല്ല ഈ ശില്പം ഇത്തരത്തിൽ ആളുകളെ പറ്റിക്കുന്നത്. മുമ്പൊരിക്കൽ ഗാലറിക്കുള്ളിൽ യുവതി കുടുങ്ങിക്കിടക്കുന്നു എത്രയും വേഗം മെഡിക്കൽ സഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആളുകൾ പാരാമെഡിക്കലുകളെ വിളിച്ചുവരുത്തിയിരുന്നു. എന്തായാലും ജീവൻ തുടിക്കുന്ന ആ ശില്പം കണ്ട് അതിൻറെ സൃഷ്ടാവായ മാർക്കിനെ അഭിനന്ദിച്ചതിനുശേഷമാണ് ഒടുവിൽ പൊലീസുകാർ മടങ്ങിയത്.